കുതിക്കാം മുന്നോട്ട്
അളവറ്റ ആഹ്ലാദത്തോടെ, അകം നിറഞ്ഞ അഭിമാനത്തോടെ സുപ്രഭാതം നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. അല്‍ഹംദുലില്ലാഹ്. ഈ മഹാവിജയത്തില്‍ നമുക്ക് സര്‍വലോകനാഥനായ അല്ലാഹുവിനെ സ്മരിക്കാം. സമസ്തക്ക് കീഴില്‍ ഒരു പത്രം തുടങ്ങണമെന്നത് വര്‍ഷങ്ങളായി നിലനിന്ന ആവശ്യമായിരുന്നു. പ്രവര്‍ത്തകരില്‍നിന്ന് പ്രത്യേകിച്ച് യുവാക്കളില്‍ നിന്ന് ഉയര്‍ന്നുവന്ന ശക്തമായ ഒരാവശ്യം. നേതാക്കള്‍ അതേക്കുറിച്ച് ചര്‍ച്ച നടത്തി, പഠനം നടത്തി.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആലോചനകള്‍ക്കൊടുവിലാണ് സമസ്ത മുശാവറയുടെ അംഗീകാരത്തോടെ 'സുപ്രഭാതം' തുടങ്ങാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. 2013 നവംബര്‍ ഒന്നിന് ബഹുമാനപ്പെട്ട ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ കോഴിക്കോട് ചേര്‍ന്ന പൗരമുഖ്യരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും യോഗത്തിലാണ് 2014 സെപ്റ്റംബര്‍ ഒന്നിന് പത്രം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചത്.
ഇഖ്‌റഅ് പബ്ലിക്കേഷന്‍സിന്റെ ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു. ആറ് എഡിഷനുകളോടെ സുപ്രഭാതം തുടങ്ങാനായി. ലക്ഷക്കണക്കിന് വരിക്കാരെ നേടാനായി. ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ സാരഥികളും പ്രവര്‍ത്തകരും സുപ്രഭാതം പ്രചാരണ ദൗത്യം ഏറ്റെടുത്തു. അവര്‍ വീടുകള്‍ കയറിയിറങ്ങി വരിക്കാരെ ചേര്‍ത്തു. ഹൃദ്യമായ സ്വീകാര്യതയാണ് നമ്മുടെ പത്രത്തിന് ലഭിച്ചത്. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.
അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിന് സമര്‍പ്പിച്ച പത്രത്തിന് മൂന്നുവയസ്സ്. നാലാം വര്‍ഷത്തേക്ക് കടക്കുമ്പോള്‍, മൂന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ എനിക്കൊരു ദുഃഖം മാത്രം. ഈ പത്രത്തിന്റെ ശില്‍പി എന്ന് വിളിക്കാവുന്ന ഇതിന്റെ സ്ഥാപക ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഇന്ന് നമ്മോടൊപ്പമില്ല. സര്‍വശക്തനായ നാഥന്‍ അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.
പത്രം കൂടുതല്‍ കരുത്തോടെ മുന്‍പോട്ട് കൊണ്ടുപോകണം. അതിന് വേണ്ടതെല്ലാം നമുക്ക് ഒരു മനസ്സോടെ ചെയ്യണം. ഈ മഹാവിജയത്തിന് അധ്വാനിച്ച സംഘടനാ പ്രവര്‍ത്തകരെ അഭിനന്ദിക്കട്ടെ. പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സുപ്രഭാതത്തിലെ ജീവനക്കാര്‍ കാണിച്ച അര്‍പ്പണബോധം ചെറുതല്ല. ഒരു പുതിയ പത്രമെന്ന തോന്നലുണ്ടാക്കാതെ പക്വതയുള്ള ഒരു പത്രമായി സുപ്രഭാതം മാറിയതിന്റെ ക്രെഡിറ്റ് അവര്‍ക്കുമാത്രം അവകാശപ്പെട്ടതാണ്. ഗള്‍ഫ് എഡിഷനുകള്‍ ഏറെവൈകാതെ നമുക്ക് തുടങ്ങണം. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് നമുക്ക് കുതിക്കണം. നാഥന്‍ അനുഗ്രഹിക്കട്ടെ.
സ്‌നേഹപൂര്‍വം,
സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
(ചെയര്‍മാന്‍, സുപ്രഭാതം)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."