എടപ്പാള്‍ മേല്‍പ്പാലം, തവനൂര്‍-തിരുന്നാവായ പാലം; ഉന്നതതല യോഗം ചേര്‍ന്നു
എടപ്പാള്‍: കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയ തവനൂര്‍ നിയോജക മണ്ഡലത്തിലെ എടപ്പാള്‍ മേല്‍പാലം, തവനൂര്‍ തിരുനാവായ പാലം എന്നിവയുടെ നിര്‍മാണവുമായിബന്ധപ്പെട്ട് എം.എല്‍.എ കൂടിയായ മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു.
നിര്‍മാണം ആരംഭിക്കുന്നതിനു മുന്നോടിയായി ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഭരണാനുമതി നേടിയെടുക്കാന്‍ തീരുമാനമായി. ഗതാഗതക്കുരുക്ക് രൂക്ഷമായ എടപ്പാളില്‍ ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് മേല്‍പാലമെന്ന പദ്ധതിക്ക് ധാരണയായത്. 20 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ നീക്കിവച്ചത്. സംസ്ഥാനപാതയിലെ കുറ്റിപ്പുറം റോഡില്‍ ആരംഭിച്ച് തൃശൂര്‍ റോഡില്‍ അവസാനിക്കുന്ന രീതിയിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കു രൂപം നല്‍കിയെങ്കിലും സാങ്കേതിക തടസങ്ങളെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ബജറ്റില്‍ തുക വകയിരുത്തിയത്. സാങ്കേതിക തടസ്സങ്ങള്‍ നീങ്ങുന്നതോടെ നിര്‍മാണം ആരംഭിക്കുമെന്നാണു സൂചന. തവനൂരിനെയും തിരുനാവായയെയും ബന്ധിപ്പിക്കുന്ന പാലത്തിന് 50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ബജറ്റില്‍ തുക വകയിരുത്തിയ മറ്റു പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."