കോണ്‍ഗ്രസിനെതിരേ കടുത്ത വിമര്‍ശനം
അഹമ്മദാബാദ്: വികസനത്തെ പരിഹസിച്ചും ജാതി ചിന്തയുടെ വിഷം പടര്‍ത്തിയും തീര്‍ത്തും അസാധാരണമായ പ്രചാരണമാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ നടത്തുന്നതെന്ന വിമര്‍ശനവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് അദ്ദേഹം കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിയ്ക്കുമെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
ജി.എസ്.ടിയെക്കുറിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശത്തേയും അദ്ദേഹം പരിഹസിച്ചു. ജി.എസ്.ടി എന്നാല്‍ എന്താണെന്ന് പോലും കോണ്‍ഗ്രസ് ഉപാധ്യക്ഷന് അറിയില്ല.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ലക്ഷ്യംവച്ചിരുന്നത് നരേന്ദ്ര മോദിയെന്ന വ്യക്തിയെ മാത്രമായിരുന്നു. കേന്ദ്രത്തില്‍ അധികാരമുള്ളതുകൊണ്ട് 2007ലും 2012ലും സര്‍ക്കാരിന്റെ മുഴുവന്‍ മെഷിനറിയും കോണ്‍ഗ്രസ് ഗുജറാത്തില്‍ ഉപയോഗപ്പെടുത്തിയിരുന്നു.
സി.ബി.ഐയെ ദുരുപയോഗപ്പെടുത്തിയും ഭീകരതയുടെ പേരില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയുമായിരുന്നു കോണ്‍ഗ്രസ് പ്രചാരണം നടത്തിയിരുന്നത്.
എന്നാല്‍, ഇപ്പോഴത്തെ സ്ഥിതി തീര്‍ത്തും അസാധാരണമാണ്. വികസനത്തെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഇത് ഇന്ത്യയില്‍ മാത്രമല്ല ലോകത്തുതന്നെ ആദ്യത്തേതാണ്. ദാരിദ്ര്യത്തിനെതിരായ യുദ്ധമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ജാതിചിന്ത പടര്‍ത്തി കോണ്‍ഗ്രസ് വിഷം ചീറ്റുകയാണ്. ഇത് രാജ്യത്തിന്റെ വികസനത്തെയാണ് ബാധിക്കുക. ഹാര്‍ദ്ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ എന്നീ സമുദായ നേതാക്കളെ കൂട്ടുപിടിച്ചുള്ള കോണ്‍ഗ്രസിന്റെ നീക്കം ആപത്കരമാണ്. ഇത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുകയെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
പുതിയ ഹൈവേകളും സര്‍വകലാശാലകളും നിര്‍മിച്ചും വൈദ്യുതി വിതരണം കാര്യക്ഷമമാക്കിയും സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമത്തിന് വഴിവച്ചു.
2002ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യ അജന്‍ഡ വികസനമായിരുന്നുവെന്നും സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലകൂടി വഹിക്കുന്ന ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."