ആര്‍.എസ്.എസ് കൂടിക്കാഴ്ച്ചയെ തള്ളി മത രാഷ്ട്രീയ നേതാക്കള്‍, ഒറ്റപ്പെട്ട് ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ആര്‍.എസ്.എസുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഒറ്റപ്പെട്ട് ജമാഅത്തെ ഇസ്ലാമി. രാഷ്ട്രീയ നേതൃത്വവും മുസ്ലിം മതസംഘടനകളും വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.പി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. മതേതര ശക്തിയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് കൂടിക്കാഴ്ച്ചയെന്ന് കെ.മുരളീധരന്‍ പറഞ്ഞു.
വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമുണ്ടോ എന്നും ആര്‍.എസ്.എസ് നയം മാറ്റാന്‍ ആര് വിചാരിച്ചാലും നടക്കില്ലെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷത്തെ ഇല്ലാതാക്കുകയാണ് ആര്‍.എസ്.എസ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗും കൂടിക്കാഴ്ചയെ തളളി. നിലവില്‍ ആര്‍.എസ്.എസുമായി ചര്‍ച്ചയ്ക്കുള്ള യാതൊരു സാഹചര്യവും നിലനില്‍ക്കുന്നില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അവരുമായി പോരാടേണ്ട സമയമാണ്. ജമാഅത്തെ ഇസ്ലാമി ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയതിനെ കുറിച്ച് തനിക്ക് അറിയില്ല. അതേക്കുറിച്ച് വിശദീകരിക്കേണ്ടത് അവരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചര്‍ച്ച നടത്തി എന്ന് വാര്‍ത്തകളില്‍ കണ്ട വിവരം മാത്രമേ തനിക്ക് ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ.എം.കെ മുനീറും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.
മുഖ്യധാരാ മുസ്ലിം സംഘടനകളെല്ലാം ഈ ചതിക്കുഴി തിരിച്ചറിഞ്ഞു മുന്നേറുമ്പോള്‍ അവരുമായി ജമാഅത്തെ ഇസ്ലാമി നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ ദുരൂഹവും ഭീരുത്വവുമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍ ചൂണ്ടിക്കാട്ടി.
ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ആര്‍.എസ്.എസിനെ നേര്‍വഴിയിലാക്കാമെന്ന് കരുതുന്നതിലും മൗഢ്യം മറ്റൊന്നില്ല. ജമാഅത്തെ ഇസ്ലാമിയെ ചേര്‍ത്തുനിര്‍ത്തി മുഖം മിനുക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന ചതുരോപായങ്ങള്‍ക്കെതിരെ മതനിരപേക്ഷ സമൂഹവും മതവിശ്വാസികളും ഉയര്‍ന്ന ജാഗ്രത പുലര്‍ത്തണം.
മുസ്ലിം വിരുദ്ധ പ്രത്യയശാസ്ത്രം ഉള്‍വഹിക്കുന്ന ആര്‍.എസ്.എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചര്‍ച്ചയുടെ ഉള്ളടക്കവും ധാരണയും വ്യക്തമാക്കാന്‍ ഇരുപക്ഷവും തയ്യാറാകണമെന്നും ഐ.എന്‍.എല്‍ ആവശ്യപ്പെട്ടു.
എന്നാല്‍ വിഷയാധിഷ്ഠിത ചര്‍ച്ചക്ക് ആര്‍.എസ്.എസിനെയല്ല പ്രധാനമന്ത്രിയെയാണ് സമീപ്പിക്കേണ്ടതെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കില്‍ അത് അപ്രസക്തമാണ്. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനാവില്ല. ആര്‍.എസ്.എസിനോട് വിധേയത്വം പാലിക്കേണ്ടതില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചു. മുജാഹിദ് നേതാക്കളും ചര്‍ച്ചയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ചര്‍ച്ചയില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് പ്രത്യേക താത്പര്യമുണ്ടോ എന്ന് സംശയിക്കുന്നതായാണ് സംശയമെന്നും കെ.എന്‍.എം നേതൃത്വം പ്രതികരിച്ചത്. അതേ സമയം വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."