കേരള മോഡലും കൊവിഡ് പ്രതിരോധവും
കേരളമെന്ന് കേട്ടാല്‍ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ എന്ന കാര്യത്തില്‍ മലയാളികള്‍ ഒറ്റക്കെട്ടാണ്. ദിവസവും രണ്ടു നേരം കുളിക്കുന്നു, നാലു പത്രങ്ങള്‍ വായിച്ചു പ്രബുദ്ധരാവുന്നു, പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും സ്വയം മരുന്നെഴുതി വാങ്ങിക്കഴിക്കുകയും ഇന്‍സുലിനെടുക്കുകയും ചെയ്യുന്നു, എന്നു തുടങ്ങി മുന്നണികളെ മാറി മാറി അധികാരത്തിലെത്തിക്കാനുള്ള രാഷ്ട്രീയ പ്രബുദ്ധത പ്രയോഗിക്കുന്നു എന്നു വരെയുള്ള നിരവധി അഭിമാന പുളകങ്ങള്‍ മനസില്‍ സൂക്ഷിക്കുന്നവരാണ് നാം. നമുക്ക് മുമ്പില്‍ നില്‍ക്കുമ്പോള്‍ പാന്‍പരാഗ് ചവയ്ക്കുന്ന ബംഗാളിയും ഒഡിയക്കാരനും എന്തിനുകൊള്ളും, സിനിമാക്കാരെ ആരാധിക്കുന്ന തമിഴന്‍ റൊമ്പ മോശം, പല്ലു തേക്കാത്ത, കുളിക്കാത്ത വടക്കേയിന്ത്യന്‍ ഗോസായി വൃത്തികേടിന്റെ പര്യായം. പക്ഷേ ഈ പ്രബുദ്ധതാ നാട്യങ്ങള്‍ക്കിടയിലും ചില സത്യങ്ങള്‍ നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടോ. കൊവിഡ് പ്രതിരോധത്തിന്റെ കാര്യമെടുക്കുക. കൊവിഡിനെ പ്രതിരോധിച്ചതിന്റെ പേരില്‍ അണിഞ്ഞതൊപ്പിയിലെ തൂവല്‍ ഇപ്പോഴും ശൈലജ ടീച്ചറുടെ ശിരസിനെ അലങ്കരിക്കുന്നുണ്ട്. പിണറായിയുടെ ഇരട്ടച്ചങ്കിനെ കൊറോണ വൈറസിനും പേടിയാണെന്നായിരുന്നു കാവ്യഭാവന! എന്തായിരുന്നു അന്നത്തെ പുകില്. ദിവസവും മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍, കൊവിഡ് പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി എങ്ങനെ മണ്ണൊരുക്കണം, എങ്ങനെ വിത്തെറിയണം എന്നെല്ലാം വിശദമായി പ്രതിപാദിക്കുന്ന കൃഷി, പരിസ്ഥിതി ക്ലാസുകള്‍. ഇതിനെല്ലാം കാതോര്‍ത്ത് മറ്റെല്ലാ പണികളും മാറ്റിവച്ച് നിശ്ചിത സമയത്ത് ടി.വിക്കു മുമ്പില്‍ കാത്തിരിക്കുകയായിരുന്നുവല്ലോ പ്രബുദ്ധ കേരളം. ഒരൊന്നൊന്നര സംഭവമായിരുന്നു നമ്മുടെ സര്‍ക്കാരും ജനതയും. ഓ, അതൊരു കാലം.
