'രണ്ടാം' സസ്‌പെന്‍ഷനും അഴിമതി വിരുദ്ധ പോരാട്ടവും
ടി.കെ ജോഷി
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതിയും ക്രമക്കേടുമെല്ലാം എത്ര സമര്‍ഥമായാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ നിസാരവല്‍ക്കരിക്കുന്നതെന്നതിനുള്ള മറ്റൊരു ഉദാഹരണമാണ് കാപ്പെക്‌സ് എം.ഡിയുടെ 'രണ്ടാം' സസ്‌പെന്‍ഷന്‍. കേരളാ സ്‌റ്റേറ്റ് കാഷ്യൂ വര്‍ക്കേഴ്‌സ് അപെക്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മാനേജിങ് ഡയറക്ടര്‍ ആര്‍. രാജേഷിനെ അന്വേഷണ വിധേയമായി കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. അഴിമതിക്കും ക്രമക്കേടിനുമെതിരേയുള്ള സര്‍ക്കാരിന്റെ ധീരമായ ഇടപെടലെന്നൊക്കെ സി.പി.എമ്മിന് സൈബര്‍ ഇടങ്ങളില്‍ വേണമെങ്കില്‍ പ്രചരിപ്പിക്കാനാകുന്ന നടപടി. എന്നാല്‍ കാപ്പെക്‌സ് എം.ഡിയുടെ സസ്‌പെന്‍ഷന്‍ മിക്ക മലയാള പത്രങ്ങളുടെയും ഒന്നാം പേജ് വാര്‍ത്തയായി ഇടംപിടിച്ചത് സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ നിലപാടിലുള്ള മാധ്യമങ്ങളുടെ പിന്തുണ കൊണ്ടല്ല, ഈ ഉദ്യോഗസ്ഥനെ അഴിമതിയുടെ കാരണത്താല്‍ രണ്ടാം തവണയാണ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്നതുകൊണ്ടാണ്. വലിയ ഒരു അഴിമതിയുടെ പേരില്‍ ആദ്യ സസ്‌പെന്‍ഷന്‍. പിന്നീട് തിരിച്ചെടുക്കല്‍, തിരിച്ചു ചുമതലയില്‍ വന്നതിനു ശേഷം സസ്‌പെന്‍ഷന്‍ കാലയളവിലെ ശമ്പളം എഴുതിയെടുക്കല്‍. ഇതിനാണ് ഇപ്പോഴത്തെ രണ്ടാം സസ്‌പെന്‍ഷന്‍. കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുന്ന കാര്യങ്ങള്‍. ഇങ്ങനെയൊക്കെ ചെയ്ത ഒരാളെ, സര്‍ക്കാര്‍ ജീവനക്കാരനല്ലാതിരിന്നിട്ടും നടപടി 'രണ്ടാം സസ്‌പെന്‍ഷ'നില്‍ ഒതുക്കിയെന്നതാണ് ഏറെ ശ്രദ്ധേയം. എന്തുകൊണ്ടാണ് ഈ ഉദ്യോഗസ്ഥനെ പുറത്താക്കാത്തതെന്ന ചോദ്യത്തിന് ഇപ്പോഴും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തൃപ്തികരമായ ഉത്തരം ലഭിച്ചിട്ടില്ല. പ്രതിപക്ഷത്തിനും ഇത് ഗൗരവമുള്ള വിഷയമായി തോന്നിയതുമില്ല.
സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടിയ വിലയില്‍ തോട്ടണ്ടി വാങ്ങി സ്വകാര്യ വ്യക്തിയെ സഹായിച്ചു സര്‍ക്കാരിനു നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് രാജേഷിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. വീണ്ടും തിരിച്ചെത്തിയ രാജേഷ് സസ്‌പെന്‍ഷനിലായ സമയത്തെ ആനുകൂല്യങ്ങള്‍ സ്വയം ഉത്തരവിറക്കി കൈപ്പറ്റിയെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.
