ഉത്തരേന്ത്യയുടെ കൈപിടിക്കാന്‍ കേരള മോഡല്‍
അസമിലെ നല്‍ബാരി പ്രവിശ്യയിലെ വെസ്റ്റ് കജസ്സര്‍ ഗ്രാമം. നഷ്ടസ്വപ്നങ്ങളുടെ ഭീതിദമായ ഓര്‍മകളില്‍നിന്ന് പുതുജീവിതത്തിന്റെ കരപറ്റാന്‍ പാടുപെടുന്ന ഒരു കൂട്ടം മനുഷ്യജന്മങ്ങളുടെ നാട്. ബ്രഹ്മപുത്ര മഹാനദി പ്രളയഭാവത്തില്‍ താണ്ഡവമാടിയപ്പോള്‍ കിടപ്പാടം നഷ്ടപ്പെട്ട അനേകമാളുകള്‍ ഇവിടെ കുടില്‍കെട്ടിയിട്ടുണ്ട്. ദൈന്യത നിഴലിക്കുന്ന കാഴ്ചകള്‍ക്കിടയില്‍ പ്രതീക്ഷയുടെ പുതുനാമ്പെന്ന പോലെ ഒരു പുത്തന്‍കെട്ടിടമുണ്ടിവിടെ. നാല് ക്ലാസുകളിലായി നൂറിലേറെ കുരുന്നുകള്‍ മതപാഠം നുകരുന്ന ഹസ്രത്ത് ഉമറുല്‍ ഫാറൂഖ് മോറല്‍സ്‌കൂള്‍. കെട്ടിലും മട്ടിലും പഠനരീതിയിലും തനി കേരളത്തനിമ നിഴലിക്കുന്ന ഒരു മദ്‌റസ. സമീപത്തുതന്നെയുള്ള പഴയ പള്ളിവരാന്തയില്‍ നാമമാത്രമായി പ്രവര്‍ത്തിച്ചിരുന്ന മതപഠനകേന്ദ്രം ഒരു ചിട്ടയൊത്ത മദ്‌റസയായി രൂപാന്തരം പ്രാപിച്ച നിര്‍വൃതിയിലാണ് പ്രദേശവാസികള്‍. ഈ ആത്മസായൂജ്യം അവര്‍ക്ക് പകര്‍ന്നുനല്‍കിയത് രാജ്യത്തിന്റെ തെക്കേയറ്റത്തുള്ള കൊച്ചുകേരളത്തില്‍നിന്നെത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തകരാണെന്നതാണ് ഏറെ ശ്രദ്ധേയം.
മദ്റസകള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ഫാസിസ്റ്റ് ഭരണകൂടം കരുനീക്കം നടത്തുമ്പോഴാണ് മതപാഠങ്ങള്‍ക്കൊപ്പം മാനവികതയുടെയും സഹജീവിസ്നേഹത്തിന്റെയും മഹനീയ സന്ദേശങ്ങള്‍ പകരുന്ന കേരളത്തിന്റെ മദ്റസാ പ്രസ്ഥാനത്തെ പകര്‍ത്താന്‍ ഉത്തരേന്ത്യ മുന്നോട്ടുവരുന്നത്. നല്‍ബാരിയിലെ മദ്റസ പോലെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി ഗ്രാമങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പുത്തനുണര്‍വായി കേരള മോഡല്‍ മതപാഠശാലകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. തെന്നിന്ത്യയിലെ പ്രമുഖ മതകലാലയമായ ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂര്‍വവിദ്യാര്‍ഥി സംഘടന ഹാദിയയാണ് തങ്ങളുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയിലൂടെ ഈ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്.
മൂല്യങ്ങളേറെയുള്ള മതപഠന സമ്പ്രദായത്തിലൂടെ കേരളത്തിന്റെ വിജ്ഞാനഭൂപടത്തില്‍ പ്രോജ്ജ്വലിച്ചുനില്‍ക്കുന്ന സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ ശിഖരങ്ങള്‍ രാജ്യത്തിനു മുഴുവന്‍ തണല്‍നല്‍കും വിധം പടര്‍ന്നു പന്തലിക്കാന്‍ വഴിയൊരുക്കുകയാണ് ഹാദിയപോലുള്ള സംഘടനകളും അവയുടെ സന്ദേശവാഹകരായ ഒരു പറ്റം വിദ്യാഭ്യാസ പ്രവര്‍ത്തകരും. അജ്ഞത, ദാരിദ്ര്യം, ഭരണകൂട ഭീകരത, സാമൂഹിക അരക്ഷിതത്വം തുടങ്ങി പരാധീനതകളുടെ കുത്തൊഴുക്കില്‍ ഉഴലുന്ന അസംഖ്യം മുസ്ലിംഗ്രാമങ്ങള്‍ ഈ സേവനങ്ങളുടെ ഗുണഫലങ്ങളനുഭവിക്കുമ്പോള്‍ മലയാളത്തിന് അഭിമാനിക്കാന്‍ അതൊരു വലിയ കാരണമാണ്.
