യുക്തിയില്ലാത്ത യുക്തിവാദം
പ്രപഞ്ചം ആരെങ്കിലും ഉണ്ടാക്കിയതാണോ എന്ന് നമ്മോടുതന്നെ ഒന്നു ചോദിച്ചുനോക്കാം. ഉത്തരം പറയാന്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ ഉപയോഗപ്പെടുത്തി ആദ്യം എന്താണ് പ്രപഞ്ചം എന്നു കണ്ടെത്തുന്നു. നമ്മുടെ മുന്നില്‍ കാണുന്ന, അനുഭവിക്കുന്ന പദാര്‍ഥങ്ങളുടെ സമാഹാരത്തെയാണ് പ്രപഞ്ചം എന്നു വിളിക്കുന്നത്. പിന്നെ ഈ പദാര്‍ഥങ്ങള്‍ നാം വിശകലനം ചെയ്യുന്നു. അതില്‍നിന്ന് അവ ഓരോന്നും എപ്പോഴോ ഉണ്ടാകുകയായിരുന്നുവെന്നും അതു കുറച്ചുകഴിയുമ്പോള്‍ ഇല്ലാതായിത്തീരുന്നുവെന്നും കണ്ടെത്തുന്നു. അതോടെ പ്രപഞ്ചം എന്നു നാം വിളിക്കുന്ന പദാര്‍ഥലോകം അനാദിയല്ല എന്നു തെളിയുന്നു. അനാദിയല്ലാത്ത എന്തിനും ഒരു തുടക്കമുണ്ടാകണമല്ലോ. അതിന് ഒരു കാരണവും ആ കാരണത്തിന് ഒരു കാരണശക്തിയും ഉണ്ടാകാതെ തരമില്ല. ഇതെല്ലാം നമ്മുടെ യുക്തി സമ്മതിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ വിശകലനത്തിന്റെ ഈ ശ്രേണിയില്‍ പക്ഷേ മുളക്കുകയും ഉണങ്ങുകയും ജനിക്കുകയും മരിക്കുകയും വളരുകയും തളരുകയും ചെയ്യുന്നതൊക്കെ കാണ്‍കെ ചിലര്‍ പറയും, അതൊക്കെ ശരിയാണെങ്കിലും പ്രപഞ്ചം പണ്ടേയുള്ളതാണ്, അത് അനാദിയാണ് എന്ന്. ഇങ്ങനെ പറയുന്നവര്‍ തങ്ങള്‍ യുക്തിവാദികളാണെന്നു കൂടി അവകാശപ്പെടുമ്പോഴാണ് യുക്തിവാദത്തിന്റെ നിരര്‍ഥകത വെളിച്ചത്താവുന്നത്. തങ്ങളവകാശപ്പെടുന്നതു പോലെ സ്വന്തം യുക്തിയെ അവലംബിക്കുന്നതില്‍ അവര്‍ സത്യസന്ധരാണ് എങ്കില്‍ പ്രപഞ്ചം അനാദിയല്ല എന്നവര്‍ പറയേണ്ടതായിരുന്നു. പക്ഷേ, അതവര്‍ പറയില്ല. കാരണം അനാദിയല്ലെങ്കില്‍ അത് ഉണ്ടാക്കിയത് ഏതോ ഒരു ശക്തിയാണ് എന്നു സമ്മതിക്കേണ്ടിവരും. അതിനും ഉത്തരം തിരയുമ്പോഴാകട്ടെ ദൈവത്തെ സമ്മതിച്ചുകൊടുക്കേണ്ടിവരും. അതവര്‍ക്കു കഴിയില്ല. അങ്ങനെ പറഞ്ഞുവരുമ്പോള്‍ നെയ്യില്ലാഞ്ഞിട്ടും നെയ്യപ്പത്തെ അങ്ങനെ വിളിക്കുന്നതുപോലെ വെറുമൊരു പേരായി മാറുകയാണ് യുക്തിവാദവും പുതിയ കാലഘട്ടത്തില്‍.
