അദാനിയെ അടയ്ക്കാൻ ആർക്കുണ്ട് ധൈര്യം?
ഡൽഹി നോട്സ്
കെ.എ സലിം
വിദേശരാജ്യങ്ങളിൽ ഷെൽ കമ്പനികളുണ്ടാക്കി നികുതി വെട്ടിച്ചും കള്ളപ്പണം വെളുപ്പിച്ചും ഓഹരികളിൽ കൃത്രിമം നടത്തിയും തെറ്റായ കണക്കുകൾ അവതരിപ്പിച്ചും കമ്പനികളുടെ മൂല്യം ഉയർത്തി അദാനി വൻതോതിൽ തട്ടിപ്പ് നടത്തിയെന്നതാണ് അദാനി ഗ്രൂപ്പിനെതിരേ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിലെ ആരോപണങ്ങളുടെ ആകത്തുക. ഓഹരിത്തട്ടിപ്പുകാരും ഇന്ത്യയിലെ ബാങ്കിൽനിന്ന് വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരികളുമടക്കമുള്ള കള്ളനാണയങ്ങളുമായി അദാനി ഗ്രൂപ്പിനുള്ള ബന്ധവും റിപ്പോർട്ടിലുണ്ട്. രാജ്യത്തിനകത്തും പുറത്തും അദാനി നടത്തുന്ന തട്ടിപ്പുകൾ പുറത്തുവരുന്നത് ആദ്യമല്ല. ആസ്‌ത്രേലിയയിലും ഇന്ത്യയിലും അദാനി നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് ആസ്‌ത്രേലിയയിലെ എൺവയൻമെന്റ്ൽ ജസ്റ്റിസ് ആസ്‌ത്രേലിയ, എർത്ത് ജസ്റ്റിസ് എന്നീ സന്നദ്ധ സംഘടനകൾ തയാറാക്കിയ അദാനി ഫയൽസ് എന്ന പേരിലൊരു പഠന റിപ്പോർട്ട് തന്നെയുണ്ട്. അദാനി ഗ്രൂപ്പ് വലിയ തട്ടിപ്പ് സംഘമാണെന്ന വ്യക്തമാക്കുന്ന ഈ റിപ്പോർട്ട് ഇപ്പോഴും പൊതുമണ്ഡലത്തിലുണ്ട്. എന്നാൽ ഒരു അന്വേഷണവുമുണ്ടായില്ല. നരേന്ദ്രമോദിയുടെ സ്വന്തക്കാരനെ തൊടാൻ ഒരു ഇ.ഡിയും സി.ബി.ഐയും ധൈര്യം കാട്ടില്ല.
2014ൽ മൗറീഷ്യസിൽ നിന്ന് ഉപകരണങ്ങൾ വാങ്ങാൻ അദാനി 9,048.8 കോടി രൂപ ഇന്ത്യയിൽ നിന്ന് കൊണ്ടുപോയി. എന്നാൽ 3,580.8 കോടിയുടെ സാധനങ്ങളാണ് യഥാർഥത്തിൽ വാങ്ങിയത്. ബാക്കിയുള്ള 5,468 കോടി മൗറീഷ്യസ് ഹോൾഡിങ് കമ്പനിയിൽ രഹസ്യമായി നിക്ഷേപിച്ചു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ഉപകരണങ്ങളുടെ വില 60 ശതമാനത്തിൽ അധികം ഉയർത്തിക്കാട്ടി കൊണ്ടുപോയ പണമെല്ലാം ചെലവഴിച്ചുവെന്ന് കള്ളരേഖയുണ്ടാക്കി കള്ളപ്പണ നിക്ഷേപം മറച്ചുവച്ചു.
