നിങ്ങളുടെ ടൂത്ത് ബ്രഷിന് എത്രവയസായി?
നിങ്ങള്‍ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നയാളാണോ. നിങ്ങളുടെ ടൂത്ത് ബ്രഷിന് ഇപ്പോള്‍ എത്രവയസായിട്ടുണ്ടാവും എന്നു ആലോചിച്ചിട്ടുണ്ടോ. എത്രകാലം മുന്‍പാണ് നിങ്ങള്‍ ബ്രഷ് മാറ്റിയത്.
മേല്‍പറഞ്ഞ ചോദ്യങ്ങള്‍ വളരെ ഗൗരവപൂര്‍വം ചിന്തിക്കേണ്ട വിഷയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വായയുടെ ആരോഗ്യം പല്ലിന്റെ ആരോഗ്യം എന്നിവ ഇന്നും പലരും അത്ര ഗൗരവത്തോടെ എടുത്തിട്ടില്ലെന്നതാണ് വാസ്തവം. ദന്താശുപത്രികള്‍ വര്‍ധിച്ചുവരുന്നതും അതുകൊണ്ടാണെന്നാണ് കരുതേണ്ടത്.
വായുടെ ആരോഗ്യത്തില്‍ ടൂത്ത് ബ്രഷിന് സുപ്രധാന പങ്കുവഹിക്കാനുണ്ട്. വൃത്തിയില്ലാത്ത ബ്രഷ് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വൃത്തിയോടെയും വെടിപ്പോടെയും പല്ലുതേക്കുന്ന ബ്രഷുകള്‍ സൂക്ഷിക്കേണ്ടതുണ്ട്.
ഒരു ബ്രഷ് ഒരാള്‍ ഒരു വര്‍ഷം വരെ ഉപയോഗിക്കുന്നു എന്നാണ് ഒരു പരിശോധനയില്‍ കണ്ടെത്തിയത്. അതായത് ഒരാള്‍ ഒരു ബ്രഷ് ആണ് ഒരു വര്‍ഷം വാങ്ങുന്നത്. ഇത് തെറ്റാണ്.
നിരന്തര ഉപയോഗം കൊണ്ട് ടൂത്ത് ബ്രഷുകളുടെ നാരുകള്‍ വളയുകയും ഉദ്ദേശിച്ച പ്രയോജനം ലഭിക്കാതെവരികയും ചെയ്യും. ദന്തനിരകളുടെ പിന്നറ്റം വരെ അത് എത്തുകയുമില്ല. ഇത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.
പല്ലുതേയ്ക്കുന്നതിന് എത്രസമയം
നിങ്ങള്‍ എത്രസമയം എടുത്താണ് പല്ലുതേയ്ക്കുന്നത് എന്നു ആലോചിച്ചിട്ടുണ്ടോ. ശരാശരി മൂന്നു മിനുട്ടുമുതല്‍ പത്തു മിനുട്ടുവരെയാണ് ഒരാള്‍ പല്ലുതേയ്ക്കാനെടുക്കുന്ന സമയം. അങ്ങനെ നോക്കുമ്പോള്‍ ഒരു ബ്രഷിന്റെ ആയുസ് ഒരു മാസം പോലുമില്ല. ബ്രഷുകള്‍ പെന്‍ഷനാകുന്നതിനുമുമ്പ് വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും പുതിയവ വാങ്ങി വയ്ക്കണം. മോശമായ ബ്രഷ് സൂക്ഷിച്ചുവയ്ക്കാതെ ഉപേക്ഷിക്കുക. ബ്രഷ് ഇല്ലാതെ വരുമ്പോഴേ വാങ്ങാന്‍ തയാറാകൂ.
ബ്രഷ് വാങ്ങുമ്പോള്‍
ബ്രഷ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമായവ ഇനി കൊടുക്കുന്നു. ഈ കാര്യങ്ങള്‍ മനസില്‍വച്ചുകൊണ്ട് വേണ്ടത്ര ബ്രഷുകള്‍ വാങ്ങിവയ്ക്കുക.
1. തല ചെറുത്: നിങ്ങള്‍ ചെറിയ തലയുള്ള ബ്രഷാണ് തെരഞ്ഞെടുക്കേണ്ടത്. വായ്ക്കുള്ളില്‍ എല്ലായിടത്തേക്കും ബ്രഷിനെ ചലിപ്പിക്കുവാന്‍ ഇതിലൂടെ സാധ്യമാകും.
2. നൈലോണ്‍: നൈലോണ്‍ നാരുകളുള്ള ബ്രഷ് തെരഞ്ഞെടുക്കുക. ഇത്തരം ബ്രഷുകള്‍ക്ക് വിലക്കുറവാണെങ്കിലും ഏറെ ഈടുനില്‍ക്കും. വേഗം ഉണങ്ങുകയും സാധാരണ ബ്രഷുകളുടെ നാരുകള്‍ പോലെ മൃദുവാകാതെ പുതുമ നിലനിര്‍ത്തും.
