കളിക്കാന്‍ ടാബ് നല്‍കി, സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് മഴു കൊണ്ട് വെട്ടി; ആറുവയസ്സുകാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്
കളിക്കാന്‍ ടാബ് നല്‍കി, സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് മഴു കൊണ്ട് വെട്ടി; ആറുവയസ്സുകാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്
മാവേലിക്കര: മാവേലിക്കരയില്‍ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല് വിവരങ്ങള്‍. ആസൂത്രതമായാണ് കുട്ടിയുടെ പിതാവ് കൊലനടത്തിയതെന്നാണ് പൊലിസ് പറയുന്നത്. മൂന്നുപേരെയാണ് പ്രതി ശ്രീമഹേഷ് ലക്ഷ്യം വെച്ചിരുന്നത്. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലിസ് ഉദ്യോഗസ്ഥ എന്നിവരെ കൊലപ്പെടുത്താനായിരുന്നു ശ്രീമഹേഷിന്റെ പദ്ധതി.
ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട നക്ഷത്ര. കുട്ടിക്ക് ഗെയിം കളിക്കാന്‍ ടാബ് നല്‍കി സോഫയിലിരുത്തിയ ശേഷം ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞാണ് ശ്രീമഹേഷ് കൊല നടത്തിയത്. കുട്ടി ടാബില്‍ കളിക്കുന്നതിനിടെ ഇയാള്‍ കഴുത്തിന് പുറകില്‍ വെട്ടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ സുനന്ദയെയും ഇയാള്‍ ആക്രമിച്ചു.
കൊല ചെയ്യാനായി മാവേലിക്കരയില്‍ തന്നെ മഴു പണിതെടുക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു. കൊലയ്ക്കായി ഓണ്‍ലൈന്‍ വഴിയും മഴു വാങ്ങാന്‍ പ്രതി ശ്രമം നടത്തിയിരുന്നു. പിന്നീടാണ് മൂര്‍ച്ചയേറിയ മഴു മാവേലിക്കരയില്‍ തന്നെ പണിയിപ്പിച്ചത്. വീട്ടില്‍ മരം വെട്ടുന്നതിന് വേണ്ടി മഴു ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് മഴു ഉണ്ടാക്കിച്ചത്. സംഭവസമയം ശ്രീമഹേഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലിസ് നല്‍കുന്ന വിവരം. ഇയാള്‍ മറ്റ് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കം പൊലിസ് പരിശോധിച്ചു വരികയാണ്.
വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെയാണ് പൊലിസ് ഉദ്യോഗസ്ഥയോട് പകയുണ്ടായതെന്നാണ് പൊലിസിന്റെ നിഗമനം. ഇവര്‍ പിന്മാറിയത് ശ്രീമഹേഷിന്റെ സ്വഭാവദൂഷ്യം കൊണ്ടാണെന്നും പൊലിസ് പറയുന്നു. ഇവരെ ജോലിസ്ഥലത്തടക്കം ചെന്ന് ശ്രീമഹേഷ് ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. ശ്രീമഹേഷിനെതിരെ ഇവര്‍ പരാതി നല്‍കുകയും പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ശ്രീമഹേഷ് നിരാശയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ ഇയാള്‍ കൗണ്‍സിലിംഗിന് വിധേയനായതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. എവിടെയാണ് കൗണ്‍സിലിംഗ് നേടിയത് എന്നുള്ള കാര്യങ്ങളടക്കം പൊലിസ് പരിശോധിച്ചു വരികയാണ്.
ഇതിനിടെ ഇന്നലെ മാവേലിക്കര സബ് ജയിലില്‍ വെച്ച് ശ്രീമഹേഷ് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."