കൊടും ചൂട്: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ ജില്ലകളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത.
അതേസമയം പാലക്കാട് ഇന്ന് മാത്രമായി രേഖപ്പെടുത്തിയത് 37.4 ഡിഗ്രി താപനിലയാണ്. ഒരാഴ്ചക്കുള്ളില്‍ ജില്ലയില്‍ 40 ഡിഗ്രി ചൂട് കടന്നേക്കും. അന്തരീക്ഷ ഊഷ്മാവ് നിലവില്‍ 49 ഡിഗ്രിയിലാണുള്ളത്.
കോഴിക്കോട് ഒരു വിദ്യാര്‍ഥിക്ക് സുര്യാഘാതമേറ്റു. താമരശേരി സ്വദേശി മുസ്തഫയുടെ കഴുത്തിനാണ് പൊള്ളലേറ്റത്. കോളജിലേക്ക് പോകാന്‍ ബൈക്കില്‍ യാത്രചെയ്യുമ്പോഴായിരുന്നു സുര്യാഘാതമേറ്റത്. വിദ്യാര്‍ഥി താമരശേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടി.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും അറിയിപ്പുണ്ട്.
നിര്‍ദേശങ്ങള്‍
- പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
- പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക.
- മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക.
- പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക.
- പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
- അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുക, വൈദ്യസഹായം തേടുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."