സ്രഷ്ടാവിനെ നിഷേധിക്കുന്നവരുടെ പതിവു പരിപാടിയാണിത്. വിശുദ്ധ ഖുര്‍ആന്‍ അവരുടെ നിലപാടിനെ വ്യക്തമായി പറഞ്ഞുവച്ചത് ഏറെ ശ്രദ്ധേയമാണ്. അല്ലാഹു പറയുന്നു: 'യാതൊരു അറിവോ മാര്‍ഗദര്‍ശനമോ ഇല്ലാതെ അഹങ്കാരത്തോടെ തിരിഞ്ഞുനിന്നു കൊണ്ട് അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയാന്‍ വേണ്ടിയത്രെ അവനത് ചെയ്യുന്നത്. ഇഹലോകത്ത് അവന് നിന്ദ്യതയാണുള്ളത്. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ചുട്ടെരിക്കുന്ന ശിക്ഷ നാം അവനെ രുചിപ്പിക്കുകയും ചെയ്യും' (22: 8,9). ഈ സൂക്തങ്ങളില്‍ ഇത്തരക്കാര്‍ അഹങ്കാരത്തോടെ തിരിഞ്ഞുനിന്നുകൊണ്ട് തര്‍ക്കിക്കുകയാണ് എന്നു പറയുമ്പോള്‍ അവരുടെ എല്ലാ സ്വഭാവങ്ങളും അതിലുള്‍ക്കൊള്ളുന്നു. അന്ധവും അഹങ്കാരപരവുമായ ദൈവവിശ്വാസികളോടുള്ള വൈരാഗ്യ നിലപാടും അത് എങ്ങനെയെങ്കിലും വെളുപ്പിച്ചെടുക്കാനുള്ള തര്‍ക്കങ്ങളുമല്ലാതെ സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും അംഗീകാരം പോലും അവര്‍ക്കില്ല എന്നത് പ്രത്യേകിച്ചും പുതിയ കാലത്തെ യുക്തിവാദികളെയും അവരുടെ വാദങ്ങളെയും വിലയിരുത്തുമ്പോള്‍ സുതരാം വ്യക്തമാകും.
പുതിയ കാലത്തെ യുക്തിവാദികള്‍ എന്ന് എടുത്തുപറയുന്നതില്‍ നിന്ന് പഴയകാലത്ത് അങ്ങനെയായിരുന്നില്ല എന്ന് വ്യക്തമാണ്. കുറച്ചുകൂടി ആശയത്തോട് സത്യസന്ധത പുലര്‍ത്തിയവരായിരുന്നു അവര്‍, അല്ലെങ്കില്‍ അവരില്‍ പലരും. ഈ രോഗം പ്രകടമായി തുടങ്ങിയത് ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പുറത്തുവന്നതോടെയായിരുന്നുവല്ലോ. 19ാം നൂറ്റാണ്ടിലെ ഒരു സഞ്ചാരിയായിരുന്നു അദ്ദേഹം. സമാനമായ ജീവികളെ നിരീക്ഷിക്കവെ അദ്ദേഹത്തിനു തോന്നി, അവയില്‍ പലതും തമ്മില്‍ രൂപബന്ധമുണ്ടെന്ന്. ഈ ബന്ധം ജൈവികവുമാകാം എന്ന് അദ്ദേഹം നിഗമിച്ചു. താറാവ്, അരയന്നം, കൊക്ക് തുടങ്ങിയവയും പൂച്ച, പുലി തുടങ്ങിയവയും കഴുത, കുതിര തുടങ്ങിയവയും തമ്മിലൊക്കെയുള്ള ഈ സാദൃശ്യങ്ങള്‍ വച്ച് അദ്ദേഹം പറഞ്ഞു, ഇത്തരം ജീവികള്‍ ഒരുപക്ഷേ, സമാനജീവികളില്‍ നിന്നു പരിണമിച്ചുണ്ടായവയാവാം എന്ന്. ഈ നിരീക്ഷണങ്ങള്‍ തന്റെ 'ഒറിജിന്‍ ഓഫ് സ്പീഷീസി'ലൂടെ അദ്ദേഹം ലോകവുമായി പങ്കുവച്ചു. ഇതില്‍ തൂങ്ങിയാണ് യുക്തിവാദം വളര്‍ന്നത്. തൂങ്ങിയവരൊക്കെ വെമ്പല്‍ കൊണ്ടത് ദൈവത്തെ കണ്ണടച്ചു നിഷേധിക്കാനായിരുന്നു.
