സാക്ഷി
ആരാണ്
ബൽകീസ്
ബാനു?
ഗുജറാത്തിൽനിന്നും മടങ്ങുമ്പോൾ
കൊച്ചിയിൽ കച്ചവടത്തിനു പോകുന്ന
ഗുജറാത്തിയുമായി ട്രെയിനിൽവച്ച് ഞാൻ പരിചയപ്പെട്ടു.
‘താങ്കളുടെ ശുഭനാമമെന്താകുന്നു?’ അയാൾ ചോദിച്ചു.
‘രാമകൃഷ്ണൻ’ - ഞാൻ പറഞ്ഞു.
‘റാം കിശൻ! റാം കിശൻ! റാം റാം’
എന്നഭിനന്ദിച്ചുകൊണ്ട് അയാൾ
എന്നിലേക്കേറെ അടുത്തിരുന്നു.
‘താങ്കൾ മാംസഭുക്കാണോ?’ അയാൾ ചോദിച്ചു.
‘അങ്ങനെയൊന്നുമില്ല’ഞാൻ പറഞ്ഞു.
‘താങ്കളോ?’ഞാൻ ചോദിച്ചു.
‘ഞങ്ങൾ വൈഷ്ണവജനത ശുദ്ധ സസ്യഭുക്കുകളാണ് ’.
തെല്ലഭിമാനത്തോടെ അയാൾ പറഞ്ഞു.
‘നിങ്ങളിൽ ചില പുല്ലുതീനികൾ പൂർണഗർഭിണിയുടെ
വയറുകീറി കുട്ടികളെ വെളിയിലെടുത്തു തിന്നതോ?
തള്ളയെയും’ - ഞാൻ പെട്ടെന്നു ചോദിച്ചുപോയി.
ഒരു വികൃതജന്തുവായി രൂപംമാറിയ അയാൾ
കോമ്പല്ലുകൾ കാട്ടി പുരികത്തിൽ വില്ലു കുലച്ചുകൊണ്ട്
എന്റെ നേരെ മുരണ്ടു: ക്യാ?
(ക്യാ, കടമ്മനിട്ട രാമകൃഷ്ണൻ)
ആസാദി കി അമൃതോൽസവ് എന്ന പേരിൽ ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ഗുജറാത്തിലെ ഗോധ്ര സബ്ജയിലിൽനിന്ന് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പതിനൊന്ന് പ്രതികൾ പുറത്തിറങ്ങിയിരിക്കുന്നു. ഗുജറാത്ത് ഭരണകൂടം നിയമിച്ച ഒരു പ്രത്യേക കമ്മിറ്റിയാണ് അവരുടെ ശിക്ഷാകാലയളവിൽ ഇളവു ചെയ്യാൻ ശിപാർശ ചെയ്തതും അതുവഴി ഈ പതിനൊന്ന് പേരെയും പുറത്തിറക്കാൻ കാരണമായതും. ആരായിരുന്നു ഈ പതിനൊന്ന് പേർ? എന്തായിരുന്നു ഇവർ ചെയ്ത കുറ്റം? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലുണ്ട് സമകാലിക ഇന്ത്യയുടെ രാഷ്ട്രീയസാഹചര്യങ്ങൾ.
