യു.ഡി.എഫ് വിട്ടവര്‍ പതുക്കെ വന്നാല്‍ മതി; മാണിയുടെ സമദൂരത്തില്‍ അക്ഷരത്തെറ്റെന്ന് കെ.മുരളീധരന്‍
കോഴിക്കോട്: യു.ഡി.എഫ് വിട്ടു പുറത്തുപോയവര്‍ പതുക്കെ വന്നാല്‍ മതിയെന്നും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സമദൂര നിലപാടില്‍ സംശയമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കോഴിക്കോട്ട് ക്വിറ്റ്ഇന്ത്യ, കെ.കരുണാകരന്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിനോടും എല്‍.ഡി.എഫിനോടും സമദൂരമെന്നത് അംഗീകരിക്കാം. എന്നാല്‍ നരേന്ദ്രമോദിയുടെ പാര്‍ട്ടിയോടും സമദൂര നിലപാടാണെന്ന മാണിയുടെ പ്രസ്താവനയില്‍ ' സ്‌പെല്ലിങ് മിസ്റ്റേക് ' ഉണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. മുന്നണി വിട്ടുപോയവര്‍ ഇനി വരികയോ വരാതിരിക്കുകയോ ചെയ്യട്ടെയെന്നും യു.ഡി.എഫില്‍ നിന്ന് പുറത്തുപോയവരുടെ ഗതി എന്താവുമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. പോയവര്‍ പോട്ടെ. ഇനി ആരും പോവാനില്ല. മുന്നണി വിടാന്‍ മാണി നേരത്തെ തീരമാനിച്ചതാണ്. കാരണം കണ്ടുപിടിക്കാനായാണു ചരല്‍ക്കുന്നില്‍ യോഗം ചേര്‍ന്നത്. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗം പണമിറക്കിയെന്നാണ് അവരുടെ ആരോപണം.
ജയിപ്പിക്കാനുള്ള കാശില്ല. പിന്നെയാണ് തോല്‍പ്പിക്കാന്‍ കാശിറക്കിയെന്നു പറയുന്നത്. തെരഞ്ഞെടുപ്പിനായി ഹൈക്കമാന്‍ഡ് ആകെ 10 ലക്ഷം രൂപയാണ് കെ.പി.സി.സിക്ക് നല്‍കിയത്. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ആവശ്യത്തിനുള്ള ഫണ്ട് നല്‍കാന്‍ പോലും പാര്‍ട്ടിക്ക് കഴിയാത്ത സാഹചര്യത്തില്‍ ഒരു പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് എങ്ങനെ പണം ചെലവാക്കുമെന്നും അദ്ദേഹം ചോദിച്ചു.
വരുന്ന തെരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ ഇപ്പോഴത്തെ ഘടകകക്ഷികള്‍ തന്നെ യു.ഡി.എഫിനു ധാരാളമാണ്. എല്‍.ഡി.എഫില്‍ സി.പി എമ്മും സി.പി.ഐയും കഴിഞ്ഞാല്‍ പിന്നെ തൂണുകളില്ല. വെറും കുറ്റിച്ചെടികള്‍ മാത്രമാണ് ഇടതുമുന്നണിയില്‍ ബാക്കിയുള്ളത്. ഏതെങ്കിലും പാര്‍ട്ടി വിട്ടുപോയാല്‍ യു.ഡി.എഫ് തകരില്ലെന്ന് മനസിലായപ്പോഴുള്ള നിരാശയുടെ സ്വരമാണ് കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തില്‍ പ്രകടമായതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."