3. മൃദു വേണ്ട: ചില ബ്രഷുകളില്‍ സോഫ്റ്റ് എന്നെഴുതിയിരിക്കും. അതുകണ്ട് വാങ്ങാന്‍ നില്‍ക്കേണ്ട. ചെറിയ കുട്ടികള്‍ക്കോ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമോ ഉപയോഗിക്കാനുള്ളവയാണവ. പല്ലിനെ ആവരണം ചെയ്യുന്ന അഴുക്ക് നീക്കാന്‍ ശക്തമായ നാരുകളുള്ള ബ്രഷുകളാണ് ആവശ്യമുള്ളതെന്നു മറക്കാതിരിക്കുക.
4. വൃത്തിയുള്ള ചുറ്റുപാട്: ബ്രഷുകള്‍ ഉപയോഗിച്ചശേഷം വൃത്തിയുള്ള ചുറ്റുപാടില്‍ മാത്രമേ സൂക്ഷിക്കാവൂ. നനവ് തട്ടരുത്. വാഷ്‌ബേസിന്റെ പടിയില്‍ വയ്ക്കരുത്. മറ്റുള്ളവരുടെ ബ്രഷുകളോട് മുട്ടിയുരുമ്മിയിരിക്കുകയുമരുത്.
ടൂത്ത് പേസ്റ്റ്
ടൂത്ത് ബ്രഷിനെ കുറിച്ച് മനസിലായ സ്ഥിതിക്ക് ടൂത്ത് പേസ്റ്റിനെക്കുറിച്ചും ചിലത് മനസിലാക്കേണ്ടതുണ്ട്. ഫഌറൈഡ് ഉള്ള പേസ്റ്റ് നല്ലതാണ്. പല്ലിന് നാശമുണ്ടാകുന്നത് തടയാന്‍ ഫഌറൈഡ് ഉത്തമമാണ്. ചെറിയ കുട്ടികള്‍ക്ക് ആവുന്നത്ര നേരത്തേതന്നെ ബ്രഷ് ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുക. ഇതുവഴി പല്ലുകള്‍ ചീത്തയാകുന്നതിനെ പ്രതിരോധിക്കാനാവും. മുതിര്‍ന്നവരുടെ അണപ്പല്ലുകള്‍ക്ക് നടുവില്‍ നാശമുണ്ടാകുന്നു. അതുപോലെ പല്ലുകളുടെ വേരുകള്‍ നശിക്കുന്നുമുണ്ട്. ഇതിനെ നല്ല ബ്രഷും നല്ല പേസ്റ്റും ഉപയോഗിച്ച് ഫലപ്രദമായി നേരിടാം. പല്ലു തേച്ചുകഴിഞ്ഞാലുണ്ടാകുന്ന ഫ്രഷ്‌നെസ് ആണ് പേസ്റ്റിനു നല്‍കാന്‍ കഴിയുന്ന ഗുണങ്ങിലൊന്ന്.
മൗത്ത് വാഷ്
പല്ലു തേയ്ക്കുന്നതിനു പകരം ആന്റിസെപ്റ്റിക് മൗത്ത് വാഷുകള്‍ ഉപയോഗിക്കുന്നവര്‍ നമ്മുടെ നാട്ടിലും കൂടിവരുന്നുണ്ട്. പല്ലുതേയ്ക്കുന്നതിനു പകരമാകുന്നതല്ല ഇതെന്ന് അറിയുക. ഫ്രഷ്‌നെസ് പകരാന്‍ ഇവയ്ക്കാവുമെന്നതു നേരാണ്. എന്നാല്‍ പല്ലുകളില്‍ പറ്റിപ്പിടിക്കുന്ന ചെളിയിളക്കാനും വൃത്തിയാക്കാനും ഇവ പോരാ. അതേസമയം ക്ലോറെക്‌സ്ിഡിന്‍ ചേര്‍ന്ന മൗത്ത് വാഷുകള്‍ ഉപയോഗിച്ചാല്‍ ബാക്ടീരിയകളെ പ്രതിരോധിക്കാമെങ്കിലും പല്ലു വൃത്തിയാക്കാന്‍ ടൂത്ത് ബ്രഷും പേസ്റ്റും ഉപയോഗിക്കണം. ആഴ്ചയിലൊരിക്കല്‍ മൗത്ത് വാഷുകള്‍ ഉപയോഗിച്ച് വൃത്തിയാക്കാം. അപ്പോഴും പല്ലുതേയ്ക്കുന്നത് ഒഴിവാക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."