ക്രിമിനൽ പൊലിസ്: രണ്ട് സി.ഐമാർക്കുകൂടി കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: ക്രിമിനൽ പൊലിസുകാരെ പിരിച്ചുവിടുന്ന നടപടി തുടരുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് സി.ഐമാർക്കുകൂടി കാരണം കാണിക്കൽ നോട്ടീസ്. കാസർകോട് ക്രൈംബ്രാഞ്ച് സി.ഐ ശിവശങ്കരൻ, തിരുവനന്തപുരം അയിരൂർ സി.ഐയായിരുന്ന ജയസനൽ എന്നിവർക്കാണ് പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
മൂന്ന് ക്രിമിനൽ കേസുൾപ്പെടെ 21 പ്രാവശ്യം വകുപ്പതല നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സി.ഐ ശിവശങ്കരൻ. കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുമെന്ന സൂചന ലഭിച്ചപ്പോള്‍ ഇയാൾ ഓഫിസിൽ നിന്ന് മുങ്ങി. പാലക്കാട്ടെ വീട്ടിൽ എത്തിയാണ് നോട്ടീസ് നൽകിയതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ശിവശങ്കരനെതിരായ ഗുരുതരമായ വകുപ്പുതല നടപടികള്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന മുൻ എ.ഡി.ജി.പി വിജയ് സാക്കറെ നേരത്തേ കുറച്ചിരുന്നു. ഈ കുറ്റങ്ങള്‍ പുനഃപരിശോധിച്ചാണ് നോട്ടീസ് നൽകിയത്. മേയ് മാസത്തിൽ വിരമിക്കുന്നതിനാൽ പിരിച്ചുവിടൽ ഒഴിവാക്കണമെന്ന ശിവശങ്കരന്‍റെ അപേക്ഷ തള്ളിയാണ് നോട്ടീസ്.
പോക്‌സോ കേസിലെ പ്രതിയെ പീഡിപ്പിച്ചെന്നാണ് ജയസനലിനെതിരായ പ്രധാന കേസ്. കൈക്കൂലിയടക്കമുള്ള കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്. വിദേശത്തേക്കു കടന്ന പോക്സോ പ്രതിയെ വിളിച്ചുവരുത്തി ക്വാർട്ടേഴ്സിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പണം വാങ്ങിയെന്നുമാണ് ജയസനലിനെതിരായ പരാതി. സാമ്പത്തിക ആരോപണങ്ങളിൽ സസ്പെൻഡ് ചെയ്യുകയുമുണ്ടായി.
ക്രിമിനൽ പ്രവർത്തനങ്ങളിലുൾപ്പെടുകയും ഗുണ്ടാസംഘങ്ങളുമായി ബന്ധം പുലർത്തുകയും ചെയ്‌ത 59 പൊലിസ് ഉദ്യോഗസ്ഥരുടെ പട്ടിക നേരത്തേ തയാറാക്കിയിരുന്നു. പട്ടികയിലുൾപ്പെട്ടവർക്കെതിരായ പരിശോധന ആരംഭിച്ചതിന്റെ ഭാഗമായാണ് ശിവശങ്കരനും ജയസനലിനും നോട്ടീസ് നൽകിയിരിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."