ക്ലാസിലെത്തിയില്ല; മധ്യപ്രദേശില്‍ വിദ്യാര്‍ഥികളെ കരിപുരട്ടി തെരുവിലൂടെ നടത്തിച്ചു
ഭോപ്പാല്‍: ക്ലാസില്‍ പങ്കെടുക്കാത്തതിന് വിദ്യാര്‍ഥികള്‍ക്കെതിരേ ടീച്ചറുടെ ക്രൂരമായ ശിക്ഷ. ആറാം ക്ലാസ് വിദ്യാര്‍ഥികളുടെ മുഖത്ത് കരിപുരട്ടി തെരുവിലൂടെ നടത്തിച്ചു. മധ്യപ്രദേശിലെ സിങ്കുലാരി ജില്ലയിലെ ഒബാരി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.
സെപ്റ്റംബര്‍ ആറിന് നടന്ന സഭവം പുറംലോകം അറിയുന്നത് തിങ്കളാഴ്ചയാണ്. ഇരകളായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം അധ്യപാകനെതിരേ അന്വേഷണം പ്രഖ്യാപിച്ചു.
എന്നാല്‍ കുട്ടികളെ ഉപദ്രവിച്ചതിനെതിരേ സ്‌കൂള്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
അധ്യാപകനെതിരെയും സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെയും പരാതി നല്‍കിയെങ്കിലും ആവശ്യമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ഇരയായ ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
മുഖത്ത് കല്‍ക്കരിയുടെ കരിപുരട്ടി വിദ്യാര്‍ഥികളില്‍ ഒരാളായ രാംദര്‍ശ് പ്രജാപതി എന്ന വിദ്യാര്‍ഥിയെ അധ്യാപകന്‍ ശിക്ഷിച്ചതിന് ശേഷം രണ്ടു ദിവസത്തോളം സ്‌കൂളില്‍ വരാന്‍ സാധിച്ചില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
ക്ലാസില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ വിളിപ്പിച്ച അധ്യാപകന്‍ അവരുടെ മീശയിലും താടിയിലും കല്‍ക്കരി പുരട്ടുകയായിരുന്നു.
ഇവര്‍ മുതിര്‍ന്ന കൗമാരക്കാരായെന്നും അതിനാല്‍ ഇവര്‍ക്ക് ആരെയും അനുസരിക്കേണ്ടെന്നും മറ്റു കുട്ടികളോടായി അധ്യാപകന്‍ പരിഹസിച്ചു പറഞ്ഞു. തുടര്‍ന്ന് മുഖം മുഴുവനായി കരിപുരട്ടി.
ഇവരെ ഗ്രാമത്തിലെ റോഡിലൂടെ നടത്തിച്ചുവെന്ന് ഒരു വിദ്യാര്‍ഥിയുടെ പിതാവ് പറഞ്ഞു. വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തുന്നത് വരെ അധ്യാപകന്‍ ഇവരെ ചീത്തപറഞ്ഞുകൊണ്ടിരുന്നതായി അവര്‍ പറഞ്ഞു.
അധ്യാപകനെതിരെയും സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചതായി ജില്ലാ കലക്ടര്‍ അനുരാഗ് ചൗധരി പറഞ്ഞു.
തികച്ചും ഗുരതരമായ വീഴ്ചയാണ് ഇവിടെയുണ്ടായിരിക്കുന്നത്. മര്യാദയുടെ പേരില്‍ വിദ്യാര്‍ഥികളെ പരസ്യമായി അപമാനിച്ചത് ഒരിക്കലും ന്യായീകരിക്കാനാവില്ല.
ആവശ്യമാണെങ്കില്‍ അധ്യാപകനെതിരേ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."