പക്ഷേ, അതു പറഞ്ഞ ഡാര്‍വിനാവട്ടെ, ഒരു സത്യക്രിസ്ത്യാനിയായി തന്നെയാണ് ജീവിച്ചതും മരിച്ചതും, മതദര്‍ശനങ്ങളില്‍ ചില കടുംപിടുത്തങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും. ഇനി ആരെങ്കിലും ഈ പറഞ്ഞത് നിരാകരിക്കുകയാണ് എങ്കില്‍തന്നെയും ഏറ്റവും കുറഞ്ഞത് 1915ല്‍ പ്രസിദ്ധീകരിച്ച ലേഡി ഹോപ്പിന്റെ പുസ്തകം വിളിച്ചുപറയുന്നത് മായ്ച്ചുകളയുവാനാവില്ലല്ലോ. പരിണാമവാദത്തെ തള്ളിപ്പറഞ്ഞ് ക്രിസ്തുമതത്തെ പുനരവലംബിച്ച ശേഷമായിരുന്നു ഡാര്‍വിന്റെ മരണമെന്ന് അതില്‍ പറയുമ്പോള്‍ അന്ധമായ ഒരു നിഷേധം ഇക്കാര്യത്തില്‍ സാധ്യമാവില്ലല്ലോ. പിന്നീട് വന്ന യുക്തിവാദ നായകര്‍ക്കിടയിലും ഏറ്റവും കുറഞ്ഞത് മതകാര്യത്തില്‍ ഭിന്നസ്വരങ്ങളെങ്കിലും ഉണ്ടായിരുന്നു. 1632-1704 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ലൂക് മതപ്രമാണങ്ങളെ യുക്തിപരമായി ന്യായീകരിച്ചയാളായിരുന്നു. എന്നാല്‍ 1711-1776 കാലഘട്ടത്തില്‍ ജീവിച്ച ഹ്യൂമാവട്ടെ അതിനെതിരും. യുക്തിവാദം ഏകകണ്ഠമായ ദൈവനിരാസത്തിന്റെ വഴിയല്ല എന്നെങ്കിലും ഇതുവഴി നമുക്ക് മനസിലാക്കാന്‍ കഴിയും. ഈ വാചകക്കസര്‍ത്തുകള്‍ക്കിടയില്‍ ജീവിച്ചുപോയ ശാസ്ത്രജ്ഞന്‍മാരില്‍ പ്രമുഖരൊന്നും യുക്തിവാദികളുടെ സ്രോതസായി അവര്‍ അവകാശപ്പെട്ടിട്ടുപോലും ദൈവനിരാസത്തിനുള്ള വഴിയായി കണ്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഐസക് ന്യൂട്ടണ്‍ പ്രിന്‍സിപ്പിയ മാത്മാറ്റിക്കയില്‍ പറഞ്ഞത് 'ഈ പ്രപഞ്ചത്തിന്റെ താളപ്പൊരുത്തത്തിനു പിന്നില്‍ ഞാനൊരു ശക്തിയെ കാണുന്നു' എന്നാണ്. ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമില്‍ സ്റ്റീഫന്‍ ഹോകിങ് പറയുന്നത്, 'ഈ പ്രപഞ്ചം ഉണ്ടായതിനു പിന്നില്‍ തീര്‍ച്ചയായും ഒരു ശക്തിയുള്ളതായി ഞാന്‍ കാണുന്നു' എന്നാണ്. ഇതൊന്നും പക്ഷേ വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചതുപോലെ അഹങ്കാരത്തോടെ പുറംതിരിഞ്ഞു നില്‍ക്കുന്നവര്‍ അംഗീകരിക്കില്ല. അതേസമയം ഇക്കാര്യമല്ലാത്ത കാര്യങ്ങളിലെല്ലാം ന്യൂട്ടണും ഹോകിങ്ങും അവരുടെ പ്രമാണങ്ങളാണു താനും. പദാര്‍ഥങ്ങള്‍ അനാദിയല്ല എന്നു പറയുമ്പോഴും അവകൂടുന്ന പ്രപഞ്ചം അനാദിയാണ് എന്നു വാദിക്കുന്നതുപോലെ.
