ട്രൈബല്‍ ഹോസ്റ്റലിലെ അന്‍പതിലേറെ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ
കൂത്തുപറമ്പ്: കോളയാട് ട്രൈബല്‍ പ്രീ മെട്രിക് ഹോസ്റ്റലിലെ അന്‍പതിലേറെ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇന്നലെ രാവിലെ ഹോസ്റ്റലില്‍ ഉണ്ടാക്കിയ ഉപ്പുമാവിലൂടെയാണ് ഭക്ഷ്യവിഷബാധയേറ്റതെന്നു കരുതുന്നു.
വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 39 കുട്ടികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 23 പേര്‍ക്ക് പ്രത്യേക വാര്‍ഡ് ഒരുക്കിയിട്ടുണ്ട്. വിഷബാധയേറ്റവരില്‍ രണ്ടുപേര്‍ കോളയാട് സെന്റ് സേവ്യേഴ്സ് യു.പി സ്കൂളിലെയും ബാക്കിയുള്ളവര്‍ കോളയാട് സെന്റ് കോര്‍ണേലിയൂസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേയും വിദ്യാര്‍ഥികളാണ്.
തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. അനീഷ് താലൂക്ക് ആശുപത്രിയില്‍ എത്തി കുട്ടികളെ പരിശോധിച്ചു. പീഡിയാട്രീഷ്യന്‍ ഡോ. രേഖയും കുട്ടികളെ പരിശോധിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഡി.എം.ഒ യുടെ നേതൃത്വത്തിലുളള സംഘം ആശുപത്രിയും ഹോസ്റ്റലും സന്ദര്‍ശിച്ചു. ഭക്ഷ്യസുരക്ഷാവിഭാഗം ഹോസ്റ്റലില്‍ എത്തി ഭക്ഷണത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കുറിച്യ മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ കോളയാട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."