പി.എം ശ്രീ പദ്ധതി നടപ്പിലാക്കാൻ സന്നദ്ധതയറിയിച്ച് കേരളം കത്തയച്ചത് 2024ൽ; സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത് പുറത്ത്
തിരുവനന്തപുരം: കേന്ദ്ര നയങ്ങൾ ഉൾപ്പെടുന്ന പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള തീരുമാനം കേരളം എടുത്തത് ഇപ്പോഴല്ലെന്ന റിപ്പോർട്ട് പുറത്ത്. കഴിഞ്ഞ വർഷം തന്നെ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനമെടുത്തിരുന്നുവെന്ന് വ്യക്തമാക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിലെ വിവരങ്ങൾ പുറത്തുവന്നു. ധാരണപത്രം ഒപ്പിടാൻ സന്നദ്ധതയറിയിച്ച് സംസ്ഥാനം 2024 മാർച്ചിളാണ് കേന്ദ്രത്തിന് കത്തയച്ചത്.
കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ആണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാറിന് കത്ത് നൽകിയത്. സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ. പി.എം ശ്രീ സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ 2024-25 അധ്യയന വർഷത്തിന് മുമ്പ് സംസ്ഥാനം ഒപ്പുവെക്കും എന്ന കാര്യം കത്തിൽ പറയുന്നുണ്ട്.
കേരളത്തിൽ പി.എം. ശ്രീ സ്കൂളുകൾ സ്ഥാപിക്കാൻ സംസ്ഥാനം ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട് എന്നും കത്തിൽ പറയുന്നു. 2023-24 സാമ്പത്തിക വർഷത്തേക്ക് അനുവദിച്ച ഫണ്ടിന്റെ 37.5 ശതമാനം അനുവദിക്കണമെന്ന അഭ്യർത്ഥനയും കത്തിൽ ഉണ്ട്.
സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നിരവധി നൂതനവും സുസ്ഥിരവുമായ സംരംഭങ്ങൾ നടപ്പിലാക്കുന്നതിലൂടെ വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ കേരള സംസ്ഥാനം എപ്പോഴും പ്രതിജ്ഞാബദ്ധമാണ് എന്ന കാര്യവും കത്തിൽ അറിയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."