അപൂര്‍വസൗഹൃദവുമായി ടൈഗറും സുന്ദരിയും
കോഴിക്കോട്: സൗഹൃദത്തിന് അതിരുകളില്ലെന്ന ശൈലി അന്വര്‍ഥമാക്കും വിധമാണ് 'ടൈഗര്‍' എന്ന നായയുടെയും 'സുന്ദരി' എന്ന പ്രാവിന്റെയും കൂട്ട്.
ഉള്ള്യേരി ഒള്ളൂരിലെ തിരിക്കോട്ട് മീത്തല്‍ ഉഷയുടെ വീട്ടിലാണ് ഏവരെയും അതിശയിപ്പിക്കുന്ന കാഴ്ച. കുറേ നാളുകള്‍ക്ക് മുന്‍പ് തെരുവില്‍ നിന്നെടുത്ത് വളര്‍ത്തിയ നാടന്‍ നായയാണ് ടൈഗര്‍. രണ്ട് ഇണപ്രാവുകളെ പണം നല്‍കി വാങ്ങിയതായിരുന്നു. പക്ഷെ അതിലൊരെണ്ണം നഷ്ടമായി. തനിച്ചായ പെണ്‍പ്രാവാണ് നായയുമായി ചങ്ങാത്തം തുടങ്ങിയത്.
ആദ്യം വീട്ടുകാരെ ഈ സൗഹൃദം വിസ്മയിപ്പിച്ചെങ്കിലും പിന്നീട് അത് പതിവായി. സാധാരണയായി മൃഗങ്ങളും പക്ഷികളും തമ്മിലുള്ള ചങ്ങാത്തം വളരെ വിരളമാണ്. എന്നാല്‍ ഇവിടെ നായയും പ്രാവും തമ്മിലുള്ള സ്‌നേഹം വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. ഒരുമിച്ച് ഒരേ പാത്രത്തില്‍ നിന്ന് ആഹാരം കഴിക്കുന്ന ഇവര്‍ ഒരുമിച്ച് മാത്രമേ ഉറങ്ങൂ. തമ്മില്‍ കാണാതിരിക്കാനും ചങ്ങാതിമാര്‍ക്ക് കഴിയില്ല. ഇവരിലൊരാളെ കുറച്ചു സമയം കാണാതായാല്‍ സുഹൃത്ത് എവിടെ എന്നു ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് വീട്ടുകാരോട് അന്വേഷിക്കും.
ഒരിക്കല്‍ ടൈഗറിനെ രണ്ടു ദിവസം കാണാതിരുന്നപ്പോള്‍ സുന്ദരി ആ ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാതെ കാത്തിരുന്നുവെന്ന് ഉഷ പറഞ്ഞു. ഇവരുടെ പിണക്കവും ഏറെ രസകരമാണ്. ടൈഗറിന്റെ ചുമലില്‍ കയറി കൊത്തിപ്പറിച്ചാണ് സുന്ദരി തന്റെ പിണക്കം അറിയിക്കുക. പിണങ്ങിയാല്‍ പ്രാവിനെ നോക്കി നായ കരയും ചെയ്യും. കൊച്ചു കുട്ടികള്‍ കളിയില്‍ മുഴുകുന്ന പോലെയുള്ള ഇവരുടെ വിനോദങ്ങളും കൗതുകം ഉണര്‍ത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."