കലുങ്ക് നിര്‍മ്മാണം മൂലം റോഡ് തകര്‍ന്നു; നാട്ടുകാര്‍ സഞ്ചാരയോഗ്യമാക്കി
നെടുമ്പാശ്ശേരി: പൊതുമരാമത്ത് വിഭാഗത്തിന്റെ അശാസ്ത്രീയമായ കലുങ്ക് നിര്‍മ്മാണത്തെ തുടര്‍ന്ന് തകര്‍ന്ന റോഡ് നാട്ടുകാരുടെ നേതൃത്വത്തില്‍ അറ്റകുറ്റപണി നടത്തി സഞ്ചാരയോഗ്യമാക്കി.അത്താണി മാഞ്ഞാലി റോഡില്‍ ചുങ്കം കവലയിലാണ് കലുങ്ക് നിര്‍മ്മാണത്തെ തുടര്‍ന്ന് റോഡ് തകര്‍ന്നത്.
ഒരു വര്‍ഷം മുന്‍പാണ് ഈ ഭാഗത്ത് റോഡിലെ വെള്ളക്കെട്ട് നീക്കാനെന്ന പേരില്‍ കലുങ്ക് നിര്‍മ്മാണം നടത്തിയത്.റോഡിനു കുറുകെ കാനയുണ്ടാക്കി അതിനു മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിച്ചെങ്കിലും ശക്തമായ മഴയില്‍ ഒഴുകിയെത്തുന്ന വെള്ളം കാനയിലൂടെ പോകുന്നതിന് യാതൊരു സംവിധാനവും ചെയ്തിട്ടില്ല. ഇതേ തുടര്‍ന്ന് റോഡിനു കുറുകെ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകള്‍ക്ക് മുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു.പിന്നീട് സ്ലാബിനോട് ചേര്‍ന്ന ഭാഗത്ത് റോഡ് തകര്‍ന്നടിയുകയായിരുന്നു. അത്താണി മാഞ്ഞാലി റോഡിലെ ഏറ്റവും അപകട സാദ്ധ്യത കൂടിയ മേഖലയാണ് ചുങ്കം കവല.
ഈ ഭാഗത്തെ രണ്ട് കൊടുംവളവുകളോട് ചേര്‍ന്നായിരുന്നു റോഡ് തകര്‍ന്നിരുന്നത്. മാഞ്ഞാലി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കുഴി ഒഴിവാക്കി വലതു ഭാഗത്തേക്ക് മാറ്റിയെടുക്കുന്നത് വഴി അത്താണി ഭാഗത്ത് നിന്നും വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങളും തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകട സാദ്ധ്യത പലപ്പോഴും തലനാരിഴയ്ക്കാണ് ഒഴിവായത്.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.റോഡ് തകര്‍ന്ന് ഏറെ നാളുകളായിട്ടും ബന്ധപ്പെട്ട അധികാരികള്‍ തിരിഞ്ഞു നോക്കാതിരുന്നതിനെ തുടര്‍ന്ന് പൊതു നന്‍മ ലക്ഷൃം വച്ച് റോഡ് അറ്റകുറ്റപണി നടത്താന്‍ അവസാനം നാട്ടുകാര്‍ രംഗത്തിറങ്ങുകയായിരുന്നു.റോഡ് തകര്‍ന്ന് കുഴി രൂപപ്പെട്ട ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്താണ് സഞ്ചാരയോഗ്യമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."