2002 മാർച്ച് മൂന്ന്. അന്ന് ഇരുപത്തിയൊന്ന് വയസു മാത്രം പ്രായമുള്ള, മൂന്നരവയസുള്ള സാലിഹ എന്ന പെൺകുട്ടിയുടെ ഉമ്മയും അഞ്ചു മാസം ഗർഭിണിയുമായ ബൽകീസ് ബാനുവിനെ കൂട്ടബലാൽസംഘം ചെയ്യുകയും അവരുടെ കുടുംബത്തിലെ ഏഴുപേരെ ക്രൂരമായി വധിക്കുകയും ചെയ്ത കേസിലെ പ്രതികളായിരുന്നു ഈ പതിനൊന്നു പേർ. ഗോധ്രയിൽ ഹിന്ദുഭക്തർ സഞ്ചരിച്ച സബർമതി എക്സ്പ്രസിനു തീപിടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദുത്വസംഘടനകൾ അഴിച്ചുവിട്ട കലാപത്തിൽനിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി പതിനഞ്ചു പേരടങ്ങുന്ന തന്റെ കുടുംബവുമായി ദാഹോദ് ജില്ലയിലെ രാധികാപൂർ എന്ന തന്റെ ഗ്രാമത്തിൽനിന്ന് ഒടിരക്ഷപ്പെട്ട് ചപ്പർവാദ് എന്ന ഗ്രാമത്തിലെത്തിയതായിരുന്നു ബൽകീസ് ബാനുവും സംഘവും. ഇവിടെവച്ച്, മുപ്പതോളം ആളുകൾ വരുന്ന സംഘം ഇവരെ വടിവാളും ആയുധങ്ങളുമായി അക്രമിക്കുകയായിരുന്നു എന്നാണ് ഈ സംഭവവുമായി ബന്ധപ്പെട്ട പൊലിസ് ചാർജ്ഷീറ്റ് പറയുന്നത്. ബൽകീസും ഉമ്മയും ആ സംഘത്തിലെ മറ്റു സ്ത്രീകളെല്ലാവരും ക്രൂരമായ ബലാൽസംഘത്തിനിരയായി. പതിനേഴു പേരടങ്ങിയ അവരുടെ സംഘത്തിൽ ബൽകീസും മറ്റൊരാളും ഒരു ചെറിയ കുട്ടിയും മാത്രമാണ് ബാക്കിയായത്. അവരിൽ ഭൂരിഭാഗം പേരെയും ആ സംഘം കൊന്നൊടുക്കി. ഈ സംഭവത്തെ പ്രശസ്ത സാമൂഹ്യപ്രവർത്തകനായ ഹർഷ് മന്ദർ വിവരിക്കുന്നത് ഇങ്ങനെയാണ്: ‘അവർ മുസ്ലിംകളാണ്, അവരെ കൊല്ലുക, വെട്ടിനുറുക്കുക എന്നുപറഞ്ഞുകൊണ്ടു വന്ന അക്രമകാരികൾ ബൽകീസിന്റെ കൈയിൽനിന്ന് അവരുടെ മൂന്നുവയസുള്ള കുട്ടിയെ എടുത്ത് നിലത്തിട്ട് അടിച്ചുകൊന്നു. ബൽകീസിന്റെ കൂടെയുണ്ടായിരുന്ന ശമീം എന്ന ബന്ധു ഒരുദിവസം മുന്നെ പ്രസവിച്ചതേയുണ്ടായിരുന്നുള്ളൂ. അവളെയും അവളുടെ പിഞ്ചുകുഞ്ഞിനെയും ആ സംഘം അവിടെ വച്ചുതന്നെ വെട്ടിക്കൊന്നു. ഗർഭിണിയാണ് താനെന്നു പറഞ്ഞ് ബൽകീസ് ആർത്തുകരഞ്ഞെങ്കിലും ആ സംഘം അവളെ നഗ്നയാക്കി കൂട്ടബലാൽസംഘം ചെയ്തു. തുടർന്ന് ബോധം നശിച്ച ബൽകീസ് മരണപ്പെട്ടു എന്ന് തെറ്റിദ്ധരിച്ചാണ് അവരവിടം വിട്ടത്.’
