രാഷ്ട്രപതി തെരഞ്ഞെടുപ്പിലും നോക്കുകുത്തിയാവുന്ന മതേതരത്വം
ഡൽഹി നോട്സ്
കെ.എ സലിം
വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ആരു ജയിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം തേടി ജൂലൈ 21 വരെ കാത്തിരിക്കേണ്ടിവരില്ല. ബി.ജെ.പിയുടെ സ്ഥാനാർഥി ദ്രൗപദി മുർമുതന്നെ ജയിക്കും. ജെ.ഡി.യുവിന്റെയും ബിജു ജനതാദളിന്റെയും പിന്തുണയുള്ളതിനാൽ ബി.ജെ.പിക്ക് ഇക്കാര്യത്തിൽ ഏറെയൊന്നും വിയർക്കേണ്ടിവരില്ല. പ്രതിപക്ഷ സഖ്യത്തിലില്ലാത്ത ആം ആദ്മി പാർട്ടി, വൈ.എസ്.ആർ കോൺഗ്രസ്, ശിരോമണി അകാലിദൾ തുടങ്ങിയ പാർട്ടികളുടെ വോട്ടുകളിൽ വലിയൊരു വിഹിതം ബി.ജെ.പിയുടെ സ്ഥാനാർഥിക്ക് ലഭിക്കും. 2013 മുതൽ 2015 വരെ ബി.ജെ.പിയുടെ എസ്.ടി മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ദ്രൗപദി മുർമുവും 17 പ്രതിപക്ഷപ്പാർട്ടികളുടെ പിന്തുണയുള്ള യശ്വന്ത് സിൻഹയും തമ്മിലാണ് മത്സരം. തെരഞ്ഞെടുപ്പ് മുറുകുമ്പോൾ തെരുവിൽ നോക്കുകുത്തിയാണ് മതേതരത്വം. തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സഖ്യം പ്രതീക്ഷക്ക് വകനൽകുന്നതാണെങ്കിലും പൂർണമായ മതേതരത്വ മൂല്യങ്ങളുള്ളൊരാൾ ഈ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായില്ല.
1998ൽ വാജ്‌പേയി മന്ത്രിസഭയിൽ ധനമന്ത്രിയും പിന്നീട് വിദേശകാര്യമന്ത്രിയുമായിരുന്നു യശ്വന്ത് സിൻഹ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ ചേരുവകളൊക്കുന്നയാളാണ്. മോദിയുടെയും അമിത്ഷായുടെയും വിമർശകനാണ്. റാഫേൽ അഴിമതിയിൽ മോദി സർക്കാരിനെതിരേ പൊരുതുകയും കേസ് നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, 2014നുശേഷം ദേശീയതലത്തിൽ ബി.ജെ.പി രാഷ്ട്രീയത്തിലുണ്ടായ മാറ്റത്തിന്റെ കുത്തൊഴുക്കിൽ സീറ്റു നിഷേധിക്കപ്പെട്ട അനവധി പേരിലൊരാൾ മാത്രമാണ് യശ്വന്ത് സിൻഹ. പരിഗണന നഷ്ടപ്പെട്ടപ്പോഴാണ് യശ്വന്ത് ബി.ജെ.പി അല്ലാതായത്. സജീവരാഷ്ട്രീയത്തിലേക്കോ ഏതെങ്കിലും പാർട്ടിയിൽ സ്ഥാനമാനങ്ങളേറ്റെടുക്കാനോ ഇനിയില്ല എന്നായിരുന്നു ബി.ജെ.പിയിൽനിന്ന് രാജിവയ്ക്കുമ്പോൾ യശ്വന്ത് സിൻഹ നടത്തിയ പ്രഖ്യാപനം. എന്നാൽ, മൂന്നുവർഷം തികയുംമുമ്പ് യശ്വന്ത് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. അതായത് മോദിയോടും അമിത്ഷായോടുമുള്ള പിണക്കം മാറ്റിനിർത്തിയാൽ യശ്വന്ത് സിൻഹയും പ്രതിനിധാനം ചെയ്യുന്നത് ഏറിയും കുറഞ്ഞും മറ്റൊരു ബി.ജെ.പി രാഷ്ട്രീയമാണ്. പ്രതീകാത്മക പോരാട്ടത്തിലെങ്കിലും പൂർണമായും മതേതരത്വമൂല്യം കാത്തുസൂക്ഷിക്കുന്നൊരാളെ സ്ഥാനാർഥിയാക്കാൻ പ്രതിപക്ഷത്തിനായില്ലെന്നതും ഫാറൂഖ് അബ്ദുല്ലയെപ്പോലൊരാളെ മുന്നോട്ടുവയ്ക്കാനായില്ലെന്നതും നിരാശയുണ്ടാക്കുന്നതാണ്.
