കനത്ത മഴ; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 123 അടിയായി ഉയര്‍ന്നു
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ചതിനെ തുടര്‍ന്ന് ജലനിരപ്പ് 123 അടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ജലനിരപ്പ് 115 അടിയായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 8 അടി വെള്ളത്തിന്റെ കൂടുതലാണ് ഇപ്പോള്‍ ഉള്ളത്.
തെക്കന്‍ തമിഴ്‌നാട്ടില്‍ പെയ്യുന്ന മഴ മുല്ലപ്പെരിയാര്‍ വൃഷ്ടിപ്രദേശങ്ങളില്‍ നല്ല നിലയില്‍ ലഭിക്കുന്നുണ്ട്. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 1364 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് 218 ഘടയടി വീതം കൊണ്ടുപോകുന്നുണ്ട്. തേക്കടിയില്‍ ഇന്നലെ 3 മില്ലീമീറ്റര്‍ മഴ ലഭിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ അണക്കെട്ടില്‍ കൂടുതല്‍ വെള്ളമുണ്ട്. 2015 സെപ്തംബര്‍ 13 ന് അണക്കെട്ടില്‍ 117.20 അടി വെള്ളമാണുണ്ടായിരുന്നത്. അന്ന് തമിഴ്‌നാട് കൊണ്ടുപോയിരുന്നത് 704 ഘനയടി വെള്ളമായിരുന്നു. ഒഴുകിയെത്തിയിരുന്നത് 495 ഘനയടിയും.
അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടും തേക്കടിയിലേക്കുള്ള സ്വകാര്യ വാഹനങ്ങള്‍ പ്രവേശിക്കുന്നത് വനംവകുപ്പ് ഇപ്പോഴും തടഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ തേക്കടിയിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം തടയാന്‍ വനംവകുപ്പ് പറഞ്ഞ കാരണം ജലനിരപ്പ് കുറഞ്ഞതായിരുന്നു.
ജലനിരപ്പ് കുറഞ്ഞതിനാല്‍ വന്യജീവികള്‍ വെള്ളം കുടിക്കാന്‍ റോഡ് മുറിച്ചുകടക്കുമെന്നും വാഹനങ്ങള്‍ തട്ടി അപകടമുണ്ടാകുമെന്നുമായിരുന്നു ഉദ്യോഗസ്ഥ വാദം.
വനംവകുപ്പ് പരിഷ്‌കാരത്തോടെ തേക്കടിയുടെയും കുമളിയുടേയും സാമ്പത്തിക മേഖലയില്‍ കനത്ത തിരിച്ചടിയാണുണ്ടായിട്ടുള്ളത്.
നിരവധി സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകുകയും നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. പ്രതിസന്ധി രൂക്ഷമായിട്ടും ജനവിരുദ്ധമായ നടപടി പിന്‍വലിക്കാന്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ നാട്ടുകാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."