ഇരയുടെ പോരാട്ടം
ജീവൻ തിരിച്ചുകിട്ടിയ ബൽകീസ് നിശബ്ദയായിരുന്നില്ല. എട്ട് കൂട്ടബലാൽസംഘങ്ങളുടെയും പതിനാലു കൊലപാതകങ്ങളുടെയും ജീവിച്ചിരിക്കുന്ന ഏക സാക്ഷിയായിരുന്നു അവർ. അവളെ ആക്രമിച്ച മിക്കവരെയും അവർക്ക് നേരിട്ടറിയാമായിരുന്നു. ചെറുപ്രായം മുതൽതന്നെ അറിയാമായിരുന്ന ആളുകകളായിരുന്നു യാതൊരു ദയയുമില്ലാതെ അക്രമിച്ചതെന്ന കാര്യമാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്ന് ബൽകീസ് പറയുന്നുണ്ട്. ബോധരഹിതയായ ശേഷം പൊലിസ് സ്റ്റേഷനിലേക്കു പോയ ബൽകീസിന്റെ പരാതി എഴുതിയെടുക്കാൻ മടിച്ച ഹെഡ് കോൺസ്റ്റബിള് സോമാഭായി ഗോരി പിന്നീട് എഴുതിയെടുത്ത പരാതി തന്നെ ‘വസ്തുതകളെ വളച്ചൊടിച്ചതും കൃത്രിമത്വം നിറഞ്ഞ’തുമായിരുന്നെന്ന് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നുണ്ട്. തുടർന്ന്, ആ സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ ശരീരങ്ങളിൽ നിന്നൊന്നും യാതൊരു വിധത്തിലുള്ള തെളിവുകളും ശേഖരിക്കാതെ അവയെ തിരിച്ചറിയാൻ സാധിക്കാത്തവിധം തലയോട്ടികൾ വേർപ്പെടുത്തി കൂട്ടമായി മറവുചെയ്യുകയാണ് പൊലിസ് ചെയ്തത്. ഇങ്ങനെ ഭരണകൂടത്തിന്റെ പിന്തുണയോടെ അടിച്ചമർത്തപ്പെട്ട ഈ കേസ് മതിയായ തെളിവുകളില്ല എന്ന് പറഞ്ഞുകൊണ്ട് 2003 മാർച്ച് 25നു ജുഡിഷ്യൽ മജിസ്ട്രേറ്റ് തള്ളുകയാണു ചെയ്തത്.
എന്നാൽ, അവിടംകൊണ്ട് നിർത്താന് ബൽകീസ് തയാറായിരുന്നില്ല. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ സഹായത്തോടെ സുപ്രിംകോടതി വരെ പോയ ബൽകീസിനു മേലുള്ള ഗുജറാത്ത് ഭരണകൂടത്തിന്റെ അന്വേഷണത്തിന്റെ പേരിലുള്ള പീഡനം അവസാനിപ്പിക്കാൻ കോടതി ഇടപെടുകയുണ്ടായി. തുടർന്ന്, സി.ബി.ഐയുടെ നേതൃത്വത്തിലുള്ള സ്വതന്ത്രമായ അന്വേഷണത്തിനു കോടതി ഉത്തരവിടുകയും ചെയ്തു. ഗുജറാത്ത് ഭരണകൂടത്തിൽനിന്ന് ഈ കേസിൽ നിഷ്പക്ഷമായ ഇടപെടലുകളുണ്ടാവില്ല എന്നു പറഞ്ഞ് 2004 മെയ് 12നു സുപ്രിംകോടതിക്ക് സമർപ്പിച്ച സി.ബി.ഐ റിപ്പോർട്ട് പ്രകാരം സുപ്രിംകോടതി കേസിന്റെ വിചാരണ ഗുജറാത്തിൽനിന്ന് മഹാരാഷ്ട്രയിലേക്കു മാറ്റി. തുടർച്ചയായ ഭീഷണികൾക്കും മറ്റുമിടയിലും ആറു വർഷത്തോളം നിശ്ചയദാർഢ്യത്തോടെ പോരാടിയ ബൽകീസിന് ആശ്വാസമായിക്കൊണ്ടാണ് 2008 ജനുവരി 18നു സ്പെഷൽ കോർട്ട് വിധിവന്നത്. ജീവപര്യന്തം തടവു ലഭിച്ച ഈ പതിനൊന്ന് പേരോടൊപ്പം തെളിവു നശിപ്പിച്ചതിന്റെ പേരിൽ ഒരു പൊലിസുകാരനെയും മൂന്നു വർഷത്തേക്ക് കോടതി ശിക്ഷിച്ചു.