മക്തബുകളിലൂടെ
ഉണരുന്ന ഗ്രാമങ്ങള്‍
അടിസ്ഥാന മതപഠനത്തിന് ഏറെ പ്രാധാന്യം കല്‍പിക്കുന്നവരാണ് മുസ്‌ലിം സമൂഹം. ഖുര്‍ആന്‍ പാരായണ പരിശീലനം, സുപ്രധാന വിശ്വാസ തത്വങ്ങളെക്കുറിച്ചുള്ള അവബോധം, അഞ്ച് നേരത്തെ നിസ്‌കാരമുള്‍പ്പെടെയുള്ള നിര്‍ബന്ധാനുഷ്ഠാനങ്ങളിലുള്ള പ്രായോഗിക പരിശീലനം എന്നിവയുള്‍പ്പെടുന്ന അടിസ്ഥാന മതപഠനത്തിനായാണ് പ്രാഥമിക മതപാഠശാലകള്‍ പ്രവര്‍ത്തിക്കുന്നത്. മലയാളികള്‍ ഇവയെ മദ്റസകള്‍ എന്ന് വിളിക്കുന്നു. എന്നാല്‍ രാജ്യത്ത് മിക്കയിടങ്ങളിലും പ്രാഥമിക ഇസ്‌ലാമിക പാഠശാലകള്‍ അറിയപ്പെടുന്നത് മക്തബുകള്‍ എന്ന പേരിലാണ്.
വ്യവസ്ഥാപിത സംവിധാനങ്ങള്‍ക്കു കീഴിലല്ലാത്തതിനാല്‍ മക്തബുകളുടെ പ്രവര്‍ത്തനം മിക്ക സംസ്ഥാനങ്ങളിലും നാമമാത്രമാണ്. പലതും ഏകാധ്യാപക മാതൃക പിന്തുടരുന്നവ. മസ്ജിദുകളിലും മതപണ്ഡിതരുടെ വീടുകളോട് ചേര്‍ന്നും പ്രവര്‍ത്തിക്കുന്ന പാഠശാലകളാണ് മിക്കതും. കേരളത്തില്‍ കാണുന്നതുപോലെ പ്രാദേശിക കമ്മിറ്റികള്‍ നേതൃത്വം നല്‍കുന്ന മക്തബുകള്‍ വിരളമാണ്. പ്രായവും അറിവും പരിഗണിച്ച് കുട്ടികളെ വിവിധ ഗ്രേഡുകളിലായി തരംതിരിച്ചുള്ള പഠനരീതി സ്വീകരിച്ച് നല്ല പാഠ്യപദ്ധതി നടപ്പിലാക്കുന്ന പാഠശാലകളും കുറവാണ്. ഈ പരിമിതികളോടെ പ്രവര്‍ത്തിക്കുന്ന മക്തബുകള്‍ തന്നെ എണ്ണത്തില്‍ തീരെ കുറവാണ്. മുസ്‌ലിം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ആയിരക്കണക്കിന് കുഗ്രാമങ്ങളില്‍ പേരിനുപോലും ഒരു മതപാഠശാലയോ സ്‌കൂളോ നിലവിലില്ലെന്നതാണ് യാഥാര്‍ഥ്യം. ഈ ദുരവസ്ഥ മാറ്റിയെടുക്കാനാണ് കേരള മാതൃകയിലുള്ള മദ്റസകളുടെ കടന്നുവരവ്.
