തീര്‍ഥാടകര്‍ ഇനി പ്രവാചക നഗരിയിലേക്ക്: ഹജ്ജിന് പരിസമാപ്തി
മക്ക: അവസാനത്തെ ജംറയിലെ കല്ലേറും പൂര്‍ത്തിയാക്കി ഈ വര്‍ഷത്തെ ഹജ്ജിനു ഇന്ന് പരിസമാപ്തിയാകും. പ്രധാന കര്‍മങ്ങള്‍ കഴിഞ്ഞതോടെ ഞായറാഴ്ചയിലെ കല്ലേറ് പൂര്‍ത്തിയാക്കി പകുതിയോളം ഹാജിമാര്‍ മിനായില്‍നിന്നു വൈകിട്ടോടെ പുറപ്പെട്ടു. അവശേഷിക്കുന്നവര്‍ ഇന്നത്തെ കല്ലേറ് കര്‍മങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചു മിനാ താഴ്‌വാരം വിടും.
ഹജ്ജ് കര്‍മങ്ങള്‍ക്ക് വിരാമമായതോടെ തീര്‍ഥാടകര്‍ വിടവാങ്ങല്‍ ത്വവാഫും പൂര്‍ത്തിയാക്കി മദീനയിലേക്ക് പ്രയാണം തുടങ്ങി. ജംറകളിലെ കല്ലേറ് കര്‍മം അവസാനിപ്പിച്ച് ആഭ്യന്തര തീര്‍ഥാടകര്‍ ഉള്‍പ്പെടെ പകുതിയോളം ഹാജിമാര്‍ ഇന്നലെ തന്നെ മിനായോട് യാത്ര പറഞ്ഞിരുന്നു.
ഇന്ത്യയില്‍നിന്നു ഹജ്ജിനെത്തിയവരില്‍ ഹജ്ജിനു മുന്നോടിയായി മദീന സന്ദര്‍ശിച്ചവര്‍ മക്കയില്‍നിന്നു ജിദ്ദയിലെത്തി നാട്ടിലേക്ക് യാത്ര തിരിക്കും. അതേസമയം, നേരത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കാത്തവര്‍ പ്രവാചക നഗരിയിലേക്ക് പുറപ്പെടും. സന്ദര്‍ശന ശേഷം ഇവര്‍ക്ക് ഇവിടെനിന്നായിരിക്കും മടക്കയാത്ര. ഹജ്ജ് കഴിഞ്ഞതോടെ തീര്‍ഥാടകരെ ജിദ്ദ വിമാനത്താവളത്തിലേക്കും മദീന സന്ദര്‍ശനത്തിനും അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സ്വീകരിച്ചിട്ടുണ്ടണ്ട്.
തീര്‍ഥാടക ലക്ഷങ്ങള്‍ എത്തുന്നത്തോടെ പ്രവാചക നഗരിയായ മദീന അക്ഷരാര്‍ഥത്തില്‍ വീര്‍പ്പു മുട്ടും. മദീനയിലെത്തുന്ന തീര്‍ഥാടകര്‍ ആദ്യം റൗദാ ശരീഫ് സന്ദര്‍ശിക്കും. പിന്നീട് ചരിത്ര സ്മാരകങ്ങളില്‍ കൂടി സന്ദര്‍ശനം നടത്തും. തീര്‍ഥാടകര്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും മസ്ജിദുന്നബവി അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ തീര്‍ഥാടകരില്‍ ഹജ്ജിന് മുന്‍പ് 60,000 ഓളം ഹാജിമാര്‍ മദീന സന്ദര്‍ശനം പൂര്‍ത്തീകരിച്ചു.
ബാക്കിയുള്ളവരാണ് ഇനി മദീന സന്ദര്‍ശനം പൂര്‍ത്തീകരിക്കാനുള്ളത്. മക്കയില്‍നിന്ന് ഹാജിമാരെ മദീനയിലെത്തിക്കാന്‍ ഇന്ത്യന്‍ മിഷന്‍ പുത്തന്‍ ബസുകള്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."