ആരോഗ്യ രംഗത്ത് മരുന്നിനുപോലുമില്ല പരിശോധന
തിരുവനന്തപുരം• കേരളത്തില്‍ മരുന്നു പരിശോധന കാര്യക്ഷമമല്ലാത്തത് ആരോഗ്യ രംഗത്ത് ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നു. സംസ്ഥാനത്ത് വിറ്റഴിക്കുന്ന 65,000 ല്‍ അധികം ബ്രാന്‍ഡുകളിലെ മൂന്ന് ലക്ഷത്തിലധികം ബാച്ച് മരുന്നുകളില്‍ ആകെ പരിശോധിക്കുന്നത് പതിനായിരത്തിനു താഴെ സാംപിളുകള്‍ മാത്രം. മരുന്നുകളുടെ സാംപിളെടുത്ത് ലാബിലയച്ച് പരിശോധന കഴിഞ്ഞു വരുമ്പോള്‍ മൂന്നു മാസത്തിലധികമെടുക്കും. പിന്നീട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ വകുപ്പില്‍നിന്ന് ഗുണനിലവാരമില്ലെന്ന അറിയിപ്പ് ആരോഗ്യവകുപ്പിലെത്തി തുടര്‍ന്ന് മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷനിലേക്കും ആശുപത്രികളിലേക്കും മരുന്ന് കമ്പനികളിലേക്കും എത്താന്‍ വീണ്ടും ആഴ്ചകളെടുക്കും. ഇതിനിടയില്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കഴിക്കാനാണ് സംസ്ഥാനത്തെ രോഗികളുടെ വിധി.
കഴിഞ്ഞ ദിവസം കുട്ടികളുടെതുള്‍പ്പെടെ ഒന്‍പതു മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ നിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളാണ് നിരോധിച്ചത്. ഓഗസ്റ്റില്‍ നടത്തിയ പരിശോധനയുടെ ഉത്തരവിറക്കിയത് സെപ്റ്റംബര്‍ ആറിന്. നിരോധിച്ച മരുന്നുകള്‍ ഏതെന്ന് എല്ലായിടത്തും അറിയിച്ചുവന്നപ്പോഴേക്കും തിരിച്ചെടുക്കാന്‍ ഒരു ഗുളിക പോലും ശേഷിച്ചില്ലെന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
മരുന്ന് നിര്‍മാണ കമ്പനികളുടെ ഗുണനിലവാര പരിശോധനയില്‍ വിശ്വാസം ഉറപ്പിച്ചാണ് ആരോഗ്യ വകുപ്പ് മുന്നോട്ടു പോകുന്നത്. വാക്‌സിന്റേയും ഇന്‍സുലിന്റേയും പരിശോധനയ്ക്ക് കേരളത്തില്‍ സംവിധാനമില്ലാത്തതിനാല്‍ പരാതി ഉയരുമ്പോള്‍ പേരിനു സാംപിളെടുത്ത് കേന്ദ്ര ലാബിലേക്ക് അയച്ച് കൈയൊഴിയുകയാണ് ആരോഗ്യവകുപ്പ് ചെയ്യുന്നത്.
സംസ്ഥാനത്തേക്ക് വ്യാപകമായി വ്യാജ മരുന്നുകളെത്തുന്നുണ്ടെന്ന് ഡ്രഗസ് കണ്‍ട്രോളര്‍ വകുപ്പ് സമ്മതിക്കുന്നു.
പ്രമുഖ കമ്പനികളുടെ അതേ ബ്രാന്‍ഡില്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധമാണ് ഇവ എത്തുന്നത്. നാഗര്‍കോവില്‍, മധുര, കോയമ്പത്തൂര്‍, ഡല്‍ഹി ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ചില സബ് സ്റ്റോക്കിസ്റ്റുകള്‍ വഴിയാണ് വ്യാജന്‍ കേരളത്തിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."