കേരളത്തിന് വേണ്ടത് മാനസികാരോഗ്യം
ആത്മഹത്യാ മുനമ്പിലേക്ക് നടന്നടുക്കുന്ന മലയാളികളുടെ എണ്ണം ആശങ്കപ്പെടുത്തുംവിധം കൂടുകയാണ്. സമീപകാലത്ത് ഉയര്‍ന്നുകേട്ട ചില മരണങ്ങളുടെ പിന്നാമ്പുറത്ത് അരങ്ങേറിയത് കൊലപാതകമാണോ അതോ ആത്മഹത്യ തന്നെയാണോ എന്നതു പൊലിസ് അന്വേഷണത്തിലൂടെ തെളിയിക്കപ്പെടേണ്ടതാണെങ്കിലും മലയാളിയുടെ മാറുന്ന മനസിനെക്കുറിച്ച് നാം ബോധവാന്മാരാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ആത്മാഹുതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ചില പ്രദേശങ്ങളോ ചില പ്രത്യേക ജോലികളോയൊക്കെ ചര്‍ച്ചയ്ക്ക് വിഷയീഭവിക്കുന്നത് സ്വാഭാവികമാണ്. തികച്ചും മനഃശാസ്ത്രപരമായി വിശകലനം ചെയ്യേണ്ട ആത്മഹത്യാമനോഭാവത്തില്‍ വ്യക്തിജീവിതത്തില്‍ ചെലുത്തുന്ന സംസ്‌കാരങ്ങളും സാമൂഹിക ഇടപെടലുകളും തീര്‍ച്ചയായും ചര്‍ച്ചയാകും.
കേരളം ആത്മഹത്യയുടെ ഒരു ഹബ്ബായി മാറിയിരിക്കുന്നു. 2020ല്‍ പുറത്തുവന്ന നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ആത്മഹത്യാനിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. കൊല്ലമാണ് ഇന്ത്യയിലെ ആത്മഹത്യകളുടെ തലസ്ഥാനം എന്നും കാണാതിരിക്കരുത്. സമീപകാലത്ത് പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന 'ആത്മഹത്യാ' വാര്‍ത്തയും കൊല്ലത്തു നിന്നുതന്നെയെന്നത് യാദൃച്ഛികമായിരിക്കാം. ഇന്ത്യയിലെ ആത്മഹത്യാനിരക്ക് ലക്ഷത്തില്‍ 10.2 പേര് ആയപ്പോള്‍ കൊല്ലത്തെ നിരക്ക് 41.2 ആണ്. കേരളത്തില്‍ 2018 ല്‍ 8,237 പേരാണ് ആത്മഹത്യചെയ്തത്. 2019 ല്‍ 8,556 പേര്‍ ആത്മഹത്യചെയ്തു. ആത്മഹത്യയ്ക്ക് ഏറ്റവും കൂടുതല്‍ കാരണമാകുന്നത് കുടുംബപ്രശ്‌നങ്ങളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 3,655 പേരാണ് കേരളത്തില്‍ കുടുംബപ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യ ചെയ്തത്. 974 പേര്‍ മാനസികപ്രശ്‌നങ്ങളാലും 974 മറ്റ് രോഗങ്ങള്‍ കൊണ്ടും 792 പേര്‍ മദ്യാസക്തിയാലും 259 പേര്‍ കടബാധ്യത കാരണവും 230 പേര്‍ പ്രണയനൈരാശ്യത്തിലും 81 പേര്‍ തൊഴിലില്ലായ്മ കാരണവും ആത്മഹത്യ ചെയ്തു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 8,000 പേരാണ് ആത്മഹത്യ ചെയ്യുന്നത്. 2019ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ ദിനേന 381 പേര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. ഇതില്‍ 67 ശതമാനം ആളുകളും 18-45 വയസിന് ഇടയിലുള്ളവരാണ് എന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണ്. ലോകത്തെ ആകെ ആത്മഹത്യകളില്‍ 20 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. ആത്മഹത്യാ മരണങ്ങളില്‍ 80 ശതമാനവും നടക്കുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണ്. 15 മുതല്‍ 29 വയസുവരെയുള്ള യുവാക്കളിലെ മരണകാരണങ്ങളില്‍ രണ്ടാംസ്ഥാനം ആത്മഹത്യയ്ക്കാണ്. ഇന്ത്യയില്‍ ഇത് ഒന്നാമതാണ്.