അജ്ഞേയമായ ഒരു കാര്യത്തെക്കുറിച്ച് വിശ്വസനീയമായ ഒരു നിഗമനത്തിലെത്താന്‍ വേണ്ടി വിശകലനം എന്ന പ്രക്രിയ ഉപയോഗപ്പെടുത്തുന്നതിനാണ് യുക്തി എന്നു പറയുന്നത്. നിലവില്‍ അറിയപ്പെടുന്ന വിവരങ്ങളെ കൃത്യമായ ശ്രേണിയില്‍ ക്രമീകരിച്ചുകൊണ്ടാണ് ഇങ്ങനെ യാഥാര്‍ഥ്യത്തിലേക്ക് എത്തിച്ചേരുന്നത്. ഈ പ്രക്രിയ കുറ്റമറ്റതാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല. കാരണം ഈ ശ്രേണി ക്രമീകരിക്കുന്നതില്‍ പല പിഴവുകളും പറ്റിയേക്കാം. അതിസൂക്ഷ്മമായി മാത്രം ചെയ്യാവുന്നതും ചെറിയ താളപ്പിഴ സംഭവിക്കുന്നതോടെ പാളിപ്പോകാന്‍ ഏറെ സാധ്യതയുള്ളതുമാണ് ഈ ക്രമീകരണം. അതുകൊണ്ടാണ് അതിനുവേണ്ടി മാത്രം തര്‍ക്കശാസ്ത്രം, വാദശാസ്ത്രം എന്നൊക്കെ പറയുന്ന ശാസ്ത്രങ്ങള്‍ പോലും പണ്ഡിതര്‍ ആവിഷ്‌കരിച്ചത്. ലോജിക് എന്ന ഈ വിദ്യ അറബി പാഠശാലകളില്‍ മാത്രമേ ഇപ്പോള്‍ കണ്ടുവരുന്നുള്ളൂ. ഇവ്വിഷയകമായ താല്‍പര്യമുള്ളവരും ഗവേഷണം നടത്തുന്നവരും തങ്ങളുടെ അമിതവായനകളിലൂടെ മാത്രമേ ഇതിപ്പോള്‍ പഠിക്കുന്നുള്ളൂ. ഇത് ഒരു പ്രശ്‌നം. മറ്റൊന്ന്, ശ്രേണിയുടെ മേലിലുള്ള അധികാര ബലപ്രയോഗമാണ്. അതാണ് നാം പറഞ്ഞ ഉദാഹരണങ്ങളിലൊക്കെയും കാണുന്നത്. അഥവാ തങ്ങളുടെ ഉള്‍ലക്ഷ്യങ്ങളുടെ സമീപത്തെത്തുന്നതോടെ ബാക്കിയെല്ലാം മടക്കിച്ചുരുട്ടിയെറിയുന്ന ധിക്കാരം. സ്വയുക്തി ആധാരമാക്കി പോലും അവിടെനിന്ന് പിന്നെ മുന്നോട്ടുപോകാതെ അഹങ്കരിച്ചുനില്‍ക്കുന്ന അവസ്ഥ. കേരളത്തില്‍ തലങ്ങും വിലങ്ങും പാഞ്ഞുനടക്കുന്ന യുക്തിവാദികളുടെ സ്വഭാവം ഇതാണ്. ഒരു പോയിന്റിലെത്തിയാല്‍ പിന്നെ യുക്തിയെ പോലും കൈയൊഴിക്കുന്ന വഷളത്തം.