വിവിധ രൂപത്തിലും ഭാവത്തിലും കാര്യക്ഷമമായ സംവിധാനങ്ങള്‍ക്കു കീഴിലല്ലാതെ പ്രവര്‍ത്തിക്കുന്ന മക്തബുകളെ ഏറ്റെടുത്ത് മികവിന്റെ കേന്ദ്രങ്ങളാക്കുകയും അതോടൊപ്പം മതപഠന സൗകര്യമില്ലാത്ത ഇടങ്ങളില്‍ പുതിയ മക്തബുകള്‍ സ്ഥാപിക്കുകയും ചെയ്ത് രാജ്യത്തിന്റെ ഉള്‍ത്തുടിപ്പായ ഗ്രാമങ്ങള്‍ക്ക് വെളിച്ചം പകരുകയാണ് കേരളത്തില്‍നിന്നുള്ള മതപണ്ഡിതരുടെ കൂട്ടായ്മ. ഒരു മക്തബ് സ്ഥാപിക്കുന്നതിലൂടെ ഒരു ഗ്രാമത്തിന്റെ മുഖഃച്ഛായതന്നെ മാറ്റിയെടുക്കാനാവുമെന്നതിന്റെ തെളിവാണ് കേരള മാതൃകയിലുള്ള മതപാഠശാലകള്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ഗ്രാമങ്ങള്‍.
വിശ്വാസപരമായ അറിവിന്റെ പ്രാധാന്യം ജനങ്ങളെ തെര്യപ്പെടുത്തി പരമാവധി കുട്ടികളെ മക്തബുകളിലെത്തിക്കുകയാണ് ആദ്യപടി. ക്ലാസുകള്‍ തരംതിരിച്ച് ആവശ്യമുള്ള അധ്യാപകരെ കണ്ടെത്തിയതിന് ശേഷം പ്രാദേശികമായ പ്രത്യേകതകള്‍ക്കനുസൃതമായി സമസ്ത തയ്യാറാക്കിയ പാഠ്യപദ്ധതി പരിചയപ്പെടുത്തി മദ്റസ വിദ്യാഭ്യാസത്തിന്റെ കേരള മാതൃകയിലേക്ക് ഈ പാഠശാലകളെ കൊണ്ടുവരുന്നു. ഭാഷാവൈവിധ്യമെന്ന രാജ്യത്തിന്റെ പ്രത്യേകത കണ്ടറിഞ്ഞ് ഉറുദു, അസമീസ്, ബംഗ്ല തുടങ്ങിയ പ്രാദേശിക ഭാഷകളില്‍ സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ വഴിയാണ് ഇതര സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് കുരുന്നുകള്‍ അറിവ് നുകരുന്നത്. കര്‍ണാടക, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ബിഹാര്‍, അസം, ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരള മാതൃകയെന്ന പുതുവഴി തേടി ഇതുവരെയെത്തിയ സംസ്ഥാനങ്ങള്‍. ഞങ്ങളുടെ നാട്ടില്‍ ഒരു കേരള മോഡല്‍ മക്തബുണ്ടെന്ന് അഭിമാനത്തോടെ പറയുന്ന ആയിരക്കണക്കിന് മുഹല്ലകളിലൂടെ ആ തരംഗം അതിരുകള്‍ ഭേദിച്ച് പടര്‍ന്നുകൊണ്ടിരിക്കുന്നു.
മോറല്‍ സ്‌കൂള്‍, കേരള മോഡല്‍ ഇസ്ലാമിക് സ്‌കൂള്‍ എന്നിങ്ങനെ വിവിധ പേരുകളിലാണ് കേരള മദ്റസകളുടെ ഉത്തരേന്ത്യന്‍ പതിപ്പുകള്‍ ഉയരുന്നത്. തങ്ങള്‍ ഇതുവരെ കണ്ടുശീലിച്ച മതപാഠശാലകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തവും നവീനവും ഏറെ ഗുണപ്രദവുമാണ് കേരള മാതൃകയെന്ന് ഓരോ ഗ്രാമവും ഒറ്റക്കെട്ടായി പറയുന്നു. പശ്ചിമബംഗാളിലെ ചൗബീസ് പര്‍ഗാനാസ് ജില്ലയിലെ സിമുലിയ സ്വദേശിയായ ശൈഖ് മുശറഫിന്റെ വാക്കുകള്‍ നോക്കാം: 'ഞങ്ങളുടെ ഗ്രാമത്തില്‍ മതം പഠിക്കാന്‍ പറ്റിയ സാഹചര്യമുണ്ടായിരുന്നില്ല. കേരള മോഡല്‍ ഇസ്ലാമിക് സ്‌കൂള്‍ വന്നതിന് ശേഷം ഒട്ടേറെ മാറ്റങ്ങളുണ്ടായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മതപഠനത്തിനുള്ള സൗകര്യമുണ്ടെന്നത് വളരെ സന്തോഷകരമാണ്. എല്ലാം ഈ മദ്റസ കൊണ്ടുവന്ന മാറ്റമാണ്'. മുശറഫിന്റെ പേരമകന്‍ സിമുലിയയിലെ മൊസദ്ദെജ കേരള മോഡല്‍ ഇസ്ലാമിക് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