ആത്മഹത്യാശ്രമം നടത്തിയവരും ആത്മാഹുതിയെക്കുറിച്ച് ചിന്തിക്കുന്നവരും നമുക്കിടയിലുണ്ടെന്ന വസ്തുത വിസ്മരിക്കരുത്. ആത്മഹത്യയ്ക്ക് ഏറ്റവും സാധ്യതയുള്ളവര്‍, മുന്‍പ് ആത്മഹത്യാശ്രമം നടത്തിയവര്‍ തന്നെയാണ്. കൊവിഡാനന്തരം കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആത്മാഹുതിക്കാരുടെ എണ്ണം ഇനിയും കുതിച്ചുയരും എന്നും ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഓരോ ആത്മഹത്യയ്ക്കും പിന്നില്‍ ജനിതകവും മനഃശാസ്ത്രപരവും സാമൂഹികവും സാംസ്‌കാരികവുമായ അനേകം ഘടകങ്ങളുണ്ട്. ചില വിഭാഗം ആളുകളില്‍ ആത്മഹത്യാപ്രവണത കൂടുതലായി കാണുന്നു. പ്രവാസികള്‍, അഭയാര്‍ഥികള്‍, തദ്ദേശീയരിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍, തടവുപുള്ളികള്‍ മുതലായവരാണ് അത്.
ആത്മഹത്യ ചെയ്തവരില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ചികിത്സ വേണ്ടതരത്തിലുള്ള മാനസിക രോഗാവസ്ഥ ഉണ്ടായിരുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആത്മഹത്യാചിന്തകള്‍, പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന സ്വഭാവം, ഉറക്കക്കുറവ്, അതിയായ സങ്കടം, ഉത്കണ്ഠ, കാര്യങ്ങള്‍ ഒന്നും ആസ്വദിക്കാന്‍ സാധിക്കാത്ത അവസ്ഥ, കലശലായ ദേഷ്യം, കുറ്റബോധം, ഉന്മാദ- വിഷാദ രോഗം, ലഹരി ഉപയോഗം, ലൈംഗിക, ശാരീരിക പീഡനത്തിന് ഇരയാകല്‍ എന്നീ അവസ്ഥകളാണ് സാധാരണ ആത്മഹത്യയിലേക്ക് നയിക്കുന്നത്. നിരന്തരം ഗാര്‍ഹിക പീഡനങ്ങള്‍ അനുഭവിക്കുന്നവരും കുടുംബപ്രശ്‌നം അനുഭവിക്കുന്നവരും ഘട്ടംഘട്ടമായി ആത്മഹത്യാ മുനമ്പിലേക്ക് നീങ്ങുന്നു.
ഒരു ആത്മഹത്യ സംഭവിച്ചാല്‍, ദിവസങ്ങളോളം ആഘോഷിക്കുന്ന ചില മാധ്യമങ്ങള്‍ ആത്മഹത്യയ്ക്ക് വളം നല്‍കുകയാണ്. എല്ലാ പ്രശ്‌നങ്ങളില്‍ നിന്നുമുള്ള മോചനമാര്‍ഗമാണ് ആത്മഹത്യയെന്ന മട്ടിലാണ് സംഭവം അവതരിപ്പിക്കുന്നത്. ഇതു മറ്റുള്ളവര്‍ക്കും ആത്മഹത്യയ്ക്ക് പ്രേരണ നല്‍കുന്നുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളെ തരണംചെയ്യാന്‍ സമൂഹത്തെ പ്രാപ്തരാക്കുന്ന പംക്തികളും പരിപാടികളുമാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കേണ്ടത്. അതിനായി മാനസികവിദഗ്ധരുടെ സഹായം തേടണം. ജീവിതം എന്നത് അതിജീവിക്കാന്‍ അച്ചടക്കംകൊണ്ട് സാധ്യമാണ് എന്ന ബോധം വളര്‍ത്തണം.
