അനധികൃത സ്വത്ത് സമ്പാദനം; സക്കീര്‍ ഹുസൈനെ തിരിച്ചെടുത്ത് സി.പി.എം
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ പ്രാഥമിക അംഗത്വം നല്‍കി തിരിച്ചെടുക്കാന്‍ സി.പി.എം തീരുമാനം.
സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. സസ്‌പെന്‍ഷന്‍ കാലാവധിയായ ആറുമാസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സക്കീറിനെ തിരിച്ചെടുക്കുന്നതെന്നാണ് പാര്‍ട്ടി വിശദീകരണം.
അതേസമയം, സക്കീര്‍ ഹുസൈന്‍ ഏതുഘടകത്തില്‍ പ്രവര്‍ത്തിക്കുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. എറണാകുളം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.കെ ശിവന്‍ നല്‍കിയ പരാതിയിന്മേലായിരുന്നു സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന സമിതി അംഗം സി.എം ദിനേശ്മണി ഉള്‍പ്പെടുന്ന മൂന്നംഗ കമ്മിറ്റിയാണ് ആരോപണങ്ങള്‍ വസ്തുതാപരമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ജൂണിലാണ് പ്രാഥമിക അംഗത്വം സസ്‌പെന്‍ഡ് ചെയ്ത് സക്കീര്‍ ഹുസൈനെ കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും ജില്ലാ കമ്മിറ്റിയില്‍നിന്നും നീക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."