ഇങ്ങനെയൊക്കെ പറഞ്ഞുവരുമ്പോള്‍ ഇസ്‌ലാം യുക്തിയെ പാടെ നിരാകരിക്കുന്നു എന്നതിനു അര്‍ഥമില്ല. ഇസ്‌ലാമിനോളം മനുഷ്യയുക്തിയെ ഉദ്ദീപിപ്പിച്ച ഒരു മതവുമില്ല. മക്കയിലെ അവിശ്വാസികള്‍ നബി (സ)യോട് എന്തെങ്കിലും ഒരു അമാനുഷിക കാര്യം കാണിക്കാന്‍ വെല്ലുവിളിച്ച കാര്യം സുവിദിതമാണല്ലോ. എന്നാല്‍ അതു സ്വീകരിക്കപ്പെട്ടില്ല. പകരം അല്ലാഹു നല്‍കിയതധികവും മനുഷ്യനു ബുദ്ധികൊണ്ടും യുക്തി കൊണ്ടും കണ്ടുപിടിക്കാവുന്ന കാര്യങ്ങളായിരുന്നു. ബുദ്ധിയുടെ അംഗീകാരത്തോടെയല്ലാതെ മനുഷ്യശരീരത്തെ കീഴ്‌പ്പെടുത്തുക ഇസ്‌ലാമിന്റെ ലക്ഷ്യങ്ങളിലേ ഇല്ല. പഠനത്തെയും മനനത്തെയും പര്യവേക്ഷണത്തെയുമെല്ലാം പ്രചോദിപ്പിച്ചുകൊണ്ടെന്നോണം നിരന്തരം ചിന്തിക്കാന്‍ മനുഷ്യനോട് ഖുര്‍ആന്‍ ആവശ്യപ്പെടുന്നതിനു പിന്നിലും മറ്റൊന്നല്ല. പഠന-ഗവേഷണങ്ങള്‍ പ്രതിഫലാര്‍ഹമായ സദ്കര്‍മങ്ങളുടെ ശ്രേണിയിലാണ് ഇസ്‌ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മതത്തെ മുഴുവനും യുക്തികൊണ്ട് മാത്രം വ്യാഖ്യാനിക്കാമെന്നല്ല. ആരാധനകള്‍, ഇന്ദ്രിയഗോചരമല്ലാത്ത കാര്യങ്ങളും വിശ്വാസങ്ങളും തുടങ്ങിയ കാര്യങ്ങളൊന്നും യുക്തിയുടെ പരിധിയില്‍ വരില്ല. സാമൂഹ്യമോ വൈയക്തികമോ ആയ കാര്യങ്ങളൊക്കെയുമാവട്ടെ ഒരേസമയം പ്രമാണത്തിനും യുക്തിക്കും ഒരുപോലെ വിധേയമാകും എന്നത് ഇസ്‌ലാമിന്റെ ഒരു കൗതുകം തന്നെയാണ്. അതോടെ വിഷയം നാം ആദ്യം ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തത്തിലെ 'അറിവോ മാര്‍ഗദര്‍ശനമോ ഇല്ലാതെ' എന്ന പ്രയോഗത്തിലേക്ക് തന്നെ മടങ്ങുകയാണ്. സ്രഷ്ടാവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം ഇല്ലാതെ നമുക്ക് ശരിയായ അറിവിലേക്കും നിഗമനത്തിലേക്കും എത്തിച്ചേരാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."