ആത്മഹത്യാസാധ്യതയുള്ളവര്‍ പലതരത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കും. അത് മനസിലാക്കാനും തിരിച്ചറിയാനും സാധിച്ചാല്‍ ഇവരെ നമുക്ക് നേരത്തെ സഹായിക്കാന്‍ പറ്റും. ആത്മഹത്യാചിന്തകള്‍, അത് ഏതുരീതിയില്‍ പ്രകടിപ്പിച്ചാലും ഗൗരവത്തോടെ വേണം കാണാന്‍. കാരണം അങ്ങനെ ചിന്തകള്‍ പ്രകടിപ്പിക്കുന്നവരില്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ പ്രവണതയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. മാനസികാരോഗ്യവും ആത്മഹത്യയും വളരെ അടുത്തബന്ധം പുലര്‍ത്തുന്നു. ആത്മഹത്യാ നിരക്ക് നിയന്ത്രിക്കാന്‍ പര്യാപ്തമായ നടപടികളെടുക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് മാനസികാരോഗ്യവിദഗ്ധര്‍ നിലവില്‍ സംസ്ഥാനത്ത് ഇല്ല എന്നതാണ് നാം നേരിടുന്ന പ്രധാന വെല്ലുവിളി. ധാര്‍മികബോധം വളര്‍ത്തല്‍ മുഖ്യഘടകമാണ്. മതങ്ങളുടെ പരിചരണം ഒരു പരിധിവരെ ആത്മഹത്യയെ പ്രതിരോധിക്കാന്‍ സഹായിക്കും. സുഹൃദ്‌വലയം, ബന്ധുബലം മുതലായവ ആത്മഹത്യ തടയുന്നതിലെ പ്രധാനപ്പെട്ട ഘടകങ്ങള്‍ ആണ്.
പണ്ടുകാലങ്ങളില്‍ ആത്മഹത്യ മഹാപാപമായിട്ടാണ് ജനങ്ങള്‍ കണ്ടിരുന്നത്. ആരെങ്കിലും ഇതിനു മുന്നിടുമ്പോള്‍ അത് അയാളുടെ മോശം ചുവടുവയ്പായി ഗണിക്കപ്പെട്ടു. എന്നാല്‍ പിന്നീട് ഈ മനോഭാവം മാറി. സിനിമയും സീരിയലും ആത്മഹത്യയെ ലളിതവല്‍ക്കരിച്ചും മഹത്വവല്‍ക്കരിച്ചും അവതരിപ്പിച്ചത് ഇതിനു സഹായകമായി. സേഷ്യല്‍ മീഡിയകളില്‍ ആത്മഹത്യ ലൈവായി പോസ്റ്റ് ചെയ്തു ലോകത്തോട് പ്രതികാരം തീര്‍ക്കുന്ന പ്രവണതകള്‍വരെ പുതുതലമുറയില്‍ നിന്നും പ്രകടമാകുന്നു. ജീവിതത്തിന്റെ വിലയും നിലവാരവും ഉയര്‍ത്താനുള്ള പരിശീലനം ആണ് ഇത്തരക്കാര്‍ക്ക് വേണ്ടത്. തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് മുന്‍പില്‍ പ്രതികാരം തീര്‍ക്കല്‍ ജീവിതത്തില്‍ നിന്ന് ഓടിയൊളിച്ചു കൊണ്ടല്ലെന്നും ഉത്തമജീവിതം കെട്ടിപ്പടുത്ത് കൊണ്ടാണെന്നും അവരുടെ ബോധമണ്ഡലത്തില്‍ തിരിച്ചറിവുണ്ടാക്കണം. ജീവിതം നശിപ്പിക്കാന്‍ തനിക്ക് അധികാരമില്ലെന്ന ബോധം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."