നേമത്ത് പോരാട്ടം യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍, സി.പി.എം മൂന്നാം സ്ഥാനത്തു പോലുമില്ല; ധര്‍മടത്ത് കരുത്തനായ സ്ഥാനാര്‍ത്ഥി വരും- മുല്ലപ്പള്ളി
തിരുവനന്തപുരം: നേമത്ത് സി.പി.എം മൂന്നാം സ്ഥാനത്ത് പോലുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നേമത്ത് മുരളീധരന്‍ വന്നതോടെ അവിടെ പോരാട്ടം യു.ഡി.എഫും ബിജെപിയും തമ്മിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ആര്‍.ബാലശങ്കറിന്റെ പ്രസ്താവനയിലൂടെ തെളിഞ്ഞു. എത്ര കാലമായി കേരളത്തില്‍ ഞാന്‍ പറയുന്നതാണ് ഇത്. ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ മൂലം നഗ്‌നരാക്കപ്പെട്ട സിപിഎം നേതാക്കളാണ് കേരളീയ പൊതുസമൂഹം തള്ളിക്കളഞ്ഞ കോലീബി സഖ്യം എടുത്തു വീണ്ടും ചര്‍ച്ചയാക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ശബരിമല വിഷയത്തില്‍ തരാതരം അഭിപ്രായം മാറ്റിപ്പറയുകയാണ് മുഖ്യമന്ത്രി. ആരുടെ നിലപാടാണ് സിപിഎം ഉയര്‍ത്തിപിടിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ നിലപാടോ സീതാറാം യെച്ചൂരിയുടെ നിലപാടോ അതോ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കടകംപള്ളി സുരേന്ദ്രന്റെ നിലപാടോ- അദ്ദേഹം ചോദിച്ചു.
സ്ഥാനാര്‍ത്ഥിയാവാന്‍ പറ്റാത്തതില്‍ പ്രതിഷേധിച്ച് ലതികാ സുഭാഷ് കെപിസിസിയില്‍ തല മുണ്ഡനം ചെയ്തു നടത്തിയ പ്രതിഷേധം കടന്ന കൈയായി പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ കരുത്തനാീയ സ്ഥാനാര്‍ത്ഥി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.സി വേണുഗോപാലിനെതിരായ കെ. സുധാകരന്റെ പരാമര്‍ശത്തിലും മുല്ലപ്പള്ളി പ്രതികരിച്ചു. ഏതു ഘട്ടത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെ.സി.വേണുഗോപാല്‍ ഇടപെട്ടതെന്ന് സുധാകരന്‍ ആരോപിക്കുന്നത് ഒരു ഘട്ടത്തിലും കെ.സി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെട്ടിട്ടില്ല. അദ്ദേഹം ഹൈക്കമാന്‍ഡിന്റെ പ്രതിനിധിയാണ്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നിന്താത ജാഗ്രതയോടെയാണ് അദ്ദേഹം ചര്‍ച്ചകളില്‍ ഇടപെട്ടത്. ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയും അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. നാല് പേരല്ല എല്ലാ നേതാക്കളുമായി കൂടിയാലോചന നടത്തിയാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."