മാഞ്ഞൂമ്മയെ തോല്‍പ്പിക്കാനാവില്ല മക്കളെ...
പെരിങ്ങത്തൂര്‍: വയസ് തൊണ്ണൂറു കഴിഞ്ഞു ഒളവിലം ആശാരീന്റെവിട കിഴക്കെ നെല്ലുള്ളപറമ്പത്ത് ആമിന എന്ന മാഞ്ഞൂമ്മക്ക്. വണ്ടി കേറില്ല, ആശുപത്രിയില്‍ പോകില്ല, ഇഞ്ചക്ഷനറിയില്ല.. ഇതാണ് മാഞ്ഞൂമ്മയെ വ്യത്യസ്തയാക്കുന്നത്. ഓര്‍മവച്ച കാലം മുതല്‍ ഇന്നേ വരെ മാഞ്ഞൂമ്മ എവിടെയെങ്കിലും പോകാന്‍ വാഹനത്തെ ആശ്രയിച്ചിട്ടില്ല. മാത്രമല്ല ചികിത്സക്കായി ആശുപത്രിയില്‍ പോയിട്ടുമില്ല. മയ്യഴിലും പെരിങ്ങാടിയിലും ബന്ധുവീടുകളില്‍ നിന്നു കല്ല്യാണമോ, മറ്റ് ആവശ്യങ്ങളോ പറഞ്ഞാല്‍ മാഞ്ഞൂമ്മ കാല്‍നടയായി മാത്രമേ പോവുകയുള്ളൂ. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പടുകുഴില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട മാഞ്ഞൂമ്മയ്ക്ക് മുന്നില്‍ ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ വരുന്ന രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരെ ഒരു പുഞ്ചിരി നല്‍കി തിരിച്ചയക്കും. ബാങ്ക് പാസ്ബുക്കോ, പെന്‍ഷന്‍ പണമോ ഇതുവരെ ലഭിച്ചിട്ടില്ലാത്ത മാഞ്ഞൂമ്മ ഇതുവരെ ഒരുവോട്ട് ചെയ്യാന്‍ രാഷ്ട്രീയക്കാരെ ആശ്രയിച്ചിട്ടുമില്ല. ഓപ്പണ്‍ വോട്ട് ചെയ്യാന്‍ വരുന്നവരോട് നിന്റെ വോട്ടും ഞാന്‍ ചെയ്യാമെടാ എന്നു പറഞ്ഞ് മടക്കിവിടും. ജനിച്ചപ്പോള്‍ തനിക്കിട്ട നാമം ആമിനയാണെന്നും നാട്ടുകാര്‍ വിളിക്കുന്ന സ്‌നേഹപേരാണ് മാഞ്ഞൂമ്മയെന്നും കിഴക്കെ നെല്ലുള്ള പറമ്പത്ത് പരേതനായ അബുവിന്റെ ഭാര്യ മാഞ്ഞൂമ്മ പറയുന്നു. നാട്ടുകാരുടെയും കുട്ടികളുടെയും ഇഷ്ടതോഴിയായ മാഞ്ഞൂമ്മ പഴയകാലത്തെ അഞ്ചാംക്ലാസുകാരിയാണ്.
മത, ഭൗതിക വിദ്യാഭ്യാസം കലര്‍ന്ന അധ്യാപനമായിരുന്നു അന്നുണ്ടായിരുന്നത്. ഇക്കാലത്തെ ഡിഗ്രിയാണടോ അന്നത്തെ അഞ്ചാം ക്ലാസെന്ന് മാഞ്ഞുമ്മ ചിരിച്ചുകൊണ്ടു പറയുന്നു. ഇവിടത്തെ കുട്ടികള്‍ വായിക്കുമ്പോള്‍ തെറ്റ് പറ്റാത്ത ദിവസങ്ങളില്ല. ഞാനാണ് തെറ്റ് തിരുത്താറെന്നും ഇവിടെത്തെ അധ്യാപിക അപ്പോള്‍ ഞാനാണെന്നും ആശങ്കയ്ക്കിടയില്ലാതെ മാഞ്ഞൂമ്മ വ്യക്തമാക്കി. പണ്ട് പഠിക്കാതെ വന്നാലുള്ള സ്‌കൂളിലെ ശിക്ഷ മട്ടപുറത്ത് കൈയും കെട്ടി ഇളനീരില്‍ ചക്കര നിറച്ച് ചോണനുറുമ്പിനെ കൊണ്ട് ശരീരമാസകലം കടിപ്പിക്കലാണ്. ഇന്ന് വടിയെടുത്താല്‍ അധ്യാപകര്‍ ജയിലറയാണ് കാണുന്നതെന്നും പറഞ്ഞ് ചിരിക്കുകയാണ് മാഞ്ഞൂമ്മ. താന്‍ നടന്നുപോകുന്നതു പോലെ ഇനിയുള്ള സ്ത്രീകള്‍ക്ക് കാല്‍നടയായി പോകാനാവില്ല. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ മനുഷ്യര്‍ തമ്മില്‍ കൊലപ്പെടുത്തുന്ന കാലമാണിന്നുള്ളതെന്നും മാഞ്ഞൂമ്മ വിവരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."