രണ്ട് മന്ത്രിമാരും ആറ് എം.എല്‍.എമാരും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു; യു.പിയില്‍ പരാജയഭീതിയില്‍ ബി.ജെ.പി
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി വിട്ട മുന്‍ മന്ത്രിമാരും എംഎല്‍എമാരും സമാജ്‌വാദി പാര്‍ട്ടി(എസ്പി)യില്‍ ചേര്‍ന്നു. യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന സ്വാമി പ്രസാദ് മൗര്യയും ധരം സിങ് സൈനിയുമാണ് ലഖ്‌നൗവില്‍ പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തില്‍ എസ്പി അംഗത്വം സ്വീകരിച്ചത്. ഇവര്‍ക്കൊപ്പം ബിജെപിയില്‍നിന്ന് രാജിവച്ച എംഎല്‍എമാരായ ഭഗവതി സാഗര്‍, വിനയ് ശാക്യ, മുകേഷ് വര്‍മ, റോഷന്‍ലാല്‍ വര്‍മ എന്നിവരും എസ്പിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം ബിജെപി വിട്ട മറ്റ് നിയമസഭാ സാമാജികരും ഉടന്‍ എസ്പിയില്‍ ചേരുമെന്നാണ് വിവരം.
തൊഴില്‍മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയാണ് രാജിപരമ്പരയ്ക്ക് തുടക്കമിട്ടത്. പിന്നാലെ തിന്ദ്‌വാരിയില്‍നിന്നുള്ള ബ്രജേഷ് കുമാര്‍ പ്രജാപതി, ശാക്യ, റോഷന്‍ ലാല്‍ വര്‍മ, മുകേഷ് വര്‍മ എന്നീ എംഎല്‍മാരും രാജിപ്രഖ്യാപിച്ചു. വനംപരിസ്ഥിതി മന്ത്രിയായിരുന്ന ധാരാസിങ് ചൗഹാനും ഇന്നലെ രാജിപ്രഖ്യാപിച്ചതോടെ കടുത്ത ഞെട്ടലിലാണ് ബിജെപി ക്യാംപ്. രാജിവച്ച എംഎല്‍എമാര്‍ പിന്നാക്ക വിഭാഗത്തില്‍നിന്നുള്ളവരാണെന്നത് തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു.
കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ കൈവിടാതിരുന്ന ദലിത് പിന്നാക്ക വിഭാഗം വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടാകുമെന്ന ആശങ്ക ബിജെപിയെ അലട്ടുന്നുണ്ട്. ബിജെപി കൂടുവിടുന്നവരില്‍ പലരും സമാജ്‌വാദി പാര്‍ട്ടിയിലേക്കാണ് പോകുന്നത്. പിന്നാക്ക വിഭാഗം വോട്ടുകള്‍ എസ്പിയില്‍ ഏകീകരിച്ചാല്‍ തുടര്‍വിജയം ബിജെപിക്ക് ബുദ്ധിമുട്ടാകും.
മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും രാജി പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നുണ്ടെങ്കിലും തുടര്‍നടപടികളെ കുറിച്ച് ഒരുപ്രതികരണവും ഇത് വരെ നേതാക്കള്‍ നടത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."