ഗാര്‍ഹിക തൊഴില്‍ സേവനങ്ങള്‍ക്കായി വ്യാജ ഓഫറുകള്‍; മുന്നറിയിപ്പുമായി ഫെഡറേഷന്‍ ഓഫ് സൗദി ചേമ്പേഴ്‌സ്
റിയാദ്:സൗദിയില്‍ വീട്ടുജോലിക്കാരെ നിയമിക്കുന്നതില്‍ തട്ടിപ്പ് നടത്തുന്ന റാക്കറ്റുകള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. ഇത്തരം റാക്കറ്റ് സംഘങ്ങളെക്കുറിച്ച് ഹ്യൂമന്‍ റിസോഴ്‌സ് കമ്പനികള്‍ക്കായുള്ള നാഷണല്‍ കമ്മിറ്റി പ്രതിനിധീകരിക്കുന്ന ഫെഡറേഷന്‍ ഓഫ് സൗദി ചേമ്പേഴ്‌സ് (എഫ്എസ്‌സി) പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
വീട്ടുജോലിക്കാര്‍ക്കായി റിക്രൂട്ട്‌മെന്റ്, വീട്ടുജോലിക്കാരുടെ ട്രാന്‍സ്ഫര്‍ സേവന പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ പേയ്‌മെന്റ് മാറ്റിവയ്ക്കല്‍, ചെറിയ തുകയ്ക്ക് വീട്ടുജോലിക്കാരെ ഒഴിവാക്കല്‍ തുടങ്ങി നിരവധി സേവനങ്ങള്‍ വാഗ്ദാനം നല്‍കി പൗരന്മാരെ വഞ്ചിക്കുന്ന വിവിധ ഓഫറുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു.
അടുത്തിടെ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കാന്‍ ഈ സംഘങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ ഔട്ട്‌ലെറ്റുകള്‍ വഴി പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
വീട്ടുജോലിക്കാരുടെ സേവനങ്ങള്‍ നല്‍കുന്നതിനായി പണം ലഭിക്കുന്നതിന് വേണ്ടി പൗരന്മാരെ പ്രലോഭിപ്പിക്കുന്നതിന്റെ ഭാഗമായി അവര്‍ വിവിധ വഞ്ചനാപരമായ രീതികള്‍ നടത്തിവരുന്നതായി സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം പ്രവൃത്തികള്‍ക്കായി വാട്ട്‌സ്ആപ്പും മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുമാണ് ഉപയോഗിക്കുന്നത്.
ഇത്തരം തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ലിങ്കുകള്‍ ദുരുപയോഗം ചെയ്യുകയാണ്. ഇത്തരം ലിങ്കുകള്‍ക്കായി അവര്‍ അറിയപ്പെടുന്ന കമ്പനികളുടെ പേരുകളാണ് ചൂഷണം ചെയ്യുന്നത്.
വിശുദ്ധ റമദാന്‍ മാസത്തിന് മുമ്പ് ഇത്തരം വ്യാജ ഓഫറുകളുടെ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്ന് നാഷണല്‍ റിക്രൂട്ട്‌മെന്റ് കമ്പനിയുടെ ഓപ്പറേഷന്‍ അഫയേഴ്‌സ് വൈസ് പ്രസിഡന്റും എഫ്എസ്‌സിയിലെ ഹ്യൂമന്‍ റിസോഴ്‌സസ് കമ്പനികളുടെ കമ്മിറ്റി അംഗവുമായ യാസിദ് അല്‍-ഇദാന്‍ സൗദി ഗസറ്റിനോട് പറഞ്ഞു.
ഗാര്‍ഹിക തൊഴിലാളികളുടെ പൗരന്മാരുടെയും മറ്റുള്ളവരുടേയും ആവശ്യം മുതലെടുത്ത് എല്ലാ വര്‍ഷവും ഇത്തരം സമയങ്ങളില്‍ സന്ദേശങ്ങള്‍ അയക്കാറുണ്ട്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് സൗദി ചേംബേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
അറിയപ്പെടുന്ന ഹ്യൂമന്‍ റിസോഴ്‌സ് റിക്രൂട്ട്‌മെന്റ് കമ്പനികളുടെ പേരില്‍ വ്യാജ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ തങ്ങള്‍ ഒറിജിനല്‍ ആണെന്ന് കരുതി നിരവധി പൗരന്മാരാണ് കബളിപ്പിക്കപ്പെടുന്നതെന്ന് ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് കമ്പനി സിഇഒ അലി അബു സര്‍ഹാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."