സിൽവർലൈൻ സംവാദത്തിന് കല്ലിട്ട് കെ റെയിൽ
കാണികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ചെവികൊടുക്കാതെ സംവാദകർ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
ഒറ്റയാൾ എതിർപ്പിനിടയിൽ സിൽവർലൈൻ സംവാദത്തിന് 'അതിരടയാള കല്ലിട്ട്' കെ റെയിൽ. പിറന്ന മണ്ണിനുവേണ്ടി കുടിയിറക്ക് ഭീഷണി നേരിട്ടവർക്കൊപ്പം പോരാടുന്നവരുടെ എതിർ ശബ്ദം കേൾക്കാനാണ് സർക്കാരിന്റെ നിർദേശപ്രകാരം കെ റെയിൽ സംവാദമൊരുക്കിയത്. എന്നാൽ, എതിർചേരിയിലെ ഒരാളെ ഒഴിവാക്കുകയും രണ്ടുപേർ പിന്മാറുകയും ചെയ്തതോടെ എതിർ വാദം കണ്ണൂർ ഗവ. എൻജി.കോളജ് റിട്ട. പ്രിൻസിപ്പലും ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റുമായ ആർ.വി.ജി. മേനോനിൽ ഒതുങ്ങി. കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി ഐസക്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ നായർ, റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് ജെയിൻ എന്നിവർ സിൽവർലൈനിൻ്റെ ആവശ്യകത വിശദീകരിച്ചു. ഇതിന് ബദൽ മാർഗമാണ് ആർ.വി.ജി മേനോൻ അവതരിപ്പിച്ചത്. രാവിലെ 11 മുതൽ ഒരു മണി വരെയായിരുന്നു സംവാദം. കെ.എസ്.ആർ.ടി.സിയെ ആദ്യം നന്നാക്കേണ്ടേ എന്നതുൾപ്പെടെ കാണികളിൽ നിന്നുയർന്ന ചോദ്യങ്ങളോടോ സംശയങ്ങളോടോ സംവാദകരിൽ ആരും പ്രതികരിച്ചില്ലെന്നത് ശ്രദ്ധേയമായി. റെയിൽവേ അക്കാദമി വകുപ്പ് മേധാവി മോഹൻ എ മേനോനായിരുന്നു മോഡറേറ്റർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."