കൊല്ലത്ത് അടിയൊഴുക്കുകള്‍ നിര്‍ണായകം: നാലില്‍ കുറയില്ലെന്ന് യു.ഡി.എഫ്; ചവറയും കരുനാഗപ്പള്ളിയും നഷ്ടപ്പെട്ടേക്കാമെന്ന് എല്‍.ഡി.എഫ്
കൊല്ലം: എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ ഇടതുമുന്നണിയെ തുണയ്ക്കുമ്പോഴും കൊല്ലത്ത് 2016 ആവര്‍ത്തിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം. ജില്ലയില്‍ മൂന്ന് സീറ്റുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ച ആര്‍.എസ്.പിക്കും ഇടതുമുന്നണിയില്‍ ഒരു സീറ്റില്‍ ജനവിധി തേടിയ കേരളാ കോണ്‍ഗ്രസ് ബിക്കും വിജയം അനിവാര്യമാണ്. 2016 ല്‍ ആകെയുള്ള പതിനൊന്നു മണ്ഡലങ്ങളും എല്‍.ഡി.എഫ് കയ്യടക്കിയിരുന്നു. ആഴക്കടല്‍ മത്സ്യബന്ധന വിവാദം ആഴത്തില്‍ സ്വാധീനം ചെലുത്തിയ കുണ്ടറ ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ ഇത്തവണ ജനവിധി മാറുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷയ്ക്ക് കാരണം.
കരുനാഗപ്പള്ളി, ചവറ, കൊല്ലം, ഇരവിപുരം, കുണ്ടറ മണ്ഡലങ്ങളില്‍ ഇരുമുന്നണികളും ഇഞ്ചാടിഞ്ച് പോരാട്ടത്തിലായിരുന്നു. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട കരുനാഗപ്പള്ളി, എതിരാളിയുടെ ശക്തി തിരിച്ചറിയാന്‍ കഴിയാതെ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ ചവറ എന്നിവിടങ്ങളില്‍ ഇത്തവണ യു.ഡി.എഫിന് തുടക്കം മുതലേ മുന്‍തൂക്കം ലഭിച്ചിരുന്നു. ഇടതുമുന്നണി നേതൃത്വം തന്നെ തങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ സാധ്യത കാണുന്ന മണ്ഡലങ്ങളാണ് കരുനാഗപ്പള്ളിയും ചവറയും.
ചവറയിലെ വിജയം ഷിബു ബേബി ജോണിനും ആര്‍.എസ്.പിക്കും നിര്‍ണായകമാണ്. ആര്‍.എസ്.പിയുടെ ഈറ്റില്ലമായ ചവറയില്‍ ഇത്തവണയും പരാജയം ആവര്‍ത്തിച്ചാല്‍ ഷിബു ബേബി ജോണിന്റെ രാഷ്ട്രീയ നിലനില്‍പ്പു തന്നെ അവതാളത്തിലാക്കും.
ആദ്യകാല ആര്‍.എസ്.പി നേതാവായിരുന്ന എന്‍.വിജയന്‍ പിള്ള കോണ്‍ഗ്രസിലൂടെ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ഇടതുമുന്നണിയിലെത്തി ചവറയില്‍ സ്ഥാനാര്‍ഥിയായത്. സംസ്ഥാനത്തെ അട്ടിമറി വിജയങ്ങളിലൊന്നായിരുന്നു കഴിഞ്ഞ തവണ ചവറയില്‍ വിജയന്‍ പിള്ള നേടിയത്. എം.എല്‍.എ ആയിരിക്കെ വിജയന്‍ പിള്ള മരിച്ചതിനെ തുടര്‍ന്ന് മകന്‍ ഡോ.സുജിതാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായത്. രണ്ടാമൂഴത്തിനിറങ്ങിയ നടന്‍ എം മുകേഷിനെ ഇത്തവണ പിടിച്ചു കെട്ടുമെന്ന ഉറച്ച വിശ്വാസമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ബിന്ദു കൃഷ്ണയ്ക്കുള്ളത്. കരഞ്ഞ് സീറ്റ് നേടിയ ബിന്ദുകൃഷ്ണയുടെ സ്ഥാനാര്‍ഥിത്വം മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ആഴക്കടല്‍ വിവാദത്തില്‍ കൊല്ലം ലത്തീന്‍ രൂപതയിറക്കിയ ഇടയലേഖനത്തിന്റെ പ്രതിഫലനും കൊല്ലം മണ്ഡലത്തില്‍ യു.ഡി.എഫ് കണക്ക് കൂട്ടുന്നു. ഇ.എം.സി.സി ഡയറക്ടര്‍ ഷിജു എം വര്‍ഗീസിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ശ്രദ്ധേയമായ കുണ്ടറയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ നിയോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥിനായിരുന്നു. എന്നാല്‍ ആഴക്കടല്‍ വിവാദം മണ്ഡലത്തില്‍ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ സംഘടനാ ദൗര്‍ബല്യം നിമിത്തം യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല.
എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ഡി.ജെ.എസിലെ വനജാ വിദ്യാധരന്‍ എത്തിയതു മുതല്‍ ബി.ജെ.പി കേന്ദ്രങ്ങളിലെ നീരസം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിഴലിച്ചിരുന്നു.
ബി.ജെ.പി വോട്ടുകള്‍ മൂലമുണ്ടാകുന്ന അടിയൊഴുക്കുകള്‍ മണ്ഡലത്തില്‍ നിര്‍ണായകമാണ്. ആര്‍.എസ്.പി നേതാവ് ബാബു ദിവാകരനും സിറ്റിംഗ് എം.എല്‍.എ എം നൗഷാദും മല്‍സരിച്ച ഇരവിപുരത്ത് അടിയൊഴുക്കുകള്‍ ഉണ്ടായില്ലെങ്കില്‍ നേട്ടം എല്‍.ഡി.എഫിനാണ്. ബി.ജെ.പി പ്രതീക്ഷ അര്‍പ്പിക്കുന്ന ചാത്തന്നൂരില്‍ ഫലം പ്രവചനാതീതമാണ്.
സിറ്റിംഗ് എം.എല്‍.എ ജയലാലിന് നേരിയ സാധ്യത കല്‍പ്പിക്കപ്പെടുമ്പോഴും രണ്ടാം സ്ഥാനത്ത് ബി.ജെ.പിയാണോ യു.ഡി.എഫ് ആണോ എന്നതാണ് ശ്രദ്ധേയം. ഇരു ആര്‍.എസ്.പികളിലായി മച്ചുനന്‍മാര്‍ ഏറ്റുമുട്ടുന്ന പട്ടികജാതി സംവരണ മണ്ഡലമായ കുന്നത്തൂരിരില്‍ സിറ്റിംഗ് എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്‍ തന്നെയെന്ന് ഇടതുമുന്നണി ഉറച്ച് വിശ്വസിക്കുമ്പോഴും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച ഉല്ലാസ് കോവൂരിലാണ് യു.ഡി.എഫ് പ്രതീക്ഷ.
ഇടത് കുത്തക മണ്ഡലങ്ങളായ ചടയമംഗലത്തും കൊട്ടാരക്കരയിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. നടനും കേരളാ കോണ്‍ഗ്രസ് ബി നേതാവുമായ കെ.ബി ഗണേഷ് കുമാറിനെതിരേ യു.ഡി എഫ് ഏറ്റവും മികച്ച മല്‍സരം കാഴ്ച്ച പത്തനാപുരത്തും യു.ഡി.എഫ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു. മുസ്‌ലിം ലീഗ് നേതാവ് അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി ജനവിധി തേടിയ സി.പി.ഐയുടെ എക്കാലത്തെയും ഉറച്ച മണ്ഡലമായ പുനലൂരില്‍ സമീപകാലത്തുണ്ടായ ഏറ്റവും മികച്ച മുന്നേറ്റമാണ് യു.ഡി.എഫ് കാഴ്ചവച്ചത്. മുന്‍ എം.എല്‍.എ പി.എസ് സുപാലാണ് ഇടതു സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."