ഈ കാലയളവിനിടയിൽ ഇരുപതോളം തവണ ഒളിച്ചും അല്ലാതെയും താമസം മാറിയും മറ്റും തന്റെ സ്വാഭാവിക ജീവിതത്തെ ബലികൊടുത്താണ് ഈ കേസിനു വേണ്ടി ബൽകീസ് സമയം ചെലവഴിച്ചത്. ഭയമായിരുന്നു ഈ സമയത്തുടനീളം തങ്ങളുടെ ജീവിതത്തിലുണ്ടായിരുന്ന സ്ഥായിയായ ഏക കാര്യം എന്ന് ബൽകീസും ഭർത്താവ് റസൂലും പറയുന്നുണ്ട്. നേതാക്കളും ഭരണകൂട സംവിധാനവുമെല്ലാവരും തങ്ങൾക്കെതിരാണെന്ന് വ്യക്തമായിട്ടും ഇത്രയും ത്യാഗങ്ങൾ സഹിച്ച് വർഷങ്ങളോളം പോരാടിക്കൊണ്ട് ബൽകീസ് നേടിയെടുത്തതാണീ നീതി. ഇതിന് യാതൊരു വിലയും കൽപ്പിക്കാതെയാണ് ഈ പതിനൊന്നു പേരെയും ‘ജയിലിലെ നല്ലനടപ്പിന്റെയും ജന്മജാതി’യുടെ മേന്മയുടെയും പേരിൽ വെറുതെവിടാൻ ഭരണകൂടം തയാറായത്. അതും ഒരു സ്വാതന്ത്ര്യദിന വാർഷികത്തിലാണ് എന്നത് മറ്റൊരു വിരോധാഭാസം.
നല്ലനടപ്പിന്റെ രാഷ്ട്രീയം
സ്വാതന്ത്ര്യദിനത്തിന്റെയന്ന് പുറത്തിറങ്ങിയ ഈ പതിനൊന്നു പ്രതികളെയും പൂമാലയിട്ട് കൊണ്ടും മധുരം നൽകിക്കൊണ്ടുമാണ് വിശ്വഹിന്ദു പരിഷത്ത് സ്വീകരിച്ചത്. പതിനാലു വർഷക്കാലം തടവുശിക്ഷ അനുഭവിച്ചവരെ മാപ്പുൽകി വിട്ടയക്കാനുള്ള 1992ലെ ഗുജറാത്ത് ഭരണകൂടത്തിന്റെ ഒരു സർക്കുലർ ചൂണ്ടിക്കാണിച്ച് പ്രതികളിലൊരാൾ സുപ്രിംകോടതിയെ സമീപിക്കുകയും തുടർന്ന് ഈ കാര്യം പരിഗണിക്കാൻ സുപ്രിംകോടതി ഗുജറാത്ത് ഭരണകൂടത്തെ ചുമതലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഭരണകൂടം ഗോധ്ര കലക്ടർ അധ്യക്ഷനായ ഒരു കമ്മിറ്റി രൂപീകരിക്കുകയും വിഷയം പഠനവിധേയമാക്കുകയും ചെയ്തു. ബി.ജെ.പി ജനപ്രതിനിധികളായ സി.കെ റയോൾജിയും സുമൻ ചൗഹാനും ഗോധ്രയിലെ ബി.ജെ.പിയുടെ മുനിസിപ്പൽ പ്രതിനിധിയായിരുന്ന മുർളി മുൾചന്ദനിയും ബി.ജെ.പി സ്ത്രീവിഭാഗസംഘടനയുടെ ഭാഗമായ സ്നേഹബെൻ ഭാട്ടിയയുമായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ഇതിൽനിന്നുതന്നെ കമ്മിറ്റിയുടെ രാഷ്ട്രീയമായ ‘നിഷ്പക്ഷത’ വളരെ വ്യക്തമാകുന്നുണ്ട്. കമ്മിറ്റിയുടെ ഏകപക്ഷീയമായ നിർദേശത്തോടെയാണ് പ്രതികളെ വെറുതെവിടാൻ ഗുജറാത്ത് ഭരണകൂടം തീരുമാനിച്ചത്!
