ജയ്ശ്രീറാം വിളിച്ചു, പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു; പൊലിസ് കാവലില്‍ നടന്ന 'ഭീകരാക്രമണ' ദൃശ്യങ്ങള്‍
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും വെടിവെച്ചത് പോയിന്റ് ബ്ലാങ്കില്‍. ഡസനിലേറെ ഏതാണ്ട് 20 തവണ വെടിയുതിര്‍ത്ത പ്രതികള്‍ ജയ് ശ്രീറാം വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയാണ് പ്രതികളെത്തിയതെന്നാണ് പൊലിസ് പറയുന്നത്.
പ്രയാഗ്‌രാജില്‍ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴാണ് പൊലിസിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും മുന്നില്‍വെച്ച് അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പൊലിസ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ അതീഖും അഷ്‌റഫും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ തുടങ്ങിയ ഉടന്‍ മൂന്നംഗ സംഘം ഇരുവരുടെയും തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ് ഇരുവരും നിലത്തുവീണു.
മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തര യോഗം വിളിച്ച് മൂന്നംഗ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തി. വ്യാഴാഴ്ച അതീഖിന്റെ മകന്‍ ആസാദിനെയും അനുയായിയെയും ഏറ്റുമുട്ടലില്‍ യുപി പൊലിസ് കൊലപ്പെടുത്തിയിരുന്നു.
2005ല്‍ ബഹുജന്‍ സമാജ് പാര്‍ട്ടി നിയമസഭാംഗം രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായ ഉമേഷ് പാലും അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഗാര്‍ഡുകളും ഫെബ്രുവരി 24ന് പ്രയാഗ്‌രാജില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് അതീഖ് അഹമ്മദിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ പ്രതികരണമവുമായി നേതാക്കള്‍ രംഗത്തെത്തി. പൊലിസ് കസ്റ്റഡിയില്‍ കൊല നടക്കുമ്പോള്‍ പൊതുജനത്തിന് എന്തു സുരക്ഷയാണ് ഉള്ളതെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചോദിച്ചു. അക്രമങ്ങള്‍ അതിന്റെ ഉച്ഛസ്ഥായിയിലെച്ചിയിരിക്കുകയാണ് യുപിയിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംഭവത്തോട് കൂടി സംസ്ഥാനത്ത് ഒരു ഭീതിദമായ അന്തരീക്ഷം ഉടലെടുത്തിരിക്കുകയാണ്. ചിലയാളുകള്‍ മനഃപൂര്‍വ്വം ഇത്തരം അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.പിയില്‍ നിയമവാഴ്ച തകര്‍ന്നതിന് ഉദാഹരണമാണ് അതീഖിന്റെ കൊലപാതകമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."