മുതിര്‍ന്ന നേതാക്കള്‍ ഇന്ന് പാണക്കാട്ട്; മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം അടുത്തയാഴ്ച
മലപ്പുറം: മുസ്‌ലിം ലീഗ് പാര്‍ലമെന്ററി ബോര്‍ഡ് ചേരുന്നതിനെ സംബന്ധിച്ച് കൂടിയാലോചനക്ക് മുതിര്‍ന്ന നേതാക്കള്‍ ഇന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കാണും. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ് അടക്കമുള്ളവര്‍ സംബന്ധിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവും പ്രഖ്യാപനവും 10 നുള്ളിലുണ്ടാകും. ഇതിനകം നിയോജക മണ്ഡല, ജില്ലാ ഭാരവാഹികളെ വിളിച്ചുചേര്‍ത്തുള്ള യോഗവും ചേരും. തുടര്‍ന്ന് പാര്‍ലമെന്ററി കമ്മിറ്റി ചേര്‍ന്നാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. ഇതുസംബന്ധിച്ച കാര്യങ്ങള്‍ പാണക്കാട് തങ്ങളുമായി ചര്‍ച്ച ചെയ്യാനാണ് ഇന്ന് പാണക്കാട് മുതിര്‍ന്ന നേതാക്കളുടെ യോഗം ചേരുന്നത്.
നിയോജക മണ്ഡല-ജില്ലാ ഭാരവാഹികളുടെ ലിസ്റ്റ് കൂടി പരിഗണിച്ചാവും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. പ്രാദേശിക തലങ്ങളില്‍ പരിചയസമ്പന്നരും മുതിര്‍ന്ന നേതാക്കളും സ്ഥാനാര്‍ഥികളാവും. നിലവിലെ എം.എല്‍.എമാരില്‍ പലര്‍ക്കും ഇത്തവണ സീറ്റുണ്ടാവില്ല. ചിലര്‍ നേരത്തേ തന്നെ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
മുസ്‌ലിം ലീഗ് കഴിഞ്ഞ തവണ 24 സീറ്റിലാണ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ 27 സീറ്റിലായിരിക്കും മത്സരം. ഇതില്‍ 12 സീറ്റുകളും മലപ്പുറം ജില്ലയിലാണ്. സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു മുസ്‌ലിം ലീഗ്. എന്നാല്‍ യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയാകാതെ വന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയവും വൈകുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയേയും 10നുള്ളില്‍ പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."