കുട്ടികള്‍ക്ക് അടിസ്ഥാന മതപഠന സൗകര്യമെന്നതിലുപരി ഗ്രാമത്തിന്റെ പൊതുവായ സമുദ്ധാരണ കേന്ദ്രമായി മാറുകയാണ് ഓരോ കേരള മോഡല്‍ മക്തബും. ഉച്ച സമയങ്ങളിലും വൈകുന്നേരങ്ങളിലുമായി മുതിര്‍ന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഖുര്‍ആന്‍ പാരായണ പരിശീലനവും മതപഠന ക്ലാസും വിവിധ മക്തബുകളില്‍ ചിട്ടയോടെ നടന്നുവരുന്നു. മക്തബുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതിനു ശേഷം ഗ്രാമങ്ങളിലുണ്ടായ മാറ്റങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്. തങ്ങളുടെ വിശ്വാസാദര്‍ശങ്ങള്‍ അറിഞ്ഞും അനുഭവിച്ചും കൃത്യമായി പിന്തുടര്‍ന്നും ജീവിക്കാനാവുന്നുവെന്നതില്‍ ജനങ്ങള്‍ ഏറെ സന്തുഷ്ടരാണ്. ആ ചൈതന്യം അവരുടെ തൊഴിലിലും കുടുംബജീവിതത്തിലും സാമൂഹിക ഇടപെടലുകളിലും ഊര്‍ജ്ജം പകരുന്നു.
മക്തബുകള്‍ കേന്ദ്രീകരിച്ച് പൊതുവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സജീവമാണ്. സ്‌കൂളുകളിലേക്ക് പരമാവധി കുട്ടികളെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഹാദിയ പ്രതിനിധികളുള്‍പ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എല്ലാ അര്‍ഥത്തിലും കേരള മോഡല്‍ മക്തബുകള്‍ അതത് നാടുകളുടെ സാമൂഹിക നവോഥാനത്തിന്റെ സിരാകേന്ദ്രമായി മാറുന്നു.
എന്തുകൊണ്ട്
കേരള മോഡല്‍?
മതപഠനവും മതപാഠശാലകളും ഏറെ തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. മുസ്ലിംകള്‍ക്ക് നേരെ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ മതപാഠശാലകളെയും വേട്ടയാടുന്നു. എന്നാല്‍ വിഭാഗീയത സൃഷ്ടിച്ച് ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ പോലും കേരളത്തിലെ മദ്റസാ പ്രസ്ഥാനത്തിനു നേരെ പരസ്യപ്രചാരണത്തിന് മുതിരാറില്ല. സമസ്തയുടെ നേതൃത്വത്തില്‍ ഇവിടെ വേരൂന്നിയ മദ്റസാ സമ്പ്രദായം രാജ്യത്തിന്റെ പൈതൃകത്തെയും സാംസ്‌കാരിക മൂല്യങ്ങളെയും അത്രമേല്‍ വിലമതിക്കുന്നുവെന്നതാണ് ഇതിനു കാരണം. മതം പഠിപ്പിക്കുന്നതോടൊപ്പം മതങ്ങള്‍ക്കതീതമായ സൗഹാര്‍ദ്ദത്തിനും രാഷ്ട്രസേവനത്തിനും വലിയ പ്രാധാന്യമുണ്ടെന്ന ബോധ്യം കൂടിയാണ് കേരള മദ്റസകള്‍ കുരുന്നുകള്‍ക്ക് പകരുന്നത്. വര്‍ഗീയചിന്തകളെ കേരളത്തിന്റെ സാമൂഹിക പരിസരത്തുനിന്ന് അകറ്റിനിര്‍ത്തുന്നതില്‍ ഈ മദ്റസാ സംസ്‌കാരത്തിന് വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെയാണ് കേരള മോഡല്‍ മതപഠനത്തിന് പ്രസക്തിയേറുന്നത്.
