മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചു; സീപ്പേജ് വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തിയില്ല
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉപസമിതി സന്ദര്‍ശിച്ചു. അണക്കെട്ടില്‍ നിന്നുള്ള സീപ്പേജ് വെള്ളത്തിന്റെ അളവ് ഇക്കുറി രേഖപ്പെടുത്തിയില്ല. ഗാലറിക്കുള്ളിലെ വി നോച്ചില്‍ നിന്നാണ് സീപ്പേജ് വെള്ളത്തിന്റെ അളവ് ശേഖരിക്കുന്നത്. എന്നാല്‍ ഇത്തവണ സീപ്പേജ് വെള്ളം ഗാലറിയില്‍ സ്ഥാപിച്ചിട്ടുള്ള മര്‍ദമാപിനികളിലേക്ക് തുറന്നു വിടുകയാണ് തമിഴ്‌നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ചെയ്തത്. കേരളം ആവശ്യപ്പെടാതെയായിരുന്നു തമിഴ്‌നാടിന്റെ ഈ നടപടി. അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള വിവിധ മര്‍ദമാപിനികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കഴിഞ്ഞ മാസം ചേര്‍ന്ന സുപ്രിം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയിലും കേരളം പരാതിപ്പെട്ടിരുന്നു. ആറുമാസത്തിനുള്ളില്‍ ഇവ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് മേല്‍നോട്ട സമിതി തമിഴ്‌നാടിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ മര്‍ദമാപിനികള്‍ പ്രവര്‍ത്തന ക്ഷമമാണെന്ന് വരുത്തി തീര്‍ക്കുന്നതിനാണ് തമിഴ്‌നാട് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്.
വി നോച്ചില്‍ നിന്നും ഇത്തവണ സീപ്പേജ് വെള്ളത്തിന്റെ അളവ് ശേഖരിച്ചിരുന്നെങ്കില്‍ മുല്ലപ്പെരിയാറിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അളവാകും ലഭിക്കുക. ഇത് തമിഴ്‌നാടിന് അനുകൂലമായി മാറാനുള്ള സാധ്യതയുണ്ട്. തമിഴ്‌നാടിന്റെ കുതന്ത്രം മനസിലാക്കിയ സംസ്ഥാന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തവണ സീപ്പേജിന്റെ അളവ് ശേഖരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ഇന്നലെ രാവിലെയാണ് ഹരീഷ് ഗിരീഷ് ഉമ്പര്‍ജി ചെയര്‍മാനും സംസ്ഥാന ജലവിഭവ വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ഡാനിയേല്‍, എന്‍ എസ് പ്രസീദ്, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സബ് ഡിവിഷണല്‍ എന്‍ജിനീയര്‍ സാം ഇര്‍വ്വിന്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മാധവന്‍ എന്നിവര്‍ അംഗങ്ങളായുള്ള ഉപസമിതി പരിശോധനക്കായി അണക്കെട്ടില്‍ എത്തിയത്. പ്രധാന അണക്കെട്ടിലും സ്പില്‍വേയിലും ഗാലറികളിലും പരിശോധന നടത്തി.
സ്പില്‍വേയ്ക്ക് സമീപത്ത് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് കേരളത്തിന്റെ അനുമതി ആവശ്യപ്പെട്ട് എസ്റ്റിമേറ്റ് ഉള്‍പ്പെടെയുള്ള കത്ത് തമിഴ്‌നാട് ഉപസമിതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പണികള്‍ക്ക് ആവശ്യമുള്ള നിര്‍മാണ സാമഗ്രികളുടെ പതിന്‍മടങ്ങ് കണക്കാണ് തമിഴ്‌നാട് നല്‍കിയ കത്തിലുള്ളത്. ഇതോടെ ഇതിന്‍മേല്‍ തീരുമാനം എടുക്കുന്നതിന് കത്ത് ഉപസമിതി ചെയര്‍മാന് കൈമാറി. ഈ കത്ത് അടുത്ത ദിവസം ഉപസമിതി ചെയര്‍മാന്‍ മേല്‍നോട്ട സമിതി ചെയര്‍മാന് കൈമാറും. മാത്രമല്ല പ്രധാന അണക്കെട്ടിന്റെ ഒരു ഭാഗത്ത് പാരപ്പെറ്റിന് ഉയരക്കുറവുള്ളതിനാല്‍ ഇവിടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് കേരളം തമിഴ്‌നാടിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ഈ പണികള്‍ നടത്തുന്നതിന് തമിഴ്‌നാട് തയാറായിട്ടില്ല. ആഴ്ചയില്‍ ഒരിക്കല്‍ സമിതി അണക്കെട്ടില്‍ സന്ദര്‍ശനം നടത്തണമെന്ന് കഴിഞ്ഞ യോഗത്തില്‍ മേല്‍നോട്ട സമിതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാടിന്റെ നിസഹകരണം മൂലം സന്ദര്‍ശനം മുടങ്ങുകയായിരുന്നു. ഈ മാസം 26 ന് വീണ്ടും അണക്കെട്ടില്‍ പരിശോധന നടത്താന്‍ ഉപസമിതി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."