അക്വാ പോണിക്‌സില്‍ വിജയം കൊയ്ത് കാട്ടിക്കരകുന്ന് ആന്റണി
മാള: ശുദ്ധജല മത്സ്യ കൃഷിയും ജൈവ പച്ചക്കറി കൃഷിയും സമന്വയിപ്പിക്കുന്ന അക്വാ പോണിക്‌സില്‍ വിജയം കൊയ്ത് കാട്ടിക്കരകുന്ന് ആന്റണി. മാള ഗ്രാമപഞ്ചായത്തിലെ കാട്ടിക്കരകുന്നില്‍ പൊതുപ്പുംകര വീട്ടില്‍ തോമസിന്റെ മകനായ ആന്റണി ഒരു സെന്റ് ഭൂമിയില്‍ മത്സ്യ കൃഷിയും രണ്ട് സെന്റ് ഭൂമിയില്‍ പച്ചക്കറി കൃഷിയും നടത്തിയാണ് വിജയം കൈവരിച്ചത്. എട്ട് മീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ആഴവുമുള്ള പോണ്‍ലൈനര്‍ ഫിഷ് ടാങ്കില്‍ 4000 ഗിഫ്റ്റ് തിലാപ്പി മത്സ്യങ്ങളെയാണ് വളര്‍ത്തുന്നത്. മലമ്പുഴയിലെ ദേശീയ മത്സ്യ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ നിന്നാണ് മത്സ്യ കുഞ്ഞുങ്ങളെ വാങ്ങിയത്. ആറ് മാസംകൊണ്ട് അരകിലോയിലേറെ തൂക്കം വെക്കുന്ന ഈ മീനുകള്‍ക്ക് കിലോഗ്രാമിന് ഇരുനൂറ് രൂപയിലേറെ വില ലഭിക്കും. ജീവനുള്ള വിഷമുക്തമായ മത്സ്യം വാങ്ങാന്‍ നിരവധി ആളുകള്‍ ആന്റണിയെ തേടിയെത്തുന്നുണ്ട്.
ശുദ്ധജല മത്സ്യ കൃഷിക്ക് അനുബന്ധമായി നടത്തുന്ന പച്ചക്കറി കൃഷി ഫിഷ് ടാങ്കിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് നടത്തുന്നത്. ഒരടി ആഴവും രണ്ടടി വീതിയുമുള്ള തടങ്ങളില്‍ പോണ്‍ലൈനര്‍ ഷീറ്റുകള്‍ വിരിച്ച ശേഷം അതില്‍ പത്തിഞ്ച് കനത്തില്‍ മണല്‍ വിരിച്ചിട്ടാണ് തൈകള്‍ നടുന്നതിനുള്ള ഗ്രോബഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. 140 വാട്ട്‌സിന്റെ മോട്ടോര്‍ ഉപയോഗിച്ച് ഫിഷ് ടാങ്കിലെ വെള്ളം ഒരു മണിക്കൂര്‍ ഇടവിട്ട് റീസൈക്‌ളിങ് ചെയ്യണം.
വെള്ളത്തിലുള്ള മീനിന്റെ വിസര്‍ജ്യവും അവശിഷ്ട ഭക്ഷണ പദാര്‍ത്ഥങ്ങളും കൂടിചേര്‍ന്നുണ്ടാകുന്ന അമോണിയ കലര്‍ന്ന വെള്ളമാണ് ഒരു മണിക്കൂര്‍ ഇടവിട്ട് കൃഷിയിടത്തിലേക്ക് പമ്പുചെയ്യുന്നത്. വെള്ളത്തിലെ അമോണിയ ബാക്ടീരിയകളുടെ പ്രവര്‍ത്തന ഫലമായി കൃഷിക്കാവശ്യമായ വളമായി മാറുന്നു.
ഗ്രോബഡുകളില്‍ എത്തുന്ന വെള്ളം സാവധാനം മണലിലൂടെ ഫിഷ് ടാങ്കിലേക്ക് തന്നെ തിരികെയെത്തും. ഗ്രോബഡിലൂടെ അരിച്ചിറങ്ങുമ്പോള്‍ വെള്ളത്തിലെ മാലിന്യം നീക്കം ചെയ്യപ്പെട്ടിരിക്കും. മാലിന്യം കൃഷിക്ക് വളമായി മാറുന്നതിനാല്‍ വേറെ വളം നല്‍കേണ്ടി വരുന്നില്ല.
മാത്രമല്ല അക്വപോണിക്‌സ് കൃഷിക്ക് രാസവളമോ ജൈവ വളമോ കീടനാശിനികളോ ഉപയോഗിക്കാന്‍ പാടില്ല. കാരണം ഇതിന്റെ അംശങ്ങള്‍ ഫിഷ് ടാങ്കിലേക്ക് എത്തിയാല്‍ മത്സ്യ കൃഷി നശിക്കാനിടയാകും . ഇവിടെ കൃഷി ചെയ്യുന്ന രാമച്ചം, കുക്കുമ്പര്‍, വാഴ , വെണ്ട , പുതിന തീര്‍ത്തും വിഷമുക്തമായതിനാല്‍ ഉയര്‍ന്ന വില നല്‍കാന്‍ ആവശ്യക്കാര്‍ തയ്യാറാണ്. രണ്ട് സെന്റ് ഭൂമിയില്‍ വരെ നടത്താന്‍ കഴിയുന്ന അക്വാ പോണിക്‌സ് വ്യാപകമാക്കുകയാണെങ്കില്‍ വിഷലിപ്തമായ പച്ചക്കറി , മീന്‍ എന്നിവയുടെ ഉപയോഗം ഒഴിവാക്കാന്‍ കഴിയുമെന്നാണ് ആന്റണിയുടെ അഭിപ്രായം.
അത് വഴി വ്യാപകമാകുന്ന ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് തടയിടാനും കഴിയും. മത്സ്യവും പച്ചക്കറി വിപണനത്തിലൂടെ നല്ല ലാഭം നേടാന്‍ കഴിയുന്ന നൂതന കൃഷി രീതിയായ അക്വാ പോണിക്‌സില്‍ കൂടുതല്‍ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്ന ആന്റണിക്ക് മികച്ച സമ്മിശ്ര കര്‍ഷകനുള്ള 2016 കൈരളി ടി.വിയുടെ അവാര്‍ഡും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."