മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്; രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ല
മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ രാത്രികാല സേവനം വേണ്ടവിധം ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മെഡിക്കല്‍ കോളജായി വിപുലപ്പെട്ട സാഹചര്യത്തിലും ജനറല്‍ ആശുപത്രിയായിരുന്ന സമയത്തെ തല്‍സ്ഥിതി തുടരുകയാണ്. ഗുരുതരമായ രോഗങ്ങളുമായി എത്തുന്നവരുടെ ചികിത്സയെ ഇതു ബാധിക്കുന്നുണ്ടെന്നു കാണിച്ച് മെഡിക്കല്‍ കോളജ് അധികൃതര്‍ ഡി.എം.ഇക്കു നിവേദനം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.
ജനറല്‍ ആശുപത്രിയായിരുന്ന സമയത്തേ അപേക്ഷിച്ച് വലിയതോതിലുള്ള തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.രാത്രിസമയങ്ങളില്‍ അത്യാഹിത വിഭാഗത്തിലേക്കു എത്തുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സ നല്‍കാന്‍ സീനിയര്‍ ഡോക്ടര്‍മാരില്ലാതാവുകയാണ്. ഇതുകാരണം രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്കു റഫര്‍ ചെയ്യപ്പെടുന്നു. ജില്ലയുടെ പല ഭാഗത്തു നിന്നും അപകടങ്ങള്‍ക്കും മറ്റും ചികിത്സതേടി ഏറെപേരെത്തുന്നതും മഞ്ചേരി മെഡിക്കല്‍ കോളജിലേക്കാണ്. ഡോക്ടര്‍മാരുടെ കുറവു പരിഹരിക്കപ്പെട്ടിട്ടും സര്‍ജറി ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ മറ്റു ഡോകര്‍മാരുടെ സേവനവും കൃത്യമായി രോഗികള്‍ക്കു ലഭിക്കുന്നില്ലെന്ന വിമര്‍ശനവുമുണ്ട്.
ജനറല്‍ ആശുപത്രിയായിരുന്ന സമയത്തെ സേവനം പോലും മെഡിക്കല്‍ കോളജായ ശേഷം നിലവില്‍ രോഗികള്‍ക്കു ലഭിക്കുന്നില്ല. ഡി.എം.ഇ യുടെ കീഴിലുള്ള ഡോക്ടര്‍മാരും ഹെല്‍ത്ത് സര്‍വിസിനു കീഴിലുള്ള ഡോക്ടര്‍മാരും തമ്മില്‍ ഏകോപനമില്ലായ്മയാണ് ചികിത്സാ രംഗത്ത പ്രതിസന്ധികള്‍ക്കു കാരണമെന്നാണറിയുന്നത്. ഒ.പികളിലെല്ലാം രോഗികളുടെ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. പനിക്കു മാത്രം ചികിത്സതേടി നൂറുകണക്കിനു രോഗികളാണ് ദിനംപ്രതി മഞ്ചേരിയിലെത്തുന്നത്. ചികിത്സാരംഗത്തെ ഇത്തരം പോരായ്മകള്‍ക്കെല്ലാം ഇരയാകേണ്ടിവരുന്നത് പാവപ്പെട്ട രോഗികളാണെന്നതാണ് ഇതിന്റെയെല്ലാം മറുവശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."