സംസ്ഥാനം സമ്പൂര്‍ണ ലോക്ഡൗണില്‍; അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി, പൊലിസിന്റെ പാസ് ഇന്ന് വൈകീട്ട് മുതല്‍
തിരുവനന്തപുരം: കൊവിഡിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്്ഡൗണ്‍ പ്രാബല്യത്തില്‍. ശനിയാഴ്ച്ച രാവിലെ ആറ് മുതല്‍ 16 ന് അര്‍ധരാത്രി വരെയാണ് ലോക്ഡൗണ്‍. ദിവസവേതന തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ലോക്ഡൗണ്‍ ദിവസം ജോലിക്ക് പോകാനായി യാത്രാപാസ് നല്‍കുമെന്ന് പൊലിസ് അറിയിച്ചിരുന്നു.
കൊവിഡ് തീവ്രവ്യാപനം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം ഇന്ന് ചേരും. രാവിലെ 11 മണിയ്ക്കാണ് വീഡിയോ കോണ്‍ഫറന്‍സിങ്.
ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ ഉള്‍പ്പെടുത്തി കേെസടുക്കും. നിയന്ത്രണങ്ങള്‍ നടപ്പാക്കാനായി 25,000 പൊലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും. കിറ്റ് അടുത്തയാഴ്ച റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. വീടുകളിലെത്തി ചിട്ടി, കടം, മാസതവണ എന്നിവയുടെ പിരിവ് ലോക്ക്ഡൗണ്‍ തീരുന്നതു വരെ നിരോധിച്ചു.നിര്‍മാണ ്രപവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ഇവര്‍ക്ക് വാഹനയാത്ര ആവാം; രേഖ കരുതണം
ആശുപത്രി ജീവനക്കാര്‍, ചരക്കു വാഹനങ്ങള്‍, വിമാന ടിക്കറ്റ് ട്രെയിന്‍ ടിക്കറ്റ് ഇവയുള്ള യാത്രക്കാരുമായി ഓട്ടോറിക്ഷ, ടാക്‌സി, വാക്‌സിനേഷന് പോകുന്നവര്‍, എമര്‍ജന്‍സി വാഹനങ്ങള്‍, ഫയര്‍ എന്‍ജിന്‍ വാഹനങ്ങള്‍. കൊവിഡ് വോളണ്ടിയര്‍മാര്‍, വൃദ്ധരേയും കിടപ്പുരോഗികളേയും പരിചരിക്കാന്‍ പോകുന്നവര്‍, മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പാല്‍, പത്രവിതരണ വാഹനങ്ങള്‍.
മറ്റുള്ളവര്‍ അത്യാവശ്യത്തിന് പുറത്തുപോകാന്‍ പൊലിസില്‍ നിന്നു പാസ് വാങ്ങണം. വാര്‍ഡുതല സമിതിയിലുള്ളവര്‍ക്കു സഞ്ചരിക്കാന്‍ പാസ് അനുവദിക്കും. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ആശുപത്രിയില്‍ നിന്ന് നല്‍കുന്ന രേഖകള്‍ കാണിച്ചാല്‍ യാത്ര ചെയ്യാം. അഭിഭാഷകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും നേരിട്ട് ഹാജരാകേണ്ട ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്രചെയ്യാം.
അത്യാവശ്യ യാത്രക്കാര്‍ ശ്രദ്ധിക്കേണ്ടത്
ഇന്നു മുതല്‍ പൊതുഗതാഗതം ഉണ്ടാവില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പൊലിസ് പിടിച്ചെടുക്കും. ജില്ല വിട്ട് യാത്രചെയ്യുന്നതിന് പാസ് വാങ്ങണമെന്ന് ഇത്തവണ നിര്‍ദേശം നല്‍കിയിട്ടില്ല. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ലക്ഷ്യവും ഉള്‍പ്പെടുത്തി തയാറാക്കിയ സത്യവാങ്മൂലം കൈയില്‍ കരുതണം.
അന്തര്‍ജില്ലാ യാത്രാനുമതി ആര്‍ക്കൊക്കെ
വിവാഹം, മരണാനന്തര ചടങ്ങുകള്‍, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകാന്‍ മുതലായ തികച്ചും ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്കുമാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. മരണാനന്തര ചടങ്ങുകള്‍, നേരത്തേ നിശ്ചയിച്ച വിവാഹം എന്നിവയ്ക്ക് കാര്‍മികത്വം വഹിക്കേണ്ട പുരോഹിതന്മാര്‍ക്ക് ജില്ല വിട്ട് യാത്രചെയ്യുന്നതിനും തിരിച്ചു പോകുന്നതിനും നിയന്ത്രണമില്ല. സ്വയം തയാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ അവര്‍ കൈയില്‍ കരുതണം. അതേസമയം, കേരളത്തിന് പുറത്തുനിന്നും വരുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
ഒഴിവാക്കി
ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, ഡയറി ഡവലപ്‌മെന്റ് വകുപ്പ്, നോര്‍ക്ക എന്നീ വകുപ്പുകളെ ലോക്ക്ഡൗണില്‍നിന്ന് ഒഴിവാക്കി. പെട്രോനെറ്റ്, എല്‍.എന്‍.ജി സപ്ലൈ, വിസ കോണ്‍സുലര്‍ സര്‍വിസ് ഏജന്‍സികള്‍, റീജനല്‍ പാസ്‌പോര്‍ട്ട് ഓഫിസ്, കസ്റ്റംസ് സര്‍വിസ്, ഇ.എസ്.ഐ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളെയും ലോക്ക്ഡൗണില്‍നിന്ന് ഒഴിവാക്കി.
തുറക്കാം, പ്രവര്‍ത്തിക്കാം
- റേഷന്‍കട, പലചരക്ക്, പഴം, പച്ചക്കറിക്കട, പാല്‍, മാംസം, മത്സ്യം, ബേക്കറി
- അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറു മുതല്‍ വൈകിട്ട് 7.30 വരെ പ്രവര്‍ത്തിക്കാം
- റസ്റ്ററന്റുകള്‍ക്ക് രാവിലെ ഏഴു മണി മുതല്‍ രാത്രി 7.30വരെ പ്രവര്‍ത്തിക്കാം. പാഴ്‌സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. തട്ടുകടകള്‍ തുറക്കാന്‍ അനുമതിയില്ല.
- പെട്രോള്‍ ബങ്ക്, പാചകവാതക വിതരണം, കോള്‍ഡ് സ്റ്റോറേജ്
- മെഡിക്കല്‍ ഷോപ്പുകള്‍, ലാബുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍
- വാഹന വര്‍ക്ക്‌ഷോപ്പുകള്‍ ശനി,ഞായര്‍ ദിവസങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കാം
- സെബിയുടെ അംഗീകാരമുള്ള ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ധനകാര്യ സേവന സ്ഥാപനങ്ങള്‍, കാപിറ്റല്‍ ആന്‍ഡ് ഡെബ്റ്റ് മാര്‍ക്കറ്റ് സര്‍വിസുകള്‍ക്കും കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒരു വരെ പ്രവര്‍ത്തിക്കാം
- ഭക്ഷണ, മെഡിക്കല്‍ വസ്തുക്കള്‍ പായ്ക്കു ചെയ്യുന്ന വ്യവസായ യൂനിറ്റുകള്‍ക്കും വിദേശത്തേക്കു സാധനങ്ങള്‍ അയയ്ക്കുന്ന യൂനിറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം
- വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."