അമര്‍നാഥ് മേഘവിസ്‌ഫോടനത്തില്‍ മരണം 16 ആയി; കണ്ടെത്താനുള്ളത് നാല്‍പ്പതോളം പേരെ; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിനു സമീപം മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് മഴവെള്ളം കുത്തിയൊലിച്ചുണ്ടായ ദുരന്തത്തില്‍ മരണം 16 ആയി. നാല്‍പതിലേറെപ്പേരെ കാണാതായി. ഇതുവരെ 15,000ലേറെ പേരെ രക്ഷപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്ര സംസ്ഥാന ദുരന്തനിവാരണ സേനകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ ഗുഹയ്ക്ക് സമീപം കുടുങ്ങിയ തീര്‍ഥാടകരില്‍ ഭൂരിഭാഗത്തെയും അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവര്‍ത്തിക്കുന്ന പഞ്ചതര്‍ണിയിലേക്ക് മാറ്റി. പരുക്കേറ്റ 21 പേരെ വ്യോമമാര്‍ഗം ബാല്‍ത്താലിലെ ആശുപത്രിയില്‍ എത്തിച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ എഡിഎസ് ഔജ്‌ല പ്രദേശത്ത് എത്തിയിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലിസ് (ഐജിപി) കശ്മീര്‍ വിജയ് കുമാര്‍, ഡിവിഷന്‍ കമ്മീഷണര്‍ കശ്മീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. അമര്‍നാഥ് ഗുഹയ്ക്കുമുകളില്‍ നിന്നാണ് ജലപ്രവാഹമുണ്ടായതെന്ന് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് അറിയിച്ചു. ഗുഹാക്ഷേത്രത്തിന് സമീപത്തെ സാമൂഹിക അടുക്കകളും ടെന്റുകളും ഒലിച്ചുപോയി.
അപകടത്തെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."