എന്നാല്‍ ഇപ്പോഴോ? ആര്‍. രാമചന്ദ്രന്‍ മാസ്റ്ററുടെ കവിതയില്‍ പറഞ്ഞതു പോലെ 'പടരുമിരുള്‍മാത്രം'. ഇന്ത്യയില്‍ മൊത്തം പ്രതിദിന രോഗബാധിതരില്‍ പകുതിയിലേറെ കേരളീയരാണ്. മൊത്തം രോഗബാധിതരില്‍ ഗണ്യമായ ഒരു ഭാഗം കേരളീയരാണ്. മരണസംഖ്യയും ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പൊതുജനാരോഗ്യരംഗത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നോട്ടുപോയ നാടാണ് കേരളം. എന്നാല്‍ പല്ലു തേക്കാത്തവരുടേയും കുളിക്കാത്തവരുടേയും കുത്തിവയ്‌പ്പെടുക്കാത്തവരുടേയും പ്രദേശങ്ങള്‍ക്കു മുമ്പില്‍ നാം മുടന്തി നടക്കേണ്ടി വരുമ്പോള്‍ എവിടെയാണ് പിഴച്ചത് എന്ന് സഗൗരവം ആലോചിക്കണമല്ലോ. ധാരാവിയിലെ ചേരിയെ കൊവിഡ് മുക്തമാക്കാന്‍ സാധിക്കുകയും കൊച്ചിയിലെ ഫ്‌ളാറ്റില്‍ രോഗ ഭീതി നിലനില്‍ക്കുകയും ചെയ്യുന്നു എന്ന് വരുമ്പോള്‍ മറ്റെന്താണ് ചെയ്യേണ്ടത്? ഒരു ഘട്ടത്തില്‍ വിവരവും പൊതുബോധവുമില്ലാത്ത തബ്‌ലീഗ് ജമാഅത്തുകാര്‍, വൃത്തികെട്ട ഇതരസംസ്ഥാനത്തൊഴിലാളികള്‍, വകതിരിവില്ലാത്ത ഗള്‍ഫുകാര്‍ തുടങ്ങി നിരവധി കൂട്ടരുടെ മേല്‍ നാം കൊറോണ എന്ന മഹാമാരി പടരുന്നതിന്റെ ഉത്തരവാദിത്വം കെട്ടിവെച്ചിട്ടുണ്ട്. ഇപ്പോഴോ?
ആരാണ് കാരണക്കാര്‍?
കൊവിഡ് പ്രതിരോധത്തില്‍ കേരളം പാളിയെന്നത് നേര്. എന്നാല്‍ അതിന്റെ ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രമാണെന്ന് പറയാനാവുകയില്ല. സര്‍ക്കാരിന്റെ വീഴ്ചയാണെന്ന പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തലും പ്രതിപക്ഷം തെരുവിലിറങ്ങി നടത്തിയ പ്രതിഷേധങ്ങള്‍ രോഗവ്യാപനത്തിന്റെ ഊക്കു കൂട്ടിയെന്ന ഭരണകക്ഷിയുടെ ന്യായീകരണവും ഒരേ പോലെ രാഷ്ട്രീയ പ്രേരിതമാണ്. എന്നാല്‍ തുടക്കം മുതല്‍ക്കേ ശരിയായ ദിശാബോധത്തോടെയാണോ കൊവിഡ് മഹാമാരിയെ നാം കൈകാര്യം ചെയ്തത് എന്ന് ഇപ്പോഴെങ്കിലും ആലോചിച്ച് നോക്കുന്നത് നല്ലതാണ്. പ്രതിരോധത്തില്‍ ഏതായിരിക്കണം നമ്മുടെ മാതൃക എന്നതില്‍ ഒരിക്കലും നമുക്ക് വ്യക്തതയുണ്ടായിട്ടില്ല. ഔദ്യോഗികമായി നാം കൈക്കൊണ്ട രീതിയിലല്ല രോഗബാധയെ നേരിടേണ്ടിയിരുന്നത് എന്ന് അഭിപ്രായമുള്ള ഡോക്ടര്‍മാര്‍ ഇവിടെത്തന്നെ ധാരാളമുണ്ട്. അറിവും ചികിത്സാ പരിചയവുമുള്ളവര്‍. ഐ.എം.എയിലെ ചില ഡോക്ടര്‍മാര്‍ക്കായിരുന്നു പ്രതിരോധ നടപടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ മുന്‍തൂക്കം. അതിനോട് വിയോജിപ്പുള്ള ആധുനിക വൈദ്യശാസ്ത്ര വിദഗ്ധര്‍ തന്നെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. അവയെല്ലാം അവഗണിക്കപ്പെട്ടു.
