'നിയമനം നടത്തിയത് കോര്‍പറേഷന് വേണ്ടിയോ മദ്രസക്കു വേണ്ടിയോ'; കൊവിഡ് വാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന മുസ്‌ലിം യുവാക്കളുടെ ആധിക്യത്തില്‍ വെറളി പിടിച്ച് ബി.ജെ.പി നേതാവ്
ബംഗളൂരു: മരണം മുട്ടി വിളിക്കുന്നിടത്തും വര്‍ഗീയ വിഷം ചീറ്റി ബി.ജെ.പി നേതാവ്. കൊവിഡ് വാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന മുസ് ലിം യുവാക്കളുടെ ആധിക്യത്തിനെതിരെയാണ് ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയുടെ വിഷം ചീറ്റല്‍. ഒരു വാര്‍ഡില്‍ വ്യത്യസ്ത ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നവരില്‍ 17 പേര്‍ മുസ്‌ലിംങ്ങളായതാണ് എം.പിയെ രോഷാകുലനാക്കിയത്.
ആശുപത്രിയില്‍ വെച്ച് പരസ്യമായി എം.പി നടത്തുന്ന പരാമര്‍ശങ്ങളുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. എം.എല്‍.എ കൂടിയായ അമ്മവന്റെ സാന്നിധ്യത്തിലാണ് പരാമര്‍ശം.
തന്റെ കയ്യിലുള്ള ലിസ്റ്റ് നോക്കി വാര്‍ഡില്‍ ജോലി ചെയ്യുന്നവരുടെ പേര് തേജസ്വി വായിക്കുന്നുണ്ട്. എല്ലാം മുസ്‌ലിങ്ങളാണ്.
' ആരാണിവര്‍. ഒന്നാമത്തെ ഷിഫ്റ്റ്, രണ്ടാമത്തെ ഷിഫ്റ്റ്, രാത്രി ഷിഫ്റ്റ്. ഈ മൂന്ന് ഷിഫ്ര്‌റില്‍ 17 പേരാണുള്ളത്. ഞാന്‍ ലിസ്റ്റ് വായിക്കാം. ആരാണിവര്‍' - തേജസ്വി ചോദിക്കുന്നു. കോര്‍പറേഷന് വേണ്ടിയാണോ മദ്രസക്ക് വേണ്ടിയാണോ ഇവരെ നിയമിച്ചതെന്നും എം.പി ആക്രോശിക്കുന്നുണ്ട്. ഒരു ഹജ്ജ് കമ്മിറ്റിയിലേക്കെന്ന പോലെ ആരാണിവരെ നിയമിച്ചതെന്നും തേജസ്വി ചോദിക്കുന്നു.
ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കൊവിഡ് സെന്ററില്‍ നിന്നുള്ളതാണ് സംഭവം. ഇവിടെ കൊവിഡ് രോഗികള്‍ക്കുള്ള കിടക്കകള്‍ തടഞ്ഞുവച്ചെന്ന ആരോപണവുമായി എത്തിയ സമയത്തായിരുന്നു എം.പിയുടെപ്രകടനം. കിടക്കകള്‍ തടഞ്ഞുവച്ച് പണം നല്‍കുന്നവര്‍ക്ക് നല്‍കുന്ന രീതിയാണ് ബിബിഎംപിയില്‍ നടക്കുന്നതെന്നായിരുന്നു തേജസ്വിയുടെ ആരോപണം. ഇത് തെളിയിക്കുന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഓഡിയോ സന്ദേശങ്ങളും ലഭിച്ചതായും തേജസ്വി സൂര്യ പറഞ്ഞിരുന്നു.
കിടക്ക തടഞ്ഞതിന് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പ്രതികളെ ജയനഗര്‍ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രോഹിത്, നേത്ര എന്നിവരാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."