ഗവ. മാനവേദന്‍ ജി.എച്ച്.എസ്.എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്
നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിലമ്പൂര്‍ ഗവ. മാനവേദന്‍ വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അത്യാധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലുളള സ്‌കൂളായി മാറുന്നു.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ജില്ലയിലെ പ്രധാനപ്പെട്ട സ്‌കൂളുകളില്‍ ഒന്നാണിത്. മാസ്റ്റര്‍ പ്ലാനിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമാകും.
നിലവില്‍ 51 ക്ലാസ് റൂമുകളിലായി 2700 കുട്ടികള്‍ പഠനം നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഏജന്‍സിയായ തിരുവനന്തപുരത്തെ കോസ്റ്റ്‌ഫോര്‍ഡ് ആണ് മാസ്റ്റര്‍ പ്ലാനും പ്രൊജക്ട് റിപ്പോര്‍ട്ടും തയാറാക്കിയത്. സ്റ്റേഡിയം ഉള്‍പ്പെടെ 36 കോടി 60 ലക്ഷത്തിന്റെ പ്രൊജക്ടാണ് തയാറാക്കിയിരിക്കുന്നത്. ഇതില്‍ 17.24 കോടി രൂപ കായിക വകുപ്പിന്റെ മിനിസ്റ്റേഡിയം കോംപ്ലക്‌സ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണനിര്‍വഹണ ഏജന്‍സി. അഞ്ചര ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തീകരിക്കുക.
400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോള്‍ ഗ്രൗണ്ട്, പരിശീലന നീന്തല്‍കുളം, മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ ട്രൈനിങ് സെന്റര്‍, ഗാലറി, അമിനിറ്റി സെന്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കായിക വകുപ്പിന്റെ പദ്ധതി. മൂന്ന് ഘട്ടങ്ങളായാണ് മികവിന്റെ കേന്ദ്രം പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ യു.പി സ്‌കൂള്‍, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കായി മൂന്ന് നിലകളിലായി 45 സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളോടെ പുതിയ ബ്ലോക്ക് നിര്‍മിക്കും.
ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടു വിഭാഗങ്ങളും എന്നിങ്ങനെ ക്രമീകരിക്കും. പൈതൃക കെട്ടിടങ്ങളായി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും, രണ്ടു കോടി രൂപ ചിലവില്‍ പുതിയ ഓഡിറ്റോറിയവും ഓപ്പണ്‍ എയര്‍ തിയറ്ററും നവീകരിക്കും.
ബയോഗ്യാസ് പ്ലാന്റ്, ഡ്രൈനേജ്, റൂഫ് ടോപ്പ് ഗാര്‍ഡന്‍, സോളാര്‍ പവര്‍ പാനല്‍, ലാന്റ്‌സ്‌കേപ്പ് തുടങ്ങി വിശദമായ മാസ്റ്റര്‍ പ്ലാനിനാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തിന് 8. 27 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. ഇതില്‍ അഞ്ചു കോടി രൂപ സര്‍ക്കാര്‍ നല്‍കും.
ഒരു കോടിരൂപ പി.വി അന്‍വര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. ശേഷിക്കുന്ന തുക ജനകീയമായി സ്വരൂപിക്കും. 1940ല്‍ സ്ഥാപിതമായ മാനവേദന്‍ സ്‌കൂളില്‍ നിലവില്‍ 15.48 ഏക്കറിലാണ് പ്രവര്‍ത്തിക്കുന്നത്. ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതോടൊപ്പം അക്കാദമിക് രംഗത്തും സ്‌കൂള്‍ മികവിന്റെ കേന്ദ്രമായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."