ആധുനിക വൈദ്യശാസ്ത്രത്തിനു പുറത്തുള്ള മറ്റു ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് കൊറോണക്കെതിരായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മതിയായ പ്രാതിനിധ്യമില്ലായിരുന്നു തുടക്കത്തില്‍. പക്ഷേ പിന്നീട് സര്‍ക്കാര്‍ മുന്‍കൈയില്‍ത്തന്നെ ഹോമിയോ ഗുളികകളും മറ്റും വിതരണം ചെയ്യപ്പെട്ടു. ആയുര്‍വേദ ഡോക്ടര്‍മാരും പ്രതിരോധത്തില്‍ പങ്കാളികളായി. എന്നാല്‍ അതിനെ നിശിതമായി എതിര്‍ക്കുന്ന സമീപനമാണ് ആധുനിക വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനകള്‍ പുലര്‍ത്തിയത്. എത്രത്തോളമെന്നോ, സമാന്തര വൈദ്യത്തിന്റെ പ്രതിരോധശേഷിയെപ്പറ്റി സംസാരിച്ച ആരോഗ്യ മന്ത്രി തന്നെ പറഞ്ഞതില്‍പ്പലതും വിഴുങ്ങേണ്ടി വന്നു. ഇങ്ങനെ നോക്കുമ്പോള്‍ കൃത്യമായ സംയോജനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നില്ല. ഓഫിസിലിരിക്കുന്ന ആരോഗ്യ വിദഗ്ധരല്ല നയരൂപീകരണം നടത്തേണ്ടത്, മറിച്ച് കുടുംബ ഡോക്ടര്‍മാരാണ് എന്ന് ദീര്‍ഘകാലം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രൊഫസറായിരുന്ന ഡോ. പി.കെ ശശിധരന്‍ പറഞ്ഞത് സര്‍ക്കാര്‍ നയങ്ങളുടെ കൃത്യതയില്ലായ്മയുടെ പശ്ചാത്തലത്തിലാണ്. പ്രതിരോധത്തിനല്ല പി.ആറിനായിരുന്നു പലപ്പോഴും മുന്‍തൂക്കം.
ഇപ്പോള്‍ സര്‍ക്കാര്‍ ഏറെക്കുറെ കാര്യങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് തോന്നുന്നു. അതുകൊണ്ട് കര്‍ശന നിയന്ത്രണങ്ങള്‍ പുതുതായി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ എല്ലാം തുറന്നുകൊടുത്തു കഴിഞ്ഞ സ്ഥിതിക്ക് പഴയ നിലയിലേക്ക് തിരിച്ചുപോവുക ബുദ്ധിമുട്ടാണ്. റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കിയത് നോക്കുക. അടങ്ങിയൊതുങ്ങിയിരിക്കേണ്ട മന്ത്രിമാരും നേതാക്കളും തന്നെയാണ് തുടക്കത്തിലേ അത് ലംഘിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും നിയന്ത്രണങ്ങള്‍ മുഴുവനും ലംഘിച്ചു. ഇനിയിപ്പോള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് വരാന്‍ പോവുകയാണ്. അതിന്റെ മുന്നോടിയായി മുഖ്യമന്ത്രി ജില്ലകള്‍ തോറും നടന്ന് ജനസമ്പര്‍ക്ക സദസുകള്‍ നടത്തി. അതില്‍ കൊവിഡ് മാനദണ്ഡങ്ങ ള്‍ പാലിച്ചുവോ? ഇനി വരാന്‍ പോകുന്ന എല്‍.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും സംസ്ഥാനതല മാര്‍ച്ചുകള്‍ നിയന്ത്രണ വിധേയമായിരിക്കുമോ? ഇപ്പോള്‍ത്തന്നെ രാഷ്ട്രീയക്കാര്‍ അടക്കം പറയുന്നതും ചര്‍ച്ച നടത്തുന്നതുമെല്ലാം ഏറി വന്നാല്‍ താടിയില്‍ മാസ്‌ക് കെട്ടിത്തൂക്കിയാണ്. ഈ അവസ്ഥയിലാണ് ശൈലജ ടീച്ചര്‍ പറയുന്നത് ജനങ്ങളുടെ ഭാഗത്തുള്ള വീഴ്ചയാണ് കൊവിഡ് വ്യാപനത്തിനു കാരണമെന്ന്. മാതൃക കാണിക്കേണ്ട നേതാക്കള്‍ പരസ്യമായി നിയമം ലംഘിക്കുകയും നിയമലംഘനത്തിനു കൂട്ടുനില്‍ക്കുകയും ചെയ്യുമ്പോള്‍ ജനങ്ങളോട് പഴയ നിയന്ത്രണങ്ങളിലേക്ക് പോകണമെന്ന് പറയുന്നത് എത്രമാത്രം പ്രായോഗികമാവും?