മറുവശത്ത് ബി.ജെ.പി സജീവ വലതുപക്ഷ പ്രായോഗിക രാഷ്ട്രീയത്തിലാണ്. ആർ.എസ്.എസിന്റെയും നിലവിലെ ഭരണനേതൃത്വത്തിന്റെയും വിശ്വസ്ത വിധേയരിലൊരാളാണ് ദ്രൗപദി മുർമു. 2015 മുതൽ 2021 വരെ ജാർഖണ്ഡ് ഗവർണറായിരുന്നു. ഒഡിഷയിലെ നവീൻ പട്‌നായിക് മന്ത്രിസഭയിൽ അംഗമായിരുന്നു. കൗൺസിലറായി വിജയിച്ച് രാഷ്ട്രീയജീവിതം ആരംഭിച്ച അവർ 1997ൽ ഒഡിഷയിലെ റൈരങ്പൂറിലെ വൈസ് ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. അതേവർഷംതന്നെ എസ്.ടി മോർച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി. പിന്നാലെ ബി.ജെ.പിയുടെ എസ്.ടി മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി. രാജ്യത്തെ ആദ്യ ആദിവാസി ഗവർണറെന്ന വിശേഷണവുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യയിലെ ആദ്യത്തെ ഗോത്രവർഗ രാഷ്ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്ട്രപതിയുമായി മാറും. ഒഡിഷയിലെ മയൂർഭഞ്ചിലെ റൈരംഗ്പൂരിൽ നിന്ന് 2000ത്തിലും 2009ലും ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് രണ്ടുതവണ എം.എൽ.എയായിട്ടുണ്ട്. എൻ.ഡി.എയ്ക്ക് 48 ശതമാനം ഇലക്ടറൽ വോട്ടുകൾ ലഭിക്കുമെന്നും മുർമു വിജയിക്കുമെന്നുമാണ് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നത്.
ലോക്‌സഭയിലെയും രാജ്യസഭയിലെയും തെരഞ്ഞെടുക്കപ്പെട്ട എം.പിമാരും ഡൽഹിയും പുതുച്ചേരിയും ഉൾപ്പെടെയുള്ള മുഴുവൻ സംസ്ഥാന നിയമസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരും അടങ്ങുന്ന ഇലക്ടറൽ കോളജാണു രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രാജ്യസഭയിലേയോ ലോക്‌സഭയിലോ നിയമസഭകളിലെയോ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കു വോട്ടവകാശമില്ല. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളും വോട്ട് ചെയ്യാൻ യോഗ്യരല്ല. ഓരോ സംസ്ഥാനത്തും വോട്ടുമൂല്യത്തിൽ വ്യത്യാസമുണ്ട്. എം.എൽ.എമാരുടെ വോട്ടിന്റെ മൂല്യം നിർണയിക്കുന്നത് അതതു സംസ്ഥാനത്തെ മൊത്തം ജനസംഖ്യയെ എം.എൽ.എമാരുടെ എണ്ണത്താൽ ഹരിച്ച് വീണ്ടും 1000 കൊണ്ട് ഹരിച്ചാണ്. അതിനാൽ എം.എൽ.എമാരുടെ വോട്ടിന്റെ മൂല്യം ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കും. യു.പിയിലാണ് ഉയർന്ന മൂല്യം, 208. ഏഴ് മാത്രമുള്ള സിക്കിമിലാണ് ഏറ്റവും കുറവ്. മൊത്തം എം.എൽ.എ വോട്ടുകളുടെ മൂല്യം 5.43 ലക്ഷം വരും. 776 എം.പിമാരുള്ള പാർലമെന്റിന്റെ ഇരുസഭകൾക്കും സമാനമായ ആകെ മൂല്യം നിശ്ചയിച്ചിട്ടുണ്ട്. ഓരോ എം.പിയുടെയും വോട്ടിന്റെ മൂല്യം 5.43 ലക്ഷം/776 എന്നതു പ്രകാരം കണക്കാക്കി 700 ആണ്. നിയമസഭകളിൽനിന്നും പാർലമെന്റിന്റെ ഇരുസഭകളിൽ നിന്നുമുള്ള വോട്ട് മൂല്യങ്ങളുടെ ആകെത്തുകയാണ് ഇലക്ടറൽ പൂളിന്റെ ആകെ മൂല്യം. അതായത് 10.86 ലക്ഷം. ഈ പൂളിൽനിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർഥിയാണ് വിജയി. സ്ഥാനാർഥികളുടെ പേരുകൾക്കുനേരെ മുൻഗണ അടയാളപ്പെടുത്തിയാണ് വോട്ടു ചെയ്യുന്നത്.
സ്ഥാനാർഥികളുടെ എണ്ണത്തിനനുസരിച്ച് വോട്ടർക്കു മുൻഗണന അടയാളപ്പെടുത്താം. എന്നാൽ, ആദ്യ മുൻഗണന അടയാളപ്പെടുത്തിയാൽ മാത്രമേ ബാലറ്റ് പേപ്പറിനു സാധുതയുണ്ടാവൂ. മറ്റു മുൻഗണനകൾ വോട്ടർക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം രേഖപ്പെടുത്തിയാൽ മതി. നിലവിലെ കണക്കുകളിൽ ബി.ജെ.പിക്ക് ഭീഷണിയൊന്നുമില്ല. എന്നാൽ, പ്രതിപക്ഷ ഐക്യം തുടരുമോയെന്ന് കാത്തിരുന്നു കാണണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."