മതസംഘടനകളുടെ ശക്തമായ സ്വാധീനമുള്ളപ്പോഴും സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങളില്‍ സംഘടനാ സങ്കുചിതത്വങ്ങള്‍ മാറ്റിനിര്‍ത്തിയുള്ള സഹകരണം മലയാളി മുസ്ലിം സമൂഹത്തില്‍ ശക്തമാണ്. സംഘടനകളുടെ സ്വാധീനം പൊതുവെ കുറവായ ഇതരസംസ്ഥാനങ്ങളില്‍ പൊതുവായ ഐക്യപ്പെടല്‍ സാര്‍വത്രികമല്ല. ബറേല്‍വി, ദയൂബന്ദീ ഭിന്നതകള്‍ ഇവിടങ്ങളില്‍ ഏറെ ശക്തവുമാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് വിശാല താല്‍പര്യത്തോടെയുള്ള സാമൂഹിക ജാഗരണം സാധ്യമാക്കാന്‍ കേരള മോഡല്‍ മദ്റസകളുടെ സ്വാധീനം സഹായകമാവുന്നുവെന്നത് വലിയ പ്രതീക്ഷനല്‍കുന്നു. തങ്ങളുടെ മതകീയവും സാമൂഹികവുമായ വെല്ലുവിളികള്‍ എന്താണെന്ന് തിരിച്ചറിഞ്ഞ് അതിനനുസൃതമായ ഉപായങ്ങള്‍ കണ്ടെത്താന്‍ ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ പ്രാപ്തരാക്കാന്‍ മക്തബുകളുടെ പ്രവര്‍ത്തനം വഴിയൊരുക്കുന്നുണ്ട്.
പ്രാദേശികമായ പ്രവര്‍ത്തകസമിതികള്‍ വഴിയാണ് കേരള മദ്റസകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെടുന്നത്. മദ്റസകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ സാമ്പത്തികച്ചെലവുകള്‍ കണ്ടെത്താനാവുന്നുവെന്നതിലപ്പുറം സംഘബോധം വളര്‍ത്താനും ഈ രീതി പ്രയോജനപ്പെടുന്നു. ഉത്തരേന്ത്യന്‍ മക്തബുകളെ ഇത്തരത്തിലുള്ള സമിതികള്‍ രൂപീകരിച്ച് പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണുമ്പോള്‍ കേരളത്തില്‍ പ്രകടമാവുന്ന സംഘബോധവും കൂടിയാണ് അവിടെ രൂപംകൊള്ളുന്നത്.
മഹല്ല് കമ്മിറ്റികളും മദ്റസാ കമ്മിറ്റികളും വഴി ഓരോ ഗ്രാമവും ക്രമാനുഗതമായി വളര്‍ന്നുവരുന്ന കാഴ്ചകള്‍ പുതിയ മാറ്റത്തിന്റെ ഭാഗമാണ്. പശ്ചിമബംഗാളിലെ ചാന്ദ്പൂര്‍, ബീഹാറിലെ മജ്ഗമ, ചക്ല ഗ്രാമങ്ങള്‍ ചില ഉദാഹരണങ്ങളാണ്. കേരളത്തിലെ ഒരു മാതൃകാ മഹല്ലില്‍ കാണുന്ന മതപഠന സൗകര്യങ്ങളും ഒരു ഗ്രാമത്തിനാവശ്യമായ മികച്ച പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍പരിശീലനകേന്ദ്രങ്ങളും കോര്‍ത്തിണക്കിയുള്ള മോഡല്‍ വില്ലേജുകളായി രൂപാന്തരം പ്രാപിക്കുകയാണ് ഇത്തരം ഗ്രാമങ്ങള്‍.
ഗ്രാമങ്ങള്‍ വിളിക്കുന്നു...
