' ഇന്ദിരയുടേതും രാജീവിന്റേതും അപകട മരണങ്ങള്‍' അപകടവും രക്തസാക്ഷിത്വവും തമ്മില്‍ വ്യത്യാസമുണ്ടെന്നും കേന്ദ്ര മന്ത്രി
ഡെറാഡൂണ്‍: രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ അപകടങ്ങളായിരുന്നുവെന്നും ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി. ശ്രീനഗറില്‍ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിന്റെ പ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ദിരയുടെയും രാജീവിന്റെയും മരണം ഓര്‍മിച്ചതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ പ്രതികരണം.
''രാഹുല്‍ ഗാന്ധിയുടെ ബൗദ്ധിക നിലവാരത്തില്‍ എനിക്ക് ഖേദമുണ്ട്. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ഭഗത് സിങ്, സവര്‍ക്കര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവര്‍ രക്തസാക്ഷികളാണ്. ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ക്ക് സംഭവിച്ചത് അപകടങ്ങളാണ്. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മില്‍ വ്യത്യാസമുണ്ട്‌രക്തസാക്ഷിത്വവും അപകടങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ഒരാള്‍ക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിന് അനുസരിച്ച് മാത്രമല്ലേ സംസാരിക്കാന്‍ കഴിയൂ''- ഗണേഷ് ജോഷി പറഞ്ഞു.
സമാധാനപരമായി യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കണമെന്നും മന്ത്രി പറഞ്ഞു.
''പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീര്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തില്ലായിരുന്നുവെങ്കില്‍, രാഹുല്‍ ഗാന്ധിക്ക് ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്താന്‍ കഴിയുമായിരുന്നില്ല. ജമ്മു കശ്മീരില്‍ അക്രമം അതിന്റെ മൂര്‍ധന്യത്തില്‍ ആയിരുന്നപ്പോള്‍ ലാല്‍ ചൗക്കില്‍ ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നു'' മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."