തൊഴില്‍ നിഷേധം തെറ്റ്; ശ്രീനാഥ് ഭാസിയുടെ വിലക്കിനെതിരെ മമ്മൂട്ടി
നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തെ വിമര്‍ശിച്ച് നടന്‍ മമ്മൂട്ടി. നടനെ വിലക്കാന്‍ പാടില്ലെന്നും തൊഴില്‍ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു. വിലക്ക് പിന്‍വലിച്ചു എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. റോഷാക്ക് സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലായിരുന്നു നടന്റെ പ്രതികരണം.
ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിന് പിന്നാലെയാണ് നിര്‍മ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. നടന്റെയും അവതാരകയുടെയും വിശദീകരണം കേട്ടശേഷമാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നടപടി. മാറ്റിനിര്‍ത്തല്‍ തെറ്റ് തിരുത്താനുള്ള അവസരമാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.
ഇതിനിടെ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നല്‍കിയ ഹര്‍ജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചിരുന്നു.
ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് അവതാരകയോട് ശ്രീനാഥ് ഭാസി മോശമായി പെരുമാറിയത്. അഭിമുഖത്തിനിടെ പരസ്യമായി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, പരസ്യമായി അസഭ്യം പറയല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു മരട് പൊലിസ് കേസ് എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."