ചെയ്തതും ചെയ്യേണ്ടതും
നന്മയുടെ വഴിയില്‍നിന്നു മാറി സഞ്ചരിച്ച മനുഷ്യര്‍ക്ക് ഒരു പാഠമായി ദൈവമയച്ചതാണ് കൊറോണ വൈറസ് എന്ന് നിഷ്‌കളങ്കമാംവണ്ണം വിശ്വസിക്കുന്നവരുണ്ട്. മനുഷ്യന്‍ പ്രകൃതിയുടെ താളപ്പൊരുത്തം ലംഘിച്ചതിന്റെയും അത്യാര്‍ത്തിപൂണ്ട് നടത്തിയ നീതിരഹിതമായ ശാസ്ത്രീയ പരീക്ഷണങ്ങളുടേയും ദോഷകരമായ പരിണതിയാണ് മഹാമാരി എന്ന് കരുതന്നവരും ധാരാളം. അതുകൊണ്ടുതന്നെ കൊവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിനുവേണ്ടി കൈക്കൊണ്ട നിയന്ത്രണങ്ങളെ നമ്മുടെ ജീവിത ശൈലി മാറ്റുന്നതിന് പ്രേരകമായിത്തീരുന്ന നടപടികള്‍ എന്ന നിലക്ക് സ്വാഗതം ചെയ്തിരുന്നു ആളുകള്‍. വിവാഹത്തിലെ ആര്‍ഭാടങ്ങള്‍ വളരെയധികം ഒഴിവാക്കപ്പെട്ടു. ഉല്ലാസത്തിന്റെ പേരില്‍ നടക്കുന്ന ഹര്‍ഷ പ്രഹര്‍ഷങ്ങള്‍ക്ക് അറുതി വന്നു. പൊങ്ങച്ച പ്രകടനങ്ങള്‍ ഒരു പരിധിവരെ ഇല്ലാതായി. കൊറോണക്കു ശേഷമുള്ള സാമൂഹ്യ ജീവിതത്തില്‍ ആഘോഷപ്പേക്കൂത്തുകള്‍ ഉണ്ടാവുകയില്ലെന്ന് കരുതിയ ശുദ്ധാത്മാക്കള്‍ ധാരാളമുണ്ട്. ഇതൊരു നല്ല മാറ്റമായിരിക്കുമെന്ന് കരുതി കൊറോണ വൈറസിനെ സ്തുതിച്ചവര്‍. പക്ഷേ എത്ര പെട്ടെന്നാണ് വിവാഹങ്ങള്‍ പഴയ ആഡംബരത്തിലേക്കു തിരിച്ചുപോയത്! നൂറു പേര്‍ക്കാണ് അനുമതിയെങ്കില്‍ രാവിലെ മുതല്‍ നൂറ് പേര്‍ വീതം വരികയാണ്. നാലും അഞ്ചും ദിവസങ്ങളുടെ ചടങ്ങുകളിലേക്ക് വിവാഹാഘോഷങ്ങള്‍ വളര്‍ന്നു. എല്ലാ ദിവസങ്ങളിലും വിഭവ സമൃദ്ധമായ വിരുന്നുകള്‍, കലാപരിപാടികള്‍ ചുരുക്കത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട ആഡംബരങ്ങളുടെ വര്‍ധനവിന്നാണ് കൊറോണ നിമിത്തമായത്. വിചാരിച്ചതിനു നേര്‍വിപരീതം.
ടൂറിസം രംഗത്തും ഇത് തന്നെയാണ് കാണുന്നത്. നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയതോടെ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും തിരക്കോട് തിരക്ക്! വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നുതിരിയാന്‍ സ്ഥലമില്ല, മാസ്‌കുകളും സാനിറ്റൈസറുകളും ആളുകള്‍ ഉപയോഗിക്കുന്നില്ല. ഇത് പൗരബോധത്തിന്റെ അഭാവമാണ് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ് ഒഴിയാമോ അധികാരികള്‍ക്ക്? ഭരണതലത്തിലും സന്നദ്ധപ്രവര്‍ത്തനതലത്തിലും കൊവിഡ് പ്രതിരോധം പാളുകയും അത് വ്യക്തികള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തതാണ് രോഗം വിട്ടുപോകാത്തതിന്ന് കാരണം. ജനപ്രിയ മുദ്രാവാക്യങ്ങളില്‍ ഊന്നിനില്‍ക്കുകയാണ് പലപ്പോഴും സര്‍ക്കാര്‍ മെഷിനറി ചെയ്തത്. പ്രതിപക്ഷം അതില്‍ നിന്ന് മുതലെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ കേരള മോഡല്‍ ഒരിക്കലും വിജയ മാതൃകയല്ല.
