നാലു നാട്ടുകാരും മുന്തിരിയും
പുനരാഖ്യാനം:
എ.കെ അബ്ദുല്‍ മജീദ്
പല നാട്ടുകാരായ നാലുപേര്‍ ഒരുമിച്ചു യാത്ര ചെയ്യുകയായിരുന്നു. ഒരാള്‍ പേര്‍ഷ്യക്കാരന്‍, മറ്റേയാള്‍ അറബി, മൂന്നമത്തെയാള്‍ തുര്‍ക്കി, നാലാമത്തെയാള്‍ ഗ്രീക്ക്. ഒരാള്‍ക്കും മറ്റൊരാളുടെ ഭാഷ അറിയാത്തതിനാല്‍ പരസ്പരം ഒന്നും ഉരിയാടാതെയാണ് അവര്‍ യാത്രചെയ്തത്.
നാലുപേരും ദരിദ്ര നാരായണന്മാരായിരുന്നു. വൈകുന്നേരമായപ്പോള്‍ അവര്‍ ഒരു മരത്തിന്റെ ചുവട്ടില്‍ ഇരുന്നു. നല്ല തണുപ്പുണ്ടായിരുന്നു. നാലുപേരും തണുത്തുവിറച്ചു. ആരും ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല.
അവരുടെ ദയനീയമായസ്ഥിതി കണ്ട് പാവങ്ങള്‍ വല്ലതും വാങ്ങിച്ചുതിന്നോട്ടെ എന്നു കരുതി സമ്പന്നനായ ഒരാള്‍ അവര്‍ക്ക് എല്ലാവര്‍ക്കുംകൂടി കുറച്ചുപണം നല്‍കി. പണം കിട്ടിയപ്പോള്‍ പേര്‍ഷ്യക്കാരന്‍ തിടുക്കത്തില്‍ പറഞ്ഞു: 'നമുക്കിതുകൊണ്ട് അംഗൂര്‍ വാങ്ങിക്കാം'.
'അതുപറ്റില്ല. നമുക്ക് ഇസം വങ്ങാം'- തുര്‍ക്കിക്കാരന്‍ ഇടപ്പെട്ടു.
'വേണ്ട. വേണ്ട. സ്റ്റഫീലിയ മതി. അതാണ് നല്ലത്'- ഗ്രീക്കുക്കാരന്‍ പറഞ്ഞു.
ഇനബ് ആണ് സ്വാദിഷ്ടം. വെറുതെ അതും ഇതും വാങ്ങി പണംകളയണ്ട'- അറബി അഭിപ്രായപ്പെട്ടു.
'അതൊന്നും പറ്റില്ല. എനിക്ക് അന്‍ഗൂര്‍ വേണം. മറ്റൊന്നും വാങ്ങേണ്ട'- പേര്‍ഷ്യക്കാരന്‍ തറപ്പിച്ച് പറഞ്ഞു.
നാലുപേരും പരസ്പരം തര്‍ക്കിച്ചുകൊണ്ടിരുന്നു. ആരും പറയുന്നത് ആര്‍ക്കും മനസിലാവുന്നുണ്ടായിരുന്നില്ല. അന്‍ഗൂര്‍, ഇസം, ഇനബ്, സ്റ്റഫീലിയ എന്നീ വാക്കുകള്‍ മാത്രം അവര്‍ക്കിടയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. തര്‍ക്കം അടിയില്‍ കലാശിച്ചു എന്നു പറയേണ്ടതില്ലല്ലോ. അവര്‍ പരസ്പരം വെല്ലുവിളിച്ചു. കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
നാലുപേരും അടികൂടിക്കൊണ്ടിരിക്കെ ബുദ്ധിമാനായ ഒരു മനുഷ്യന്‍ അവിടെയെത്തി. അദ്ദേഹം നാലുപേരെയും പിടിച്ചുമാറ്റി. അദ്ദേഹം സാവധാനത്തില്‍ അവരുടെ പ്രശ്‌നം എന്താണെന്നു തിരക്കി. ധാരാളം യാത്രകള്‍ നടത്തിയിട്ടുള്ള ഒരു ദര്‍വീശ് ആയിരുന്നു അദ്ദേഹം. പെട്ടെന്നുതന്നെ ഈ നാലുപേരും നാലു ഭാഷക്കാരാണ് എന്ന് അദ്ദേഹത്തിനു മനസിലായി. നാലുപേരോടും ദര്‍വീശ് അവരവരുടെ ഭാഷയില്‍ സംസാരിച്ചു. എല്ലാവരേയും കേട്ടപ്പോള്‍ അദ്ദേഹത്തിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല.
'പ്രശ്‌നം നമുക്ക് തീര്‍ക്കാം്'- അദ്ദേഹം പറഞ്ഞു. അവരില്‍ നിന്ന് പണംവാങ്ങി അവരെയും കൂട്ടി അദ്ദേഹം സമീപത്തുള്ള പഴക്കടയിലേക്ക് നടന്നു. ആ പണംകൊണ്ട് അദ്ദേഹം ഒരു റാത്തല്‍ മുന്തിരി വാങ്ങി അവര്‍ക്കു നല്‍കി. വളരെ സന്തോഷത്തോടെ അവരതു വാങ്ങി. ആര്‍ക്കും ഒരഭിപ്രായ വ്യത്യാസവുമുണ്ടായിരുന്നില്ല.
'നിങ്ങള്‍ നാലുപേരും മുന്തിരി വാങ്ങണം എന്നു പറഞ്ഞാണ് വഴക്കിട്ടത്. മുന്തിരിക്ക് ഒരോ ഭാഷയില്‍ ഒരോ പേരാണ് എന്ന കാര്യം നിങ്ങള്‍ ഓര്‍ത്തില്ല. ഒരു വസ്തുവിനെ പലപേരില്‍ വിളിച്ചു തല്ലുകൂടുന്നവരാണ് മനുഷ്യര്‍. സാരമില്ല'- എന്നു പറഞ്ഞ് ദര്‍വീശ് അപ്രത്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."