കത്തിപ്പടരാതെ പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: നിയമസഭയില്‍ ഇടതു സര്‍ക്കാരിന്റെ സോളാര്‍ ആക്രമണത്തെ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യം ആയുധമാക്കി നേരിടാനുള്ള പ്രതിപക്ഷ നീക്കം ഫലം കണ്ടില്ല. സോളാര്‍ കേസ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തുവച്ച ശേഷം മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവന ബഹളത്തില്‍ മുക്കാനുള്ള ശ്രമവും ഇതോടെ പാളി.
തോമസ് ചാണ്ടി വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നേരത്തെ നോട്ടിസ് നല്‍കിയിരുന്നെങ്കിലും സഭയുടെ പ്രത്യേക സമ്മേളനമായതിനാല്‍ അതു പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം ഉന്നയിച്ചു. അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ ആവശ്യമാണെന്നും അതു നിഷേധിച്ച സ്പീക്കര്‍ പ്രതിപക്ഷത്തെ അവഹേളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ വിചാരിച്ചാലും പൊതുസമൂഹത്തിനു മുന്നില്‍നിന്ന് തോമസ് ചാണ്ടിക്ക് രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ യു.ഡി.എഫ് അംഗങ്ങള്‍ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് ബഹളം തുടങ്ങി. ഈ സഭ വിളിച്ചുചേര്‍ത്തതിന്റെ ആവശ്യം നിര്‍വഹിക്കാന്‍ മുഖ്യമന്ത്രിയെ അനുവദിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ആദ്യം പ്രതിപക്ഷം അടങ്ങിയില്ല. കുറച്ചുനേരം ബഹളം തുടര്‍ന്നു. പിന്നീട് അവര്‍ ശാന്തരായി. തുടര്‍ന്ന് മുഖ്യമന്ത്രി കാര്യമായ തടസ്സമില്ലാതെ പ്രസ്താവന നടത്തി. പ്രസ്താവനയിലെവിടെയും മുഖ്യമന്ത്രി ആരോപണവിധേയരുടെ പേരു പരാമര്‍ശിച്ചില്ല.
എന്നാല്‍, അതു കഴിഞ്ഞപ്പോള്‍ ക്രമപ്രശ്‌നം ഉന്നയിച്ച ചെന്നിത്തല, 50 വര്‍ഷത്തിലേറെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് ആരോപിച്ചു. താന്‍ ആരുടെയും പേരു പറഞ്ഞില്ലെന്നും ഉമ്മന്‍ചാണ്ടിയുടെ പേര് ചെന്നിത്തലയാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."