ദുബായിലെ പ്രസിദ്ധമായ ഈ പാലം അഞ്ച് ആഴ്ചത്തേക്ക് അടച്ചിടും; ഇതുവഴി പോകുന്നവർ സൂക്ഷിക്കുക
ദുബായ്: ദുബായിലെ പ്രസിദ്ധമായ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അഞ്ച് ആഴ്ചത്തേക്ക് അടച്ചിടും. അറ്റകുറ്റപണികളുടെ ഭാഗമായാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുന്നതെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 2023 ഏപ്രിൽ 17 തിങ്കളാഴ്ച മുതലാണ് അഞ്ച് ആഴ്ചത്തേക്ക് അടച്ചിടുക. പാലത്തിന്റെ ഇരുവശത്തേക്കുള്ള ഗതാഗതവും നിർത്തിവെക്കും.
പാലം അടക്കുന്നതോടെ ഇരു വശത്തേക്കുമുള്ള ഗതാഗതം ഒരു മാസത്തിലേറെ സമയം മുടങ്ങും. എന്നാൽ ആശങ്ക വേണ്ടെന്നും ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. സുഗമമായ ഗതാഗത പ്രവാഹം ഉറപ്പാക്കുന്നതിന്, വാഹനങ്ങൾ ബദൽ റോഡുകളിലേക്കും ക്രോസിംഗുകളിലേക്കും തിരിച്ചുവിടുന്നതിനുള്ള ഒരു സംയോജിത പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു.
അൽ മക്തൂം പാലം, ഇൻഫിനിറ്റി പാലം, അൽ ഗർഹൂദ് പാലം എന്നിവ ബദൽ സംവിധാനമായി ഉപയോഗിക്കാം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ പ്രധാന റോഡുകൾക്ക് പുറമെ അൽ ഇത്തിഹാദ് സ്ട്രീറ്റിൽ നിന്ന് വരുന്ന വാഹനങ്ങൾക്കായി അൽ മംസാർ സ്ട്രീറ്റിന്റെ എക്സിറ്റ് ആർടിഎ തുറക്കും.
ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടയ്ക്കുന്ന സമയത്ത് വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാൻ ഗതാഗതം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമെന്ന് അതോറിറ്റി അറിയിച്ചു. വേഗപരിധി പാലിക്കാനും ബദൽ റോഡുകളും പൊതുഗതാഗത മാർഗങ്ങളും ഉപയോഗിക്കാനും വാഹനമോടിക്കുന്നവരോട് അതോറിറ്റി അഭ്യർത്ഥിച്ചു.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."