രാജേഷിനെ വീണ്ടും എം.ഡിയായി നിയമിക്കരുതെന്ന ധനകാര്യ വകുപ്പിന്റെ നിര്‍ദേശം മറികടന്നായിരുന്നു വ്യവസായ വകുപ്പ് വീണ്ടും നിയമനം നല്‍കി ഉത്തരവിറക്കിയത്. ചട്ടങ്ങള്‍ പാലിക്കാതെ തോട്ടണ്ടി ഇറക്കുമതി ചെയ്ത കരാറുകാരന് നല്‍കാനുള്ള 1.20 കോടി നല്‍കാനാണ് രാജേഷിനെ വീണ്ടും എം.ഡിയായി നിയമിച്ചതെന്നായിരുന്നു ആക്ഷേപം. എന്തായാലും വീണ്ടും എം.ഡി കസേരയില്‍ തിരിച്ചെത്തിയ അദ്ദേഹം ആദ്യദിനം തന്നെ 14,000 രൂപയുടെ പുതിയ കസേര വാങ്ങിയത് വിവാദമായി. സസ്‌പെന്‍ഷന്‍ കാലത്തെ മുഴുവന്‍ ശമ്പളവും സ്വയം എഴുതിയെടുക്കുകയും ചെയ്തു.
കാപ്പെക്‌സിനും കാഷ്യൂ കോര്‍പറേഷനും ആവശ്യത്തിനുള്ള തോട്ടണ്ടി കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് ആദ്യ ക്രമക്കേടിന് കളമൊരുങ്ങിയത്. കശുവണ്ടി ക്ഷാമം പരിഹരിക്കാനായിരുന്നു 2018ല്‍ സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഒരു കിലോയ്ക്ക് 138 രൂപ വിലയായിരുന്നു നിശ്ചയിച്ചിരുന്നത്. സര്‍ക്കാര്‍ തീരുമാനത്തിന്റെ മറവില്‍ കാപ്പെക്‌സ് എം.ഡിയായിരുന്ന രാജേഷ് കശുവണ്ടി വാങ്ങാന്‍ കരാര്‍ ഉറപ്പിച്ച കര്‍ഷകന്‍ ഒരു ടണ്‍ തോട്ടണ്ടി നല്‍കാന്‍ പോലും ശേഷിയുള്ളയാളായിരുന്നില്ല. കര്‍ഷകര്‍ക്ക് ജി.എസ്.ടി രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നിരിക്കെ, ഇയാളില്‍ നിന്നും 138 രൂപയ്ക്ക് പുറമേ ജി.എസ്.ടി കൂടി നല്‍കി തോട്ടണ്ടി ശേഖരിച്ചുവെന്നാണ് രേഖകളില്‍ നിന്നും വ്യക്തമായത്. ഈ 'കര്‍ഷക'ന് കരാര്‍ ഉറപ്പിച്ചതും ഏറെ നാടകീയമായാണ്. ഡയറക്ടര്‍ ബോര്‍ഡ് ചേര്‍ന്ന ദിവസം തന്നെയാണ് ഇടപാടിന് താല്‍പര്യമറിയിച്ചുള്ള സ്വകാര്യ വ്യക്തിയുടെ ഇ മെയില്‍ ലഭിക്കുന്നത്. യോഗത്തില്‍ വച്ച് തന്നെ ഇടപാട് ഉറപ്പിച്ചു. എന്നാല്‍ ഇയാള്‍ക്ക് കരാര്‍ പ്രകാരമുള്ള തോട്ടണ്ടി ലഭ്യമാക്കാനുള്ള ശേഷിയുണ്ടോ, നേരിട്ട് കൃഷിയുണ്ടോ തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ റവന്യൂ, കൃഷി വകുപ്പുകളില്‍ നിന്ന് ലഭിച്ചില്ലെന്ന വിവരം എം.ഡി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് മറച്ചുവച്ചു. ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തില്‍, സ്വകാര്യവ്യക്തി ഒരു ടണ്‍ തോട്ടണ്ടി പോലും നല്‍കാന്‍ ശേഷിയുള്ള കര്‍ഷകനല്ലെന്നും പിന്നീട് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കര്‍ഷകന്റെ മറവില്‍ തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങിയ തോട്ടണ്ടിയാണ് കാപ്പെക്‌സിന് നല്‍കിയതെന്നതിനുള്ള തെളിവുകള്‍ ലഭിച്ചു. കാസര്‍കോട് നിന്ന് തോട്ടണ്ടി വാങ്ങിയതിലും സമാനമായ ക്രമക്കേടുകള്‍ നടന്നു. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജേഷിനെ 2019 മേയില്‍ സസ്‌പെന്‍ഡ് ചെയ്തത്. 2021 ഫെബ്രുവരിയില്‍ സര്‍വിസില്‍ തിരികെയെത്തി. ഈ സസ്‌പെന്‍ഷന്‍ കാലയളവിലെ ആനുകൂല്യമെന്ന പേരില്‍ 7.08 ലക്ഷം രൂപയാണ് സ്വയം ഉത്തരവിറക്കി കൈപ്പറ്റിയത്.
ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ സി.എ.ജി പരിശോധിച്ച് തള്ളിയതാണെന്നും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തോട്ടണ്ടി വാങ്ങിയതെന്നും ഈ അജണ്ട യോഗത്തില്‍ വച്ചത് അന്നത്തെ കാപ്പെക്‌സ് ചെയര്‍മാനായിരുന്ന ഇപ്പോഴത്തെ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവനാണെന്നാണ് രാജേഷ് പറയുന്നത്. ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ ഇത്തരം ഉദ്യോഗസ്ഥര്‍ പിന്നെയും സര്‍ക്കാരിന് വേണ്ടപ്പെട്ടവരായി തുടരുന്നതിന്റെ പൊരുള്‍ കൂടുതല്‍ വ്യകതമാകും.
കാഷ്യൂ കോര്‍പറേഷനില്‍ എം.ഡിയായിരിക്കെ കെ.എ രതീഷ് തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐ കേസില്‍ പ്രതിയായതും പിന്നീട് ഈ ഉദ്യോഗസ്ഥനെ വ്യവസായ വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നിയമിച്ചതും രണ്ടാം പിണറായി സര്‍ക്കാര്‍ ശമ്പളം ഇരട്ടിയാക്കി കൊടുത്തതും ഏറെ വിവാദമായതാണ്.
കശുവണ്ടി ഇറക്കുമതിക്കേസില്‍ ഒന്നാം പ്രതിയായ ഇപ്പോഴത്തെ ഖാദി ബോര്‍ഡ് സെക്രട്ടറി രതീഷിന്റെ ശമ്പളം ഇരട്ടിയാക്കാനാണ് മാസങ്ങള്‍ക്ക് മുമ്പ് വ്യവസായ വകുപ്പ് തീരുമാനിച്ചത്. വിവാദത്തെതുടര്‍ന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക് മരവിപ്പിച്ച ശമ്പള വര്‍ധനയാണ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ വ്യവസായ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനു ചേര്‍ന്ന യോഗത്തില്‍ അംഗീകാരം നല്‍കിയത്. ഇതോടെ ഖാദി ബോര്‍ഡ് സെക്രട്ടറിയായ രതീഷിന്റെ ശമ്പളം അഡീഷണല്‍ സെക്രട്ടറിയുടെ സ്‌കെയിലിലേക്ക് മാറി. 1,23,700 - 1,66,800 രൂപയാണ് അഡീഷണല്‍ സെക്രട്ടറിയുടെ ശമ്പള സ്‌കെയില്‍. ഇതിനു പുറമേ മറ്റ് അലവന്‍സുകളും ലഭിക്കും. നിലവില്‍ രതീഷിന് 70,000 രൂപയായിരുന്നു ശമ്പളം. തന്റെ് ശമ്പളം 1.75 ലക്ഷം രൂപയായി സ്വയം വര്‍ധിപ്പിച്ചു രതീഷ് നേരത്തെ ഉത്തരവിറക്കിയെങ്കിലും ധനവകുപ്പ് അനുവദിച്ചിരുന്നില്ല.
കേരളത്തിന്റെ പൊതുകടം വാനോളം ഉയര്‍ന്നിരുക്കുമ്പോഴാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ശമ്പളം സ്വയം ഉയര്‍ത്തിയും എഴുതിയെടുത്തും ഖജനാവില്‍ നിന്നുള്ള 'കൊള്ള' തുടരുന്നത്. മാത്രമല്ല, ആരോപണ വിധേയരെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഒരു മടിയുമില്ലാതെ സര്‍ക്കാര്‍ കുടിയിരുത്തുകയും ചെയ്യുന്നു. ഇത് പൊതുജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ഇത് ഇനിയും ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ ഇടപെടലുകള്‍ തന്നെയാണ് നാടിനാവശ്യമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും തിരിച്ചറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."