നിയമസഭാ സമ്മേളനത്തിന് തുടക്കം; സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം
തിരുവനന്തപുരം: 14ാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു.സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്.
മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ഗവര്‍ണര്‍ നീരസം പ്രകടിപ്പിച്ചു. കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
സ്പീക്കര്‍ക്കെതിരായ പ്രമേയം, സി.എ.ജി റിപ്പോര്‍ട്ട് തുടങ്ങി വിവിധ വിഷയങ്ങളുമായാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ എത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും വിജയം പ്രധാന ആയുധമാക്കി ഭരണപക്ഷ അംഗങ്ങളും എത്തുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ആക്രമണ, പ്രത്യാക്രമണങ്ങള്‍ തന്നെയാകും ഇന്ന് തുടങ്ങി 28 വരെയുള്ള സമ്മേളനത്തില്‍ ഉണ്ടാവുക.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സമ്മേളനം ചേരുകയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 12, 13, 14 തിയതികളില്‍ ഗവര്‍ണര്‍ക്കുള്ള നന്ദിപ്രമേയത്തില്‍ ചര്‍ച്ച നടക്കും. ബജറ്റ് 15ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് അവതരിപ്പിക്കും. 18, 19, 20 തിയതികളില്‍ ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ച നടക്കും. അന്തിമ ഉപധനാഭ്യര്‍ഥന സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും 21നും 2021-22 വര്‍ഷത്തെ ആദ്യ നാലുമാസത്തേക്കുള്ള വോട്ട്ഓണ്‍ അക്കൗണ്ടിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും 25നും നടത്തും.
സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ നോട്ടിസും സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കും. അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അംഗം എം. ഉമ്മറാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."