കേരളത്തെ
മുസ്ലിം ജനസംഖ്യയിലും ജനസാന്ദ്രതയിലും കേരളത്തേക്കാള്‍ ഏറെ മുന്നിലാണെങ്കിലും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്വത്വബോധവും മതജീവിതവും അന്യമായ സാമൂഹിക പരിസരമാണ് മുസ്ലിം സമൂഹത്തിന്റേത്. ദാരിദ്ര്യവും ഭീതിയും അരക്ഷിതമാക്കിയ അവരുടെ ജീവിതം വിദ്യാഭ്യാസരംഗത്തെ ഇടപെടലുകളിലൂടെ മെച്ചപ്പെടുത്തിയെടുക്കുക ഏറെ ശ്രമകരമാണ്. എങ്കിലും അറിവിലൂടെ ഉണര്‍ത്തുകയെന്നതുതന്നെയാണ് അവരോട് കാണിക്കാവുന്ന ഏറ്റവും വലിയ ഐക്യദാര്‍ഢ്യം. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി ചൂഷണം ചെയ്യാനല്ലാതെ മുഖ്യധാരാ പാര്‍ട്ടികളോ നേതാക്കളോ തിരിഞ്ഞുനോക്കുകപോലും ചെയ്യാത്ത ഗ്രാമങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ പരാധീനതകള്‍ മനസിലാക്കി കൂടെനിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരെയാണ് രാജ്യം തേടുന്നത്.
അറിവ് നിഷേധിക്കപ്പെടുന്നതാണ് ഗ്രാമീണജനതയുടെ വലിയ പ്രശ്നം. സമാശ്വാസ പദ്ധതികളും റിലീഫ് പ്രവര്‍ത്തനങ്ങളും അടിസ്ഥാനപ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമല്ല. നിരന്തരമായ സാമൂഹിക സമുദ്ധാരണത്തിന് അതതു ഗ്രാമങ്ങളിലെ ജനങ്ങളെ തന്നെ പ്രാപ്തരാക്കിമാറ്റാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍കൊണ്ടു മാത്രമേ കഴിയൂ. തങ്ങളുടെ സ്വത്വം നിര്‍ണയിക്കാനും ചൂഷണങ്ങളില്‍ അകപ്പെടാതിരിക്കാനും ഗ്രാമീണജനതക്കായാല്‍ രാജ്യം നേരിടുന്ന വലിയ വെല്ലുവിളികള്‍ പരിഹരിക്കപ്പെടും. ഈ മാറ്റത്തെ ഭയപ്പെടുന്ന രാഷ്ട്രീയനേതൃത്വത്തില്‍നിന്ന് ഗുണപരമായ നീക്കങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. അവിടെയാണ് മറ്റുതാല്‍പര്യങ്ങളില്ലാത്ത സന്നദ്ധസേവകരെയും വിദ്യാഭ്യാസപ്രവര്‍ത്തകരെയും ഗ്രാമങ്ങള്‍ ചേര്‍ത്തുപിടിക്കുന്നത്.
നൂറ്റാണ്ടിലേറെ പഴക്കമുള്ള പ്രാരാബ്ധങ്ങളുമായി മല്ലിടുന്ന ഉത്തരേന്ത്യന്‍ ജനതക്ക് കേരള മാതൃക നല്‍കുന്ന പ്രതീക്ഷ വിവരണാതീതമാണ്. ബിഹാര്‍ പോലെയുള്ള ദരിദ്രസംസ്ഥാനങ്ങളില്‍ കേരള മോഡല്‍ മക്തബുകള്‍ തദ്ദേശവാസികളെ എത്രമേല്‍ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കുമ്പോഴാണ് ഈ പ്രതീക്ഷയുടെ വിലയറിയുന്നത്. മലയാളിവേരുള്ള വിദ്യാഭ്യാസപ്രവര്‍ത്തരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പിന്തുടര്‍ന്ന് പുരോഗതിയുടെ പടവുകള്‍ കയറാന്‍ അവര്‍ സര്‍വ്വദാ സന്നദ്ധരാണ്. മക്തബുകള്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമങ്ങളുടെ സമീപപ്രദേശങ്ങളില്‍നിന്ന് സമാനമായ ഇടപെടലുകള്‍ തേടി നാട്ടുകാരെത്തുന്നു. തങ്ങളുടെ നാടും കേരളത്തിന്റെ വഴിയേ ചലിക്കാന്‍ കൊതിക്കുന്നുവെന്ന് പറഞ്ഞാണ് കേരള മോഡല്‍ മക്തബുകള്‍ സന്ദര്‍ശിക്കുന്ന മറുനാട്ടുകാര്‍ മടങ്ങുന്നത്. കേരളത്തെയും മലയാളികളെയും ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് അനേകം ഗ്രാമങ്ങള്‍ കാത്തിക്കുകയാണ്; മലയാളമണ്ണിനെപ്പോലെ അറിവും സൗഹൃദവും സമഭാവനയും കളിയാടുന്ന നല്ല നാളേയ്ക്കായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."