വിവരം എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറിഞ്ഞു. കള്ളപ്പണത്തിനെതിരായ പോരാട്ടമെന്ന പ്രഖ്യാപനവുമായി മോദി സർക്കാർ അധികാരത്തിലെത്തിയ ഉടൻ ആദ്യമായി അവരുടെ മുന്നിലെത്തിയ കള്ളപ്പണക്കേസായിരുന്നു ഇത്. റാലികളിലെ മോദിയുടെ കള്ളപ്പണത്തിനെതിരായ വായ്ത്താരി കേട്ട എൻഫോഴ്‌സ്മെന്റ് ഒരാവേശത്തിൽ അദാനിക്കെതിരേ അഹമ്മദാബാദിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. അന്വേഷണം നടത്തി അദാനിയുടെ തട്ടിപ്പ് സംബന്ധിച്ച രേഖകൾ എൻഫോഴ്‌സ്‌മെന്റ് സമ്പാദിക്കുകയും ചെയ്തു. എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. എൻഫോഴ്‌മെന്റ് ഡയരക്ടറേറ്റിന്റെ അഹമ്മദാബാദിലെ ഓഫിസ് സി.ബി.ഐ റെയ്ഡ് ചെയ്തു. അഹമ്മബാദ് ബ്രാഞ്ച് മേധാവിക്കെതിരേ അനധികൃത സ്വത്ത് സമ്പാദിച്ചതിന് സി.ബി.ഐ കേസെടുത്തു. അദാനിക്കെതിരേ അന്വേഷണത്തിന് മേൽനോട്ടം വഹിച്ച അഹമ്മദാബാദ് എൻഫോഴ്‌സ്‌മെന്റിന്റെ മുംബൈ റീജിയനിലെ രണ്ടു ഉയർന്ന ഉദ്യോഗസ്ഥർക്ക് സർക്കാരിന്റെ സമ്മർദം കാരണം ജോലി രാജിവയ്‌ക്കേണ്ടിവന്നു.
അന്വേഷണത്തിന് അനുമതി നൽകിയ അന്നത്തെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടർ രാജൻ എസ്. കത്തോച്ചിനും രാജിവയ്‌ക്കേണ്ടിവന്നു. പിന്നാലെ രാജൻ എസ് കത്തോച്ചിനെ സി.ബി.ഐ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസിൽ കുടുക്കി. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസ് അന്വേഷണം വലിച്ചു നീട്ടിക്കൊണ്ടുപോയെന്ന വിചിത്ര കുറ്റമായിരുന്നു കേസ്. എല്ലാവർക്കും പാഠമായിരുന്നു ഇത്. പിന്നീടൊരിക്കലും നരേന്ദ്രമോദിയുടെ സുഹൃത്തിനെതിരേ അന്വേഷണം നടത്താനുള്ള ധൈര്യമൊന്നും എൻഫോഴ്‌മെന്റിനുണ്ടായിട്ടില്ല. ഗുജറാത്തിലെ ഏറ്റവും വലിയ കള്ളപ്പണക്കേസ് അങ്ങനെ ഇല്ലാതായി. പക്ഷേ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് കുറച്ചുകൂടി ഗൗരവമുള്ളതാണ്. ഓഹരി വിപണിയിലെ അദാനിയുടെ കുതിപ്പ് കണ്ട് ഓഹരികൾ വാങ്ങിക്കൂട്ടിയ സാധാരണക്കാരെ തട്ടിപ്പ് ബാധിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ ആസ്തിയിൽ 100 ബില്യൻ ഡോളർ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കൂട്ടിച്ചേർത്തത് സ്റ്റോക്ക് വില വർധനയിലൂടെയാണ്.
വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പിന്റെ ഏഴ് പ്രധാന കമ്പനികളുടെയും യഥാർഥ മൂല്യം നിലവിലുള്ളതിനേക്കാൾ 85 ശതമാനം കുറവാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. കള്ളത്തരം കാട്ടി വില പെരുപ്പിക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, നികുതിദായകരുടെ പണം തട്ടിയെടുക്കൽ, അഴിമതി എന്നീ നാല് മേഖലകളിലായി 1,38,000 കോടി രൂപ (17 ബില്യൻ ഡോളർ)യുടെ ഇടപാട് നടന്നതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് അന്വേഷണം നേരിട്ടതായി റിപ്പോർട്ട് പറയുന്നുണ്ട്. നികുതി വെട്ടിപ്പിന്റെ ഭാഗമായി കരീബിയൻ ദ്വീപുകൾ, മൗറീഷ്യസ്, യു.എ.ഇ എന്നി രാജ്യങ്ങളിൽ കുടുംബാംഗങ്ങളുടെ സഹായത്തോടെ ഷെൽ (പുറന്തോട്) കമ്പനികളുണ്ടാക്കി. വ്യാജ ഇറക്കുമതി, കയറ്റുമതി രേഖകളുണ്ടാക്കി രാജ്യത്തെ സ്ഥാപനങ്ങളുടെ വിറ്റുവരവിൽ കൃത്രിമം കാട്ടുകയും നികുതി വെട്ടിക്കുകയും ചെയ്തു.
ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയുടെയോ കൂട്ടാളികളുടെയോ നിയന്ത്രണത്തിൽ മൗറീഷ്യസിൽ 38 ഷെൽ കമ്പനികളുണ്ടെന്ന് കണ്ടെത്തി. സൈപ്രസ്, യു.എ.ഇ, സിംഗപ്പുർ, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിൽ വിനോദ് അദാനി രഹസ്യമായി നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുമുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. വിനോദ് അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ 13 വെബ്‌സൈറ്റുകൾ സൃഷ്ടിച്ചിട്ടുണ്ട്. പലതും സംശയകരമാംവിധം ഒരേ ദിവസം ഉണ്ടാക്കിയതാണ്. ഇതിൽ യഥാർഥ ജീവനക്കാരുടെ പേരുവിവരങ്ങളില്ല. സ്റ്റോക്ക് ഫോട്ടോകൾ മാത്രമേയുള്ളൂ.
അദാനി ഓഹരികളിൽ മൂന്ന് ബില്യൻ ഡോളറിലേറെ നിക്ഷേപമുള്ള വിദേശ നിക്ഷേപ സ്ഥാപനമായ എലോറയുടെ മുൻ വ്യാപാരി അദാനി ഓഹരി നിയന്ത്രിക്കുന്നതായി വെളിപ്പെടുത്തി. ഫണ്ടുകളുടെ ഉടമസ്ഥാവകാശം മറച്ചുവെയ്ക്കാൻ ബോധപൂർവം ഇടപെടലുകളുണ്ടായി. മോണ്ടറോസ ഹോൾഡിങ്‌സ് എന്ന സ്ഥാപനം അദാനി കമ്പനികളുടെ ഓഹരികളിൽ 4.5 ബില്യൻ യു.എസ് ഡോളർ ഫണ്ട് നിയന്ത്രിക്കുന്നു. മോണ്ടറോസയുടെ സി.ഇ.ഒയും ചെയർമാനും ഇന്ത്യയിൽ നിന്ന് തട്ടിപ്പ് നടത്തി പലായനം ചെയ്യുന്നതിന് മുമ്പ് ഒരു ബില്യൻ യു.എസ് ഡോളർ മോഷ്ടിച്ച ഒരു വജ്രവ്യാപാരിക്കൊപ്പം മൂന്ന് കമ്പനികളിൽ ഡയറക്ടറായി പ്രവർത്തിച്ചു. ഒളിവിൽപ്പോയ വജ്രവ്യാപാരിയുടെ മകനെ വിവാഹം കഴിച്ചത് വിനോദ് അദാനിയുടെ മകളാണ്.
കുപ്രസിദ്ധ ഇന്ത്യൻ മാർക്കറ്റ് തട്ടിപ്പുകാരനായ കേതൻ പരേഖുമായി സ്റ്റോക്ക് കൃത്രിമ ഇടപാടുകളിൽ അടുത്ത് പ്രവർത്തിച്ച ധർമ്മേഷ് ദോഷി എന്ന പിടികിട്ടാപ്പുള്ളിയുമായി എലോറയുടെ സി.ഇ.ഒ ഇടപാടുകൾ നടത്തിയതായും ചോർന്ന ഇമെയിലുകൾ ചൂണ്ടിക്കാട്ടി ഹിൻഡൻബർഗ് റിസർച്ച് വ്യക്തമാക്കുന്നുണ്ട്.
ഹിൻഡൻബർഗ് റിസർച്ച് റിസർച്ച് റിപ്പോർട്ടിലില്ലാത്ത കാര്യങ്ങൾ വേറെയുമുണ്ട്. അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ 43,500 കോടിയുടെ ഓഹരികളുള്ള മൂന്ന് വിദേശ കമ്പനികളുടെ ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് അക്കൗണ്ടുകൾ കള്ളപ്പണം വെളുപ്പിക്കൽ (തടയൽ) നിയമപ്രകാരം നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് കുറച്ച് മാസങ്ങൾക്ക് മുമ്പ് മരവിപ്പിച്ചിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താത്തതിനെ തുടർന്നാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നാണ് വിവരം. അദാനി എന്റർപ്രൈസസിൽ 6.82ശതമാനവും അദാനി ട്രാൻസ്മിഷനിൽ 8.03ശതമാനവും അദാനി ടോട്ടൽ ഗ്യാസിൽ 5.92ശതമാനവും അദാനി ഗ്രീൻ എനർജിയിൽ 3.58 ശതമാനവും ഓഹരികളാണ് ഈ സ്ഥാപനങ്ങൾക്കുള്ളത്.
അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് മുമ്പ് ഈ വിദേശഫണ്ടുകൾക്ക് അറിയിപ്പ് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. ദൂരൂഹതയുള്ളതാണ് മൂന്ന് ഫണ്ടുകളും. ഇവ സെബിയിൽ മൗറീഷ്യസിൽ നിന്നുള്ള വിദേശപോർട്ട്‌ഫോളിയോ നിക്ഷേപകരായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ, വെബ്‌സൈറ്റുകളുമുണ്ടായിരുന്നില്ല. ഇൗ കമ്പനികൾ മൗറീഷ്യസിലെ പോർട്ട് ലൂയിസിൽ ഒരേ വിലാസത്തിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതായത്, മൂന്നും അദാനിയുടെ തന്നെ കള്ളപ്പണം വെളുപ്പിക്കൽ കമ്പനികളാണ്. അദാനിയുടെ തട്ടിപ്പുകൾക്കെല്ലാം മൗറീഷ്യസിലെ പങ്കാളി മൗറീഷ്യസ് ഹോൾഡിങ് കമ്പനിയാണ്. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടേതാണ് ഈ കമ്പനി.
അദാനിയുടെ സിംഗപ്പൂർ ആസ്ഥാനമായുള്ള അന്താരാഷ്ട്ര കമ്പനിയായ അദാനി ഗ്ലോബൽ പി.ടി.ഇ ചില ഷെൽ കമ്പനികളുമായി നടത്തിയ കള്ളപ്പണ ഇടപാട് സംബന്ധിച്ച് ന്യൂയോർക്ക് ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ന്യൂയോർക്ക് മെലോൺസ് അമേരിക്കയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഫിനാൻഷ്യൽ ക്രൈം എൻഫോഴ്‌സ്‌മെന്റ് നെറ്റ്‌വർക്കിന് റിപ്പോർട്ട് നൽകിയതാണ് അദാനിയുടേതായി കഴിഞ്ഞ വർഷം അവസാനത്തിൽ പുറത്തുവന്ന കള്ളപ്പണ ഇടപാട്. സംശയകരമായ നിരവധി ഇടപാടുകളാണ് അദാനി ഗ്ലോബൽ പി.ടി.ഇ നടത്തിയിരിക്കുന്നത്. സീഷെൽസിലെ കമ്പനികളിൽ നിന്ന് 14.46 മില്യൻ ഡോളർ കൈപ്പറ്റിയെന്നാണ് ഇതിലൊന്ന്. മാഹെ ദ്വീപിൽ വിലാസമുള്ള തിയോൺവില്ലെ ഫിനാൻസർ ലിമിറ്റഡാണ് അദാനി ഗ്ലോബലുമായി സംശയകരമായ ഇടപാട് നടത്തിയ ഒരു കമ്പനി.
2005നും 2014നും ഇടക്ക് 6.24 ബില്യൻ ഡോളറിന്റെയും തൊട്ടടുത്ത വർഷം ജനുവരിയിൽ മാത്രം 105 മില്യൻ ഡോളറിന്റെയും ഇടപാടുകൾ നടന്നു. പിന്നാലെ ഹോങ്കോങ്, റഷ്യ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലുള്ള കമ്പനികളുമായും അദാനി അദാനി ഗ്ലോബൽ പി.ടി.ഇ സംശയകരമായ ഇടപാടുകൾ നടത്തി.
കേന്ദ്ര സർക്കാർ രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചപ്പോൾ അതിൽ തിരുവനന്തപുരം അടക്കം ആറും നേടിയത് ഈ മേഖലയിൽ മുൻപരിചയമില്ലാത്ത അദാനിയാണ്. ഒറ്റരാത്രികൊണ്ട് അദാനി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നടത്തിപ്പു കമ്പനിയായി. രണ്ടു വർഷംകൊണ്ട് വിഴിഞ്ഞമടക്കമുള്ള തുറമുഖങ്ങൾ കൈക്കലാക്കി രാജ്യത്തെ ഏറ്റവും വലിയ തുറമുഖ നടത്തിപ്പ് കമ്പനിയും കൽക്കരി ഖനിയുടമയുമായി. റിപ്പോർട്ടുകൾ ഇനിയും വരും. ആർക്കുണ്ട് അദാനിയെ തൊടാൻ ധൈര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."