ലോക്‌സഭയില്‍ പാസാക്കിയ മുത്വലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍
ന്യൂഡല്‍ഹി: വ്യാഴാഴ്ച ലോക്‌സഭയില്‍ പാസാക്കിയ മുത്വലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍. മുത്വലാഖ് സമ്പ്രദായം ക്രിമിനല്‍ കുറ്റമാക്കുന്ന 'മുസ്‌ലിം സ്ത്രീകളുടെ വിവാഹാവകാശങ്ങളുടെ സംരക്ഷണ ബില്‍' ലോക്‌സഭയില്‍ ശബ്ദവോട്ടോടെ പാസാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെയെല്ലാം അവഗണിച്ചാണ് ഇന്നലെ ബില്‍ പാസാക്കിയത്.
കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. ഇന്നലെ രാവിലെ തുടങ്ങിയ ചര്‍ച്ചകള്‍ക്കൊടുവില്‍ രാത്രി ഏഴരയോടെ നിര്‍ദിഷ്ട ബില്ലിലെ ഓരോ വ്യവസ്ഥകളും പ്രത്യേകം പ്രത്യേകം വോട്ടിനിട്ട് ശബ്ദവോട്ടൊടെയാണ് ലോക് സഭ പാസാക്കിയത്.
പ്രതിപക്ഷം നിര്‍ദേശിച്ച എല്ലാ ഭേദഗതികളും തള്ളി ബില്‍ ഇന്ന് രാജ്യസഭയുടെ പരിഗണനയ്ക്ക് വരും. തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും. അദ്ദേഹം അംഗീകരിച്ചാല്‍ നിയമമായി മാറും. ബില്‍ അവതരിപ്പിക്കുന്നതിനോടുള്ള എതിര്‍പ്പ് ശബ്ദവോട്ടോടെ ലോക്‌സഭ നേരത്തെ തള്ളിയിരുന്നു.
മുസ്‌ലിം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതാണ് ബില്ലെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു. ഇത് ചരിത്ര ദിവസമാണ്. ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ക്കോ വിശ്വാസത്തിനോ എതിരല്ല. മുത്വലാഖിന് ഇരയാകുന്ന സ്ത്രീകള്‍ക്കും നീതി ലഭിക്കണം. കേന്ദ്രസര്‍ക്കാര്‍ മുസ് ലിം വ്യക്തി നിയമമായ ശരീഅത്തില്‍ ഇടപെടുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
മുത്വലാഖ് നിര്‍ത്തലാക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കിയ കോണ്‍ഗ്രസ് മുന്നോട്ടുവച്ച ഭേദഗതികള്‍ അംഗീകരിച്ചില്ല. മുത്വലാഖിന് മൂന്നു വര്‍ഷം തടവുശിക്ഷ നിര്‍ദേശിക്കുന്ന വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. മുസ്‌ലിം ലീഗ്, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍, ആര്‍.ജെ.ഡി, ബി.ജെ.ഡി, എ.ഐ.ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."