പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയോഗിക്കണം; യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചു. ഈ മാസം 14ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. അനുപ് ചന്ദ്ര പാണ്ഡെയുടെ വിരമിക്കലിനും അരുണ്‍ ഗോയലിന്റെ രാജിക്കും പിന്നാലെയാണ് നീക്കം.അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു. എന്നാല്‍ പകരം ആരെയും നിയമിച്ചിരുന്നില്ല. രണ്ടംഗങ്ങള്‍ മാത്രം കമ്മീഷനില്‍ തുടരുമ്പോഴാണ് സ്ഥാനത്ത് നിന്ന് അരുണ്‍ ഗോയലും രാജിവെക്കുന്നത്.ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ശേഷിക്കുന്ന അംഗം.
മാര്‍ച്ച് 15നകം രണ്ട് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജിയില്‍ പലതരത്തിലുള്ള ആശങ്കകളും സംശയങ്ങളുമാണു പ്രതിപക്ഷം ഉയര്‍ത്തുന്നത്. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് അരുണ്‍ ഗോയല്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറും ഗോയലും തമ്മിലുള്ള അഭിപ്രായഭിന്നതയാണു രാജിയില്‍ കലാശിച്ചിരിക്കുന്നതെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബംഗാള്‍ പര്യടനത്തിനു പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള പിണക്കം മറനീക്കി പുറത്തുവന്നത്. തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് മാര്‍ച്ച് അഞ്ചിന് കൊല്‍ക്കത്തയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഗോയല്‍ പങ്കെടുത്തിരുന്നില്ല. രാജീവ് കുമാര്‍ ഒറ്റയ്ക്കായിരുന്നു അന്നു മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."