ജലീലിനെ പിന്തുണയ്ക്കാന്‍ സി.പി.എമ്മില്‍ ആരുമില്ല; തള്ളിപ്പറഞ്ഞ് കാനവും
തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ ആരോപണങ്ങളില്‍ കെ.ടി.ജലീലിനെ പിന്തുണയ്ക്കാന്‍ ആരുമെത്തിയില്ല. സി.പി.എമ്മില്‍ നിന്നാരും പിന്തുണ അറിയിച്ചില്ലെന്നുമാത്രമല്ല സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കെ.ടി ജലീലിനെ തള്ളിക്കളയുകയും ചെയ്തു. വ്യക്തിപരമായ അധിക്ഷേപം വേണ്ടെന്നാണ് സിപിഎം നിലപാടെന്നാണ് അറിയുന്നത്.
ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് കാനം രാജേന്ദ്രന്റെ പ്രതികരണം. ജലീല്‍ ഒരു പ്രസ്ഥാനമല്ല വ്യക്തി മാത്രമാണെന്നും അദ്ദേഹം പറഞ്ഞത് അനുഭവത്തിലെ കാര്യങ്ങളാകാമെന്നും കാനം പറഞ്ഞു. ഇപ്പോള്‍ ജലീല്‍ തന്നെ വിമര്‍ശനങ്ങളെ നേരിടേണ്ടി വരികയാണ്. എന്നിട്ടും ജലീല്‍ പുതിയ ആരോപണവുമായി ഇന്നു വീണ്ടുമെത്തിയിട്ടുണ്ട്.
സുപ്രീം കോടതിയില്‍ മൂന്നര കൊല്ലമുണ്ടായിട്ടും കേവലം ആറു വിധികള്‍ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത 'മഹാനാണ്' തന്റെ കേസില്‍ വെളിച്ചത്തേക്കാള്‍ വേഗതയില്‍ വിധി പറഞ്ഞതെന്ന് ജലീല്‍ ഫേസ്ബുക്ക് പേജില്‍ കുറിപ്പില്‍ കുറിച്ചു. പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലില്‍ സ്വീകരിച്ചു. വാദം കേട്ടു. എതിര്‍ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്തില്ല. വെളിച്ചത്തെക്കാളും വേഗതയില്‍ വിധി പറഞ്ഞ് ചരിത്രം കുറിച്ചുവെന്നും ജലീല്‍ ജസ്റ്റിസ് സിറിയക് ജോസഫിനെ വിമര്‍ശിക്കുന്നു.
ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും ശക്തമായ വിമര്‍ശനമാണ് നടത്തിയത്. എന്നാല്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമര്‍ശമായിട്ടും മുസ്ലിം ലീഗില്‍ നിന്നാരും പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."