മരവിച്ച നീതിയും മരിക്കാത്ത ഓർമകളും
‘20 വർഷങ്ങളുടെ എന്റെ മാനസികാഘാതം മുഴുവൻ വീണ്ടും ഈ ഓഗസ്റ്റ് പതിനഞ്ചിന് എന്നെ തേടിവന്നു. എന്റെ കുടുംബത്തെയും ജീവിതത്തെയും തകർത്തുകളഞ്ഞ പ്രതികളെ വെറുതെവിടാൻ തീരുമാനിച്ചുവെന്ന് കേട്ടപ്പോൾ ഞാനാകെ തകർന്നുപോയി. എനിക്കൊന്നും പറയാൻ സാധിക്കുന്നില്ല. അതിന്റെ മരവിപ്പിലാണ് ഞാൻ’ എന്നാണ് പ്രതികളെ വെറുതെവിട്ട ഭരണകൂട തീരുമാനത്തോട് ബൽകീസ് ബാനു പ്രതികരിച്ചത്. ‘എങ്ങനെയാണ് ഒരു സ്ത്രീക്കുള്ള നീതി ഇങ്ങനെ അവസാനിക്കുന്നത്. ഈ നാട്ടിലെ ഉന്നത നീതിന്യായവ്യവസ്ഥയിൽ ഞാൻ വിശ്വാസമർപ്പിച്ചിരുന്നു. ഈ സംവിധാനത്തെ ഞാൻ വിശ്വസിച്ചിരുന്നു. ആ വിശ്വാസത്തെയും എന്റെ സമാധാനത്തെയുമാണ് ഈ വിധി മായ്ച്ചുകളഞ്ഞത്. നിർഭയമായി സമാധനത്തോടെ ജീവിക്കാനുള്ള എന്റെ അവകാശത്തെ തിരിച്ചുതരിക’ - അവർ പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ തുടരുന്നു.
ഒരു വർഗീയ കൂട്ടക്കൊലക്കിടയിൽ നടന്ന ലൈംഗികാതിക്രമം ശിക്ഷിക്കപ്പെടുക എന്ന അത്യന്തം അപൂർവമായ ഒരു സംഭവമായിരുന്നു ഈ കേസെന്ന് ഹർഷ് മന്ദർ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഇതു കേവലം നീതിന്യായ വ്യവസ്ഥയുടെ ഊർജസ്വലത കൊണ്ട് സംഭവിച്ച ആകസ്മികതയായിരുന്നില്ല. മറിച്ച്, ഭരണകൂടവും വ്യവസ്ഥയും സംവിധാനവുമെല്ലാം തനിക്കെതിരായിട്ടും നിശബ്ദയാകാതെ ഉറച്ച നിശ്ചയദാർഢ്യത്തോടെ പോരാടിയ ബൽകീസ് ബാനുവിന്റെയും അവരുടെ കൂടെനിന്ന മതേതര വിശ്വാസികളുടെയും ആക്ടിവിസ്റ്റുകളുടെയും ശക്തമായ പോരാട്ടമായിരുന്നു ഈ അപൂർവ വിധിക്കു കാരണമായി വർത്തിച്ചത്. ശക്തമായ, അധികാരമുള്ള സംവിധാനത്തിനെതിരേയുള്ള യാതൊരു വിധ സ്വാധീനവുമില്ലാത്ത, ദുർബലയായ യുവതിയുടെ പോരാട്ടത്തിലൂടെയും ഈ സംവിധാനത്തിൽനിന്നും നീതി കരസ്ഥമാക്കാൻ സാധിക്കുമെന്നതിന്റെ അപൂർവ സന്ദർഭം കൂടെയായിരുന്നു ഇത്. ഈ വിശ്വാസമാണ് പുതിയ വിധിയിലൂടെ അനാഥമാക്കപ്പെട്ടത്.
സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ദിനംതോറും അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ദലിത് സമുദായങ്ങൾക്ക് അവസാന ആശ്രയമാകുന്നതിൽ നീതിന്യായ വ്യവസ്ഥയും നിരന്തരം പരാജയപ്പെടുന്നതോടെ യഥാർഥത്തിൽ അരക്ഷിതമാകുന്നത് ഇന്ത്യയുടെ ജനാധിപത്യഭാവി തന്നെയാണ്. സംവിധാനങ്ങൾ നമ്മെ മറക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന അനീതിയുടെയും അക്രമത്തിമന്റെയും പല ചരിത്രങ്ങളും കൂട്ടത്തോടെ ഓർത്തുകൊണ്ടിരിക്കുക, വീണ്ടും ഓർക്കുക എന്നതാണ് ഇതിന് തീർക്കാൻ പറ്റുന്ന ജനകീയപ്രതിരോധം. മറവിക്കെതിരേയുള്ള കൂട്ടായ ഓർമകളുടെ പ്രതിരോധത്തിനുള്ള ഇന്ധനമാണ് ബൽകീസ് ബാനുവും അവരുടെ പോരാട്ടവും.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."