ആദ്യം മുതല്‍ക്കു തന്നെ അയഥാര്‍ഥമായ ചില പ്രചാരണങ്ങളിലേക്ക് വഴുതി വീണിരുന്നു നമ്മുടെ കൊവിഡ് പ്രതിരോധം. രോഗികളുടെ എണ്ണം എത്ര വര്‍ധിച്ചാലും ശരി അവരെ മുഴുവനും ചികിത്സിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട് സംസ്ഥാനമെന്നായിരുന്നു തുടക്കത്തില്‍ സര്‍ക്കാരിന്റെ അവകാശവാദം. കൊവിഡ് പെരുകിയപ്പോള്‍ അതു വെറും ചപ്പടാച്ചിയാണെന്ന് തെളിഞ്ഞു. ഇത്തരം അവകാശവാദങ്ങള്‍ക്ക് സര്‍ക്കാരും സര്‍ക്കാര്‍ നടപടികള്‍ക്ക് എതിരേ മുഖം തിരിച്ചുനില്‍ക്കുന്ന സമീപനത്തിന് പ്രതിപക്ഷവും എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. മഹാമാരിയുടെ വ്യാപനം ഒരു പൊതുപ്രശ്‌നമാണ്. ഭരണപ്രതിപക്ഷ ഭേദമന്യേ ഒരുമിച്ചുനിന്ന് പൊരുതേണ്ട യുദ്ധമാണിത്. അതേപോലെ വിവിധ ചികിത്സാ സമ്പ്രദായങ്ങള്‍ ഒരുമിച്ച് നിന്ന് പ്രതിവിധികളാലോചിക്കേണ്ട രോഗമാണ് കൊവിഡ്. ഈ രംഗങ്ങളിലൊന്നും പൊതുനിലപാടോ സമവായമോ ഉണ്ടാവാന്‍ കേരളത്തിലെ രാഷ്ട്രീയ സമീപനങ്ങള്‍ സമ്മതിച്ചിട്ടില്ല. ഇനി എങ്ങനെയായിരിക്കണം കൊവിഡ് പ്രതിരോധത്തിനു വേണ്ട നടപടികള്‍ എന്നാലോചിക്കുമ്പോഴെങ്കിലും സര്‍വകക്ഷി സമവായത്തിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ട്. കൃത്യമായ ആസൂത്രണത്തോടെ കര്‍ക്കശമായ ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവണം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പി.ആറിനും പോപ്പുലിസത്തിനും ഊന്നല്‍ നല്‍കുന്ന സാഹചര്യമാണ് വരുന്നതെങ്കില്‍ അത് വലിയ അപകടകരമായിരിക്കും.
ഇപ്പോഴും നമ്മുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിലാണ്. അതായത് പത്തിലൊന്നു പേര്‍ക്ക് കൊവിഡ് വരുന്നു എന്ന്. തീര്‍ച്ചയായും ഇത് ഗുരുതര സാഹചര്യമാണ്. അതിനാല്‍ സര്‍ക്കാര്‍ മേല്‍നോട്ടം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യങ്ങളില്‍ എപ്പോഴും ഉണ്ടാവണം. പഴയ പോലെ മുഖ്യമന്ത്രി ദിവസവും പത്രസമ്മേളനം വിളിക്കട്ടെ. ബോധവല്‍ക്കരണം തുടരട്ടെ. പ്രതിരോധ നടപടികള്‍ കൃത്യമായി ആസൂത്രണം ചെയ്യട്ടെ. രോഗത്തിന്റെ ഗൗരവം ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ തീര്‍ച്ചയായും അതൊക്കെ വേണം.
കൊവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ല. കിണ്ണം മുട്ടിയതിലൂടെയോ വിളക്കുതെളിയിച്ചതിനാലോ അതൊ ഴിഞ്ഞു പോകാത്തതുപോലെ ധീരമായ വാക്കുകള്‍ കൊണ്ടു മാത്രവും അതൊഴിഞ്ഞു പോവുകയില്ല. വിവാഹ മാമാങ്കങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും കണ്ണും മൂക്കുമില്ലാത്ത വിനോദസഞ്ചാരവുമെല്ലാം ജാഗ്രതയുടെ സ്‌കാനറില്‍ വരട്ടെ, ശിക്ഷിക്കപ്